നാഷനൽ തെർമൽപവർ കോർപറേഷൻ (എൻ.ടി.പി.സി) ലിമിറ്റഡ് അക്കാദമിക് മികവുള്ള ഊർജ്ജസ്വലരായ യുവ ഗ്രാജ്വേറ്റ് എൻജിനീയർമാരെ എക്സിക്യൂട്ടിവ് ട്രെയിനികളായി തിരഞ്ഞെടുക്കുന്നു. ഇലക്ട്രിക്കൽ (ഒഴിവുകൾ 120, മെക്കാനിക്കൽ 200, ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ 80, സിവിൽ 30 മൈനിങ് 65) ബ്രാഞ്ചുകാർക്കാണ് അവസരം. ‘ഗേറ്റ്-2023’ സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും (PWBD) യോഗ്യതാപരീക്ഷക്ക് 55 ശതമാനം മാർക്ക് മതി. പ്രായപരിധി 27. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യൂ.ബി.ഡി/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ‘ഗേറ്റ്-2023’ പരീക്ഷ അഭിമുഖീകരിച്ചിട്ടുള്ളവരാകണം.
വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://careers.ntpc.co.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖാന്തരം ഫീസ് അടക്കാം. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 20വരെ അപേക്ഷ സമർപ്പിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർ അഞ്ചു ലക്ഷം രൂപയുടെ (എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാർ രണ്ടരലക്ഷം രൂപയുടെ മതി) സർവിസ് എഗ്രിമെന്റ് ബോണ്ട് സഹിതം പരിശീലനത്തിനുശേഷം മൂന്നു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് സമ്മതപത്രം നൽകണം. ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ എൻജിനീയർമാരായി നിയമിക്കും. ക്ഷാമബത്ത ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.