ന്യൂഡൽഹി: സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതിയിൽ മാറ്റം വരുത്തി കരസേന. റിക്രൂട്ട്മെന്‍റിന്‍റെ ഭാഗമായി ഉദ്യോഗാർഥികളുടെ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്താനാണ് പുതിയ തീരുമാനം. തുടർ ഘട്ടങ്ങളിലാണ് ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തുക. പുതിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിജ്ഞാപനം വെള്ളിയാഴ്ച കരസേന പുറപ്പെടുവിച്ചു. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്കാണ് പുതിയ റിക്രൂട്ട്മെന്‍റ് രീതി ബാധകമാവുക.
റിക്രൂട്ട്മെന്‍റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറക്കുന്നതിന്‍റെ ഭാഗമായാണ് കരസേനയുടെ നടപടി. നിലവിലെ രീതി പ്രകാരം ആദ്യം ഉദ്യോഗാർഥികളുടെ ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയുമായിരുന്നു നടത്തിയിരുന്നത്. അവസാനമാണ് പൊതു പ്രവേശന പരീക്ഷ നടന്നിരുന്നത്. ഇതിലാണ് കരസേനാ മാറ്റം വരുത്തിയിട്ടുള്ളത്.
ആദ്യ ബാച്ച് അഗ്നിവീറുകളുടെ പരിശീലനം 2022 ഡിസംബറിൽ തുടങ്ങുമെന്നും സേവനം 2023 പകുതിയോടെ ആരംഭിക്കാൻ സാധിക്കുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ കഴിഞ്ഞ ജൂണിൽ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയാണ് അഗ്നിപഥ്. വാർഷിക പ്രതിരോധ ബജറ്റിൽ വർധിച്ചു വരുന്ന പെൻഷൻ ചെലവ് കുറച്ച്, ദീർഘകാലമായി മാറ്റിവെച്ച സൈനിക നവീകരണത്തിന് പണം വകയിരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സേനയുടെ ധാർമികതയെയും ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കുന്നതാണ് അഗ്നിപഥ് എന്ന ആക്ഷേപം ആദ്യം തന്നെ ഉയർന്നിരുന്നു. കൂടാതെ, അഗ്നിപഥ് പ്രായപരിധി വിഷയത്തിൽ തെലങ്കാന, ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ ഉദ്യോഗാർഥികളുടെ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.