മെഡിക്കല്‍ കോളജ്: പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത് നിർമിച്ച് 15 ഓളം ഉദ്യോഗാർഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന. വിജിലന്‍സ്, ജി.എസ്.ടി, ഇന്‍കംടാക്സ് തുടങ്ങിയ വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് 1.5 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടത്തി. തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണികളായ അടൂര്‍ സ്വദേശി രാജലക്ഷ്മി, തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മി എന്നിവരെ കണ്ടെത്തുന്നതിന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
15 പേര് മാത്രമാണ് പണം നഷ്ടപ്പെട്ടതായി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കൂടുതൽ പേര് തട്ടിപ്പിനിരയായിട്ടുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 60 ലക്ഷത്തിലധികം രൂപ സംഘം തട്ടിയെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് സൂചന. തട്ടിപ്പുസംഘമൊരുക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ 84 പേരെ ചേര്‍ത്തിരുന്നു.
ചാറ്റിലൂടെ ഉദ്യോഗാർഥികളുടെ വിശ്വാസം നേടി ഓണ്‍ലൈന്‍ ഇടപാടിലൂടെയാണ് പണം നേടിയത്. തട്ടിപ്പു സംഘത്തിലെ ചിലര്‍ ഉദ്യോഗാർഥികള്‍ എന്ന വ്യാജേന വാട്സ് ആപ് ഗ്രൂപ്പില്‍ തങ്ങള്‍ക്ക് ജോലി ലഭിച്ചതായി പോസ്റ്റിട്ടതോടെയാണ് ഏറെപ്പേരും തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീണത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പി.എസ്.സിയുടെ പേരില്‍ നിർമിച്ച വ്യാജ കത്ത് ഉദ്യാഗാർഥികള്‍ക്ക് അയച്ചത്. തുടര്‍ന്ന് കഴിഞ്ഞ 11ന് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കുള്ള കത്തുമായി രണ്ടുപേര്‍ പട്ടത്തുള്ള പി.എസ്.സി ഓഫിസിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ നാഗരാജുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.