ബിരുദ പഠനത്തിനു ശേഷം എന്ത് എന്നതിനെക്കുറിച്ച് ഭൂരിഭാഗം വിദ്യാർഥികൾക്കും ധാരണയില്ല
പ്ലസ് ടുവിന് 98 ശതമാനം മാര്‍ക്ക് വാങ്ങി കേരളത്തിലെ പ്രമുഖ കോളജില്‍ പ്രവേശനം നേടിയ അവസാന വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥി പറഞ്ഞതാണ്. എൻജിനീയറിങ്, മെഡിസിന്‍, പാരാമെഡിക്കല്‍ കോഴ്സുകളോട് പ്രത്യേക മമത ഇല്ലാത്തതിനാലും പ്രവേശന പരീക്ഷ എഴുതാൻ താൽപര്യം തോന്നാത്തതിനാലുമാണ് മാര്‍ക്ക് കൂടുതലുള്ള കെമിസ്ട്രി പഠിക്കാന്‍ തീരുമാനിച്ചത്. ഡിഗ്രി പഠനം പാതിവഴിയില്‍ എത്തിയപ്പോഴാണ് അധ്യാപനവും ഗവേഷണപഠനവും തന്‍റെ മേഖലയല്ല ആ കുട്ടി തിരിച്ചറിഞ്ഞതത്രെ. കേട്ടപ്പോൾ ഒട്ടും അദ്ഭുതം തോന്നിയില്ല. ബിരുദ പഠനത്തിനു ശേഷം എന്ത് എന്നതിനെക്കുറിച്ച് ഭൂരിഭാഗം വിദ്യാർഥികൾക്കും ഒരു ധാരണയും ഇല്ല എന്ന് മാത്രമല്ല, ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കയുമാണ്. വളരെ കുറച്ചുപേർക്ക് മാത്രമേ ബിരുദാനന്തര തലത്തിലെ ഉപരിപഠനത്തെക്കുറിച്ച് കൃത്യമായ ദിശാബോധമുള്ളൂ എന്നതാണ് വസ്തുത. പ്ലസ് ടുവിന് മികവു പുലര്‍ത്തിയ വലിയൊരു ശതമാനം വിദ്യാര്‍ഥികളും ബിരുദം പൂര്‍ത്തിയാകുമ്പോള്‍ ഒന്നുമല്ലാതായി മാറുന്ന ദുരവസ്ഥയുണ്ട്.
ഈ പ്രശ്നത്തെ രണ്ട് തലത്തിലാണ് സമീപിക്കേണ്ടത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാരണം കണ്ടെത്തി അത് ഇല്ലാതാക്കുക. ഇങ്ങനെ സംഭവിക്കുന്നത് ഇല്ലാതാക്കാനുള്ള പരിഹാരക്രിയകളാണ് രണ്ടാമത്തെ തലം. നാലു വര്‍ഷ ഘടനയിലേക്കും അനുബന്ധ മാറ്റങ്ങളിലേക്കും നമ്മുടെ ബിരുദപഠനം മാറുന്ന സാഹചര്യത്തില്‍ ഈ ചര്‍ച്ചക്ക് സവിശേഷ പ്രാധാന്യമുണ്ട്.
ശുദ്ധ ശാസ്ത്ര ബിരുദ പഠനങ്ങള്‍ അധികവും അധ്യാപനം അല്ലെങ്കില്‍ ഗവേഷണ പഠനം എന്നിവയിലേക്കാണ് പ്രധാനമായും വഴി തുറക്കുന്നത്. അതല്ലാത്ത എല്ലാ സാധ്യതകളും അനുബന്ധ അവസരങ്ങള്‍ മാത്രമാണ്. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി പോലുള്ള വിഷയങ്ങള്‍ ബിരുദ തലത്തില്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ ധാരണ മനസ്സില്‍ ഉറപ്പിക്കേണ്ടതുണ്ട്.
ബിരുദത്തിനു ശേഷം തൊഴില്‍ സാധ്യതകള്‍ തേടുന്നവര്‍ മൈക്രോബയോളജി, ബയോകെമിസ്ട്രി പോലുള്ള അപ്ലൈഡ് സയന്‍സ് കോഴ്സുകളോ ബി.കോം, ബി.ബി.എ, ബി.സി.എ, ഫുഡ് സയന്‍സ് പോലുള്ള സെമി പ്രഫഷനല്‍ കോഴ്സുകളോ സ്കില്‍ കോഴ്സുകളോ തെരഞ്ഞെടുക്കുക. വോക്കേഷനല്‍ കോഴ്സുകളും പഠിക്കാവുന്നതാണ്.
ബിരുദാനന്തര ഉപരിപഠന, തൊഴില്‍ സാധ്യതകളെ അഞ്ച് മേഖലകളാക്കി തിരിച്ച് ഓരോരുത്തര്‍ക്കും അനുയോജ്യമായത് ഏതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബിരുദപഠനത്തിന്‍റെ ആദ്യ ഘട്ടത്തില്‍തന്നെ തുടങ്ങുകയാണ് പ്രതിവിധി.
ഒന്നാമത്തെ സാധ്യത ഉപരിപഠന പ്രവേശന പരീക്ഷകളും തൊഴിലിനുള്ള മത്സര പരീക്ഷകളുമാണ്. സി.യു.ഇ.ടി-പി.ജി, ജാം, ഗേറ്റ്, കാറ്റ്, മാറ്റ്, സി.മാറ്റ്, സ്നാപ്, ക്സാറ്റ്, നിംസെറ്റ് പോലെയുള്ളവ ഏറെ പ്രാധാന്യം ഉള്ളവയാണ്. ബയോടെക്നോളജി പ്രവേശനത്തിനുള്ള ഗാറ്റ്ബി, ലൈഫ് സയന്‍സ് പഠനത്തിനുള്ള ജീബില്‍സ്, ഡിസൈന്‍ പഠനത്തിനുള്ള സീഡ് മുതലായവ വേറെയും ഉണ്ട്. സിവില്‍ സര്‍വിസ് പരീക്ഷ, കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ്, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്സാം, ബാങ്കിങ് സര്‍വിസ് പരീക്ഷ, റെയില്‍വേ പരീക്ഷകള്‍, ഡിഫന്‍സ് പ്രവേശന പരീക്ഷകളായ സി.ഡി.എസ്.ഇ, അഫ്കാറ്റ് ഇങ്ങനെ ഒട്ടേറെ തൊഴില്‍ മത്സര പരീക്ഷകളും ഉണ്ട്. ബിരുദതലത്തില്‍ പ്രവേശനം നേടി ആദ്യ വര്‍ഷം മുതല്‍ ഇത്തരം പരീക്ഷകള്‍ മാത്രം ലക്ഷ്യം വെച്ച് തയാറെടുക്കുക.
രണ്ടാമത്തേത്, ഡിഗ്രിക്ക് ശേഷമുള്ള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളാണ്. ലോജിസ്റ്റിക്സ്, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, ഇവന്‍റ് മാനേജ്മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മള്‍ട്ടിമീഡിയ മുതലായ എല്ലാ ഡിഗ്രിക്കാര്‍ക്കും ചെയ്യാന്‍ പറ്റിയ കോഴ്സുകള്‍ ധാരാളമുണ്ട്. പ്ലാസ്റ്റിക് പ്രോസസിങ് ടെക്നോളജി, സിമന്റ് ടെക്നോളജി, ഗ്ലാസ് ബ്ലോവിങ് ടെക്നോളജി, പേപ്പര്‍ ആന്‍ഡ് പള്‍പ്പ്, റേഡിയോ ഐസോടോപ്പ് ടെക്നിക്സ്, ഫൗണ്ട്രി ആന്‍ഡ് ഫോര്‍ജ്, വുഡ് പാനല്‍ പ്രോഡക്ഷന്‍ ടെക്നോളജി, ഹിസ്റ്റോപാത്തോളജി, ക്ലിനിക്കല്‍ റിസര്‍ച്, ക്ലിനിക്കല്‍ എംബ്രിയോ സയന്‍സ്, കോഫീ ടെയ്സ്റ്റിങ്, ഡേറ്റ സയന്‍സ്, എ.ഐ ടൂള്‍സ് ഇങ്ങനെ ഒട്ടനവധി കോഴ്സുകള്‍ സയന്‍സ് ബിരുദധാരികള്‍ക്കായി ലഭ്യമാണ്.
അധ്യാപനം, ഗവേഷണം എന്നിവയില്‍ താൽപര്യം ഇല്ലാത്തവര്‍ക്ക് ഡിഗ്രി പഠനം തുടങ്ങുമ്പോള്‍തന്നെ, ഇത്തരം ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളെ അന്വേഷിച്ച് കണ്ടെത്തി അവയിലേക്കുള്ള പ്രവേശനത്തിനായി മുന്നൊരുക്കങ്ങള്‍ നടത്താവുന്നതാണ്.
മൂന്നാമത്തേത്, പ്രഫഷനലായതോ കൃത്യമായതോ ആയ പി.ജി പഠന കോഴ്സുകളാണ്. മാസ്റ്റര്‍ ഓഫ് ഫിനാന്‍സ് കൺട്രോള്‍, ബിസിനസ് ഇകണോമിക്സ്, ഇകണോമെട്രിക്സ്, ആര്‍ക്കിയോളജി, മ്യൂസിയോളജി, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹോം സയന്‍സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, റേഡിയോ ഫിസിക്സ്, ഫുഡ് സയന്‍സ്, ഡയറ്റീഷ്യന്‍, അപ്ലൈഡ് ജിയോളജി, ഡെന്റല്‍ മെറ്റീരിയൽസ്, എൻവയണ്മെന്റ് സയന്‍സ്, ഓപറേഷന്‍ റിസര്‍ച്, ഡേറ്റ സയന്‍സ്, റൂറല്‍ മാനേജ്മെന്റ്, ടൂറിസം മാനേജ്മെന്റ്, ഏവിയേഷന്‍ പ്രോഡക്ഷന്‍ മാനേജ്‌മന്റ്, ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, ഓഷ്യാനോഗ്രഫി, മെറ്റിയറോളജി, മറൈന്‍ ബയോളജി, ഹൈഡ്രോളജി മുതലായ അനവധി കോഴ്സുകള്‍ ഈ ഗണത്തിലുണ്ട്. ഇതിനായി മികച്ച സ്ഥാപനങ്ങളും കണ്ടെത്താന്‍ ശ്രമിക്കുക.
നാലാമത്തേത്, എല്ലാ ഡിഗ്രിക്കാര്‍ക്കും പൊതുവായി ചെയ്യാവുന്ന ബിരുദാനന്തര കോഴ്സുകളാണ്. എം.ബി.എ, എം.എസ്.ഡബ്ല്യൂ, എല്‍എല്‍.ബി, എം.എച്ച്.ആര്‍.എം, വിഷ്വല്‍ കമ്യൂണിക്കേഷന്‍, ജേണലിസം മുതലായവ ഈ ഗണത്തിലുണ്ട്.
അഞ്ചാമത്തെ മേഖല വിദേശപഠന സാധ്യതയാണ്. വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച്, തൊഴില്‍ സാധ്യതകളോ ഉപരിപഠന സാധ്യതകളോ ഇല്ലാത്ത കോഴ്സുകളും, മൈഗ്രേഷന്‍ അവസരം ലഭ്യമല്ലാത്തതുമായ കോഴ്സും തെരഞ്ഞെടുക്കരുത്.
അക്കാദമിക മികവ്, പാേഠ്യതര പ്രവർത്തനങ്ങൾ എന്നിവയിലെ പ്രകടനം, കൃത്യമായി തയാറാക്കിയ സ്റ്റേറ്റ്മെന്റ് ഓഫ് പര്‍പ്പസ്, എസ്സേയ്സ് എന്നിവ മുന്നില്‍ വെച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നൽകുകയും സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഒട്ടേറെ സ്ഥാപനങ്ങളും സംവിധാനങ്ങളും ലഭ്യമാണ്. ഇവ ആധികാരികമായി അന്വേഷിച്ച് മാത്രം ചെയ്യുക. നാലു വര്‍ഷ ബിരുദ സംവിധാനം മെറിറ്റ് അടിസ്ഥാനത്തിലുള്ള വിദേശ പഠനത്തിന് ഒട്ടേറെ സഹായകമാണ്.
വളരെ കൊട്ടിഘോഷങ്ങളോടെയാണ് നാലു വര്‍ഷ ബിരുദം നമ്മുടെ നാട്ടില്‍ ആരംഭിക്കുന്നത്. കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ അക്കാദമിക മേഖലകളില്‍ വളരെ ഉയര്‍ന്ന തലങ്ങളില്‍ എത്തിച്ചേരാന്‍ പറ്റിയ സുവര്‍ണാവസരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.