ഡൽഹി പൊലീസിൽ 857 ഹെഡ് കോൺസ്റ്റബിൾ

ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപറേറ്റർ/ടെലിപ്രിന്റർ ഓപറേറ്റർ) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ ദേശീയതലത്തിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.nic.inൽ. അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ജൂലൈ 29 വരെ അപേക്ഷ സ്വീകരിക്കും. ആകെ 857 ഒഴിവുകളുണ്ട്. ശമ്പളനിരക്ക് 25,500-81,100 രൂപ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക് 573 ഒഴിവുകളിലേക്കാണ് നിയമനം (ഓപൺ 459, വിമുക്തഭടന്മാർ 57, ഡിപാർട്ട്മെന്റൽ 57), വനിതകൾക്ക് 284 ഒഴിവുകൾ (ഓപൺ 256, ഡിപാർട്ട്മെന്റൽ 28).

യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ മെക്കാനിക്-കം-ഓപറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റത്തിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുണ്ടായിരിക്കണം. കമ്പ്യൂട്ടർ ഓപറേഷനിൽ പ്രാവീണ്യമുണ്ടായിരിക്കണം (ഇംഗ്ലീഷ് വേഡ് പ്രോസസിങ് സ്പീഡ്-1000 കീ ഡിപ്രഷൻസ്-15 മിനിട്ട് ടെസ്റ്റ് ഉണ്ടാവും). മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

പ്രായപരിധി 1.7.2022ൽ 18-27. 1995 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. എൻ.സി.സി, ഡിഗ്രി, പി.ജി സർട്ടിഫിക്കറ്റുള്ളവർക്ക് തിരഞ്ഞെടുപ്പിൽ വെയിറ്റേജ്/ബോണസ് മാർക്ക് ലഭിക്കും.

അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം.

സെലക്ഷൻ: 100 മാർക്കിന്റെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ്, കായികക്ഷമതപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. 

Tags:    
News Summary - 857 Head Constable vacancies in Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.