ബംഗളൂരു: എം.ബി.ബി.എസ് മാനേജ്മെന്റ്, എൻ.ആർ.ഐ ഫീസുകൾ കുറച്ച് കർണാടകയിലെ മെഡിക്കൽ കോളജുകൾ. അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം വരെയാണ് ചില കോളജുകൾ ഫീസിൽ കുറവ് വരുത്തിയത്. നേരിട്ടല്ല, ഓൺലൈൻ കൗൺസിലിങ്ങിലൂടെ മാത്രമേ എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം അനുവദിക്കാവൂ എന്ന നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) വിജ്ഞാപനമാണ് ഫീസ് കുറക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
ഇതുവരെ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ) എം.ബി.ബി.എസ് എൻ.ആർ.ഐ, മാനേജ്മെന്റ് സീറ്റുകളിലേക്കടക്കം നേരിട്ട് കൗൺസലിങ് നടത്തുകയാണ് ചെയ്തിരുന്നത്. കൗൺസലിങ്ങിന് ശേഷം ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടന്നാൽ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അവരുടെ റാങ്കോ മറ്റോ പരിഗണിക്കാതെ കോളജുകൾക്ക് ഇഷ്ടപ്രകാരം അഡ്മിഷൻ നൽകാൻ അനുമതിയുണ്ടായിരുന്നു.
പുതിയ എൻ.എം.സി വിജ്ഞാപനത്തോടെ, എല്ലാ എം.ബി.ബി.എസ് സീറ്റുകളിലേക്കും പ്രവേശനം നൽകാനുള്ള അധികാരം കെ.ഇ.എക്കാണ്. ഉയർന്ന ഫീസ് നിലയിൽ തുടർന്നാൽ ഗണ്യമായ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ സാധ്യതയുണ്ടെന്ന് പല കോളജുകളും തിരിച്ചറിഞ്ഞതോടെയാണ് ഫീസ് കുറച്ചതെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു.
കഴിഞ്ഞ വർഷം എൻ.ആർ.ഐ, മാനേജ്മെന്റ് സീറ്റുകളിൽ 40 ലക്ഷം രൂപ വാങ്ങിയിരുന്ന ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ ഇപ്പോൾ 32 ലക്ഷമാണ് വാങ്ങുന്നത്. ഓക്സ്ഫഡ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ മുന്ന് മുതൽ അഞ്ച് വരെ ലക്ഷം കുറച്ചിട്ടുണ്ട്. എം.വി.ജെ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഹോസ്പിറ്റൽ 45 ലക്ഷത്തിൽനിന്ന് 36 ലക്ഷമായാണ് കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.