യു.പി.എസ്.സി 2023 ആഗസ്റ്റ് ആറിന് ദേശീയതലത്തിൽ നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്) പരീക്ഷക്ക് മേയ് 16 വൈകീട്ട് ആറു മണിവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് 200 രൂപ. പട്ടികജാതി-വർഗക്കാർക്കും വനിതകൾക്കും ഫീസില്ല.
പരീക്ഷ വിജ്ഞാപനവും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും www.upsc.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. www.upsc.online.nic.inൽ അപേക്ഷ സമർപ്പണത്തിനുള്ള സൗകര്യം ലഭ്യമാണ്.
ബിരുദധാരികളായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 20-25. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. എൻ.സി.സി-ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം.
രണ്ടു പേപ്പറുകളുള്ള തിരഞ്ഞെടുപ്പിനായുള്ള പരീക്ഷയിൽ ഒന്നാമത്തെ പേപ്പർ ആഗസ്റ്റ് ആറിന് രാവിലെ 10-12 മണിവരെയും രണ്ടാമത്തെ പേപ്പർ ഉച്ചക്കുശേഷം 2-5 മണിവരെയാണ്. ഒന്നാമത്തെ പേപ്പറിൽ ജനറൽ എബിലിറ്റി, ഇന്റലിജൻസ് എന്നിവയിൽ പ്രാവീണ്യമളക്കുന്ന 250 മാർക്കിന്റെ ഒബ്ജക്ടീവ് ചോദ്യങ്ങളും രണ്ടാമത്തെ പേപ്പറിൽ ജനറൽ സ്റ്റഡീസ്, ഉപന്യാസം, കോമ്പ്രിഹെൻഷൻ എന്നിവയിൽ 200 മാർക്കിന്റെ ചോദ്യങ്ങളുമുണ്ടാവും.
കായികക്ഷമത പരീക്ഷ, പേഴ്സനാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെുപ്പിനായുള്ള മെറിറ്റ് ലിസ്റ്റ് തയാറാക്കുക.
വിവിധ ഫോഴ്സുകളിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ ലഭ്യമായ ഒഴിവുകൾ- ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) 86, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) 55, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) 91, ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) 60, സശാസ്ത്ര സീമാബൽ (എസ്.എസ്.ബി) 30. ആകെ 322 പേർക്കാണ് നിയമനം. പരീക്ഷ ഘടടന, സിലബസ് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.