കാസർകോട്: പൊതുവിദ്യാഭ്യാസ വകുപ്പ് സർവിസിലുള്ള അധ്യാപകർക്ക് പ്രത്യേകമായി നടത്തിയ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിൽ (കെ-ടെറ്റ്) വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരീക്ഷ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വിതരണം ചെയ്തില്ല.
2023 സെപ്റ്റംബർ 10നാണ് പരീക്ഷ നടന്നത്. സംസ്ഥാനമാകെ 2881 പേർ പരീക്ഷ എഴുതിയതിൽ 251 പേരാണ് വിജയിച്ചത്. 2012 മുതലാണ് കെ-ടെറ്റ് സർക്കാർ നിർബന്ധമാക്കിയത്. എന്നാൽ, വർഷങ്ങളോളം സർവിസിലിരുന്നിട്ട് ആനുകൂല്യങ്ങൾ കിട്ടാത്തതിൽ അധ്യാപകർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
എട്ടും പത്തും ലക്ഷങ്ങൾ ഈയിനത്തിൽ കിട്ടാനുള്ളവരാണ് പലരും. കെ-ടെറ്റ് ഇല്ലെന്നതിന്റെ പേരിലാണ് ഈ അധ്യാപകരുടെ ആനുകൂല്യങ്ങളടക്കം തടഞ്ഞുവെച്ചിരുന്നത്. പരീക്ഷയിൽ പാസായിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പിന്നെയും ദുരിതം പേറേണ്ട അവസ്ഥയിലാണ് ഈ വിഭാഗം.
സർക്കാർ ഉത്തരവുപ്രകാരം കെ-ടെറ്റ് പാസായാൽ അവരുടെ സർവിസ് മുതലുള്ള ആനുകൂല്യങ്ങൾ കൊടുക്കണം. എന്നാൽ, ഇത് ഓരോ എ.ഇ.ഒയുടെ കീഴിലായതിനാൽ ചിലർക്ക് ഏതാനും വർഷത്തേത് കിട്ടിയിട്ടുണ്ട്. ചിലർക്ക് 2012 മുതൽ 2023 വരെ കിട്ടാനുണ്ട്. മറ്റു ചിലരുടേതാകട്ടെ കെ-ടെറ്റ് കിട്ടാത്തതിനെതുടർന്ന് തിരിച്ചടച്ചിട്ടുമുണ്ട്. വ്യക്തമായ മാനദണ്ഡ പ്രകാരമല്ല കാര്യങ്ങൾ നടന്നിട്ടുള്ളത്.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഈ മാസം 29ന് നടക്കുമെന്നും സ്പെഷൽ പരീക്ഷയായതിനാലാണ് വൈകുന്നതെന്നുമാണ് പരീക്ഷാഭവൻ കെ-ടെറ്റ് വിഭാഗം അധികൃതർ ഈ വിഷയത്തിൽ നൽകിയ വിശദീകരണം.
എന്നാൽ, വെരിഫിക്കേഷന്റെ ആവശ്യം നിലവിലില്ലെന്നും പരീക്ഷക്കുമുന്നേ എ.ഇ.ഒ, ഹെഡ്മാസ്റ്റർ, ഡി.ഇ.ഒ, മാനേജർ എന്നിവർ സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്തതിനുശേഷമാണ് പരീക്ഷയെഴുതിയത് എന്നും അധ്യാപകർ പറയുന്നു.
സെപ്റ്റംബറിലെ പരീക്ഷക്കുശേഷം വീണ്ടുമൊരു പരീക്ഷ കഴിഞ്ഞ് അതിന്റെ ഫലം ഈയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പറയുമ്പോഴാണ് നാലു മാസത്തിനു മുന്നേയുള്ള പരീക്ഷ വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ് വിതരണം നടക്കാത്തത്. പലരും തുച്ഛമായ ശമ്പളയിനത്തിലാണ് ഇപ്പോഴും ജോലി ചെയ്യുന്നത്.
എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള നടപടി ആരംഭിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.