സർക്കാർ നഴ്സിങ് സ്കൂളുകളിൽ ജി.എൻ.എം പ്രവേശനം

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള 15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന മൂന്നുവർഷത്തെ റഗുലർ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ​ഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസും https://dhs.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ആകെ 485 സീറ്റ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നേടാം.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഒപ്ഷനൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ 40 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 35 ശതമാനം മതി. എസ്.സി/എസ്.ടികാർക്ക് മിനിമം പാസ് മതി. പ്ലസ്ടു യോഗ്യതക്കുശേഷം എ.എൻ.എം കോഴ്സ് വിജയിച്ച രജിസ്ട്രേഡ് എ.എൻ.എം നഴ്സുമാരെയും പ്ലസ്ടു സയൻസ് പഠിച്ചവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പ്ലസ്ടു പാസായവരെയും പരിഗണിക്കും. 2024 ഡിസംബർ 31ന് 17 വയസ്സ് തികയണം. 35 വയസ്സ് കവിയാനും പാടില്ല. പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ചു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാഫീസ്: 250 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 75 രൂപ മതി. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ അസ്സൽ ചെലാൻ എന്നിവ സഹിതം ജൂലൈ ആറിന് അഞ്ചുമണിക്കകം ബന്ധപ്പെട്ട നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ്. കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന പട്ടികജാതി/വർഗക്കാർക്കുള്ള നഴ്സിങ് സ്കൂളിലും അപേക്ഷിക്കാം.

യോഗ്യതാ പരീക്ഷക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ജില്ലതലത്തിലാണ് പ്രവേശന നടപടികൾ സ്വീകരിക്കുക.

സംവരണം ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ പ്രോസ്​പെക്ടസിലുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനകാലയളവിൽ പ്രതിമാസം 700 രൂപ വീതവും ആറുമാസത്തെ ഇന്റേൺഷിപ് കാലയളവിൽ 2000 രൂപ വീതവും സ്റ്റൈപ്പന്റ് ലഭിക്കും. പെൺകുട്ടികൾക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യമുള്ളത്.

ഓക്സിലറി നഴ്സിങ് ആൻഡ് മിഡ് വൈഫറി

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള തലയോലപ്പറമ്പ് (കോട്ടയം) പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്), കാസർകോട് എന്നിവിടങ്ങളിലെ സർക്കാർ ജെ.പി.എച്ച്.എൻ ​ട്രെയിനിങ് സെന്ററുകളിലും തിരുവനന്തപുരം തൈക്കാട് പട്ടികജാതി/വർഗക്കാർക്ക് മാത്രമായുള്ള ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററിലും ആഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടുവർഷത്തെ ഓക്സിലറി നഴ്സിങ് ആൻഡ് മിഡ് വൈഫറി (എ.എൻ.എം) കോഴ്സ് പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാം. ആകെ 120 സീറ്റ്. പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായ പെൺകുട്ടികൾക്കാണ് അവസരം. 17 വയസ്സിൽ കുറയാനോ 35 വയസ്സിൽ കൂടാനോ പാടില്ല. പിന്നാക്കക്കാർക്ക് മൂന്നു വർഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാഫോറവും പ്രോസ്​പെക്ടസും https://dhs.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 200 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 75 രൂപ മതി. 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ചെലാൻ വഴി ഫീസടക്കാം. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട ​രേഖകൾ സഹിതം ജൂലൈ ആറിന് വൈകീട്ട് അഞ്ചുമണിക്കകം ബന്ധപ്പെട്ട ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ്. പ്ലസ്ടു/തത്തുല്യ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ജില്ലതലത്തിൽ റാങ്ക്‍ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകും. ഹോസ്റ്റൽ സൗകര്യം ലഭിക്കും. പഠനകാലയളവിൽ പ്രതിമാസം 500 രൂപ സ്റ്റൈപ്പന്റുണ്ട്. കൂടുതൽ വിവരങ്ങൾ പ്രോസ്​പെക്ടസിൽ.

സർക്കാർ നഴ്സിങ് സ്കൂളുകളും സീറ്റുകളും: തിരുവനന്തപുരം 33, കൊല്ലം 30, ഇലന്തൂർ (പത്തനംതിട്ട) 27, ആലപ്പുഴ 30, മുട്ടം (ഇടുക്കി) 25, കോട്ടയം 26, എറണാകുളം 38, തൃശൂർ 37, പാലക്കാട് 30, മഞ്ചേരി (മലപ്പുറം) 30, കോഴിക്കോട് 73, പനമരം (വയനാട്) 25, കണ്ണൂർ 36, കാഞ്ഞങ്ങാട് (കാസർകോട്) 25, ആശ്രാമം (കൊല്ലം) 20. 

Tags:    
News Summary - GNM Admission in Government Nursing Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.