ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്രീകൃത വിജ്ഞാപനം (നമ്പർ 02/2024) പ്രസിദ്ധപ്പെടുത്തി. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി ആകെ 9144 ഒഴിവുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ തിരുവനന്തപുരം ആർ.ആർ.ബിയുടെ കീഴിൽ 278 ഒഴിവുകളാണുള്ളത്. (ജനറൽ 103, എസ്.സി 56, എസ്.ടി 53, ഒ.ബി.സി 36, ഇ.ഡബ്ല്യു.എസ് 30). ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിൽ 30 ഒഴിവുകളും ടെക്നീഷ്യൻ ഗ്രേഡ് 3 വിവിധ ട്രേഡുകളിലായി 248 ഒഴിവുകളും ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം www.rrbthiruvananthapuram.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികക്ക് ബി.എസ് സി (ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇൻസ്ട്രുമെന്റേഷൻ) അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് സ്ട്രീമിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ/ബി.ടെക് ബിരുദം.
ടെക്നീഷ്യൻ ഗ്രേഡ് 3 തസ്തികക്ക് എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട/അനുബന്ധ ട്രേഡിൽ ഐ.ടി.ഐ (എൻ.സി.വി.ടി/എസ്.സി.വി.ടി) സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ ആക്ട് അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും. പ്രായപരിധി 1.7.2024 മുതൽ ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നലിന് 18-36 വയസ്സ്. ടെക്നീഷ്യൻ ഗ്രേഡ് 3ക്ക് 18-33 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
പരീക്ഷഫീസ് 500 രൂപ. വനിതകൾ/ട്രാൻസ്ജൻഡർ/ന്യൂനപക്ഷങ്ങൾ/ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ബാങ്ക്ചാർജ് ഒഴികെ തുക തിരികെ ലഭിക്കും. ഓൺലൈനായി ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ തസ്തികയിൽ 29,200 രൂപയും ടെക്നീഷ്യൻ ഗ്രേഡ് 3 തസ്തികയിൽ 19,900 രൂപയും ശമ്പളം ലഭിക്കും. സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.