കൊച്ചി: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയിൽ കൃത്യമായ ഉത്തരമില്ലാത്ത രണ്ട് ചോദ്യങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. 2023 മേയ് 30ന് നടന്ന പരീക്ഷക്ക് നൽകിയ നാല് ചോദ്യങ്ങളടങ്ങുന്ന പേപ്പറിലെ രണ്ട് ചോദ്യങ്ങൾക്ക് ഒന്നിലേറെ സാധ്യമായ ഉത്തരങ്ങളുള്ളതായി ചൂണ്ടിക്കാട്ടിയാണ് 12 പരീക്ഷാർഥികൾ കോടതിയെ സമീപിച്ചത്.
2023 മാർച്ചിൽ പുറപ്പെടുവിച്ച പരീക്ഷ വിജ്ഞാപനത്തിൽ കൃത്യമായ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയാൽ ആ ചോദ്യം ഒഴിവാക്കുമെന്ന് പറയുന്നുണ്ട്. എന്നാൽ, വിജ്ഞാപന പ്രകാരം നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് ഹരജി.
ഒരുചോദ്യത്തിന് ഒന്നിലേറെ ഉത്തരങ്ങൾ സാധ്യമാകുമെന്ന് വിദഗ്ധ സമിതിക്ക് തോന്നുന്നപക്ഷം പരീക്ഷാർഥികൾക്ക് ഇതിന്റെ മാർക്ക് നൽകണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവുള്ളതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. പരീക്ഷക്കുള്ള വിജ്ഞാപനവും കോടതി ഉത്തരവും പരിഗണിച്ചാൽ രണ്ട് മാർക്ക് വീതം ലഭിക്കാൻ ഹരജിക്കാർ അർഹരാണ്.
അതിനാൽ, ഈ രണ്ട് ചോദ്യങ്ങൾക്ക് രണ്ട് മാർക്ക് പരീക്ഷാർഥികൾക്ക് അനുവദിക്കണം. അല്ലെങ്കിൽ ഈ രണ്ട് ചോദ്യങ്ങളും ഒഴിവാക്കണം. ഇതുപ്രകാരം നിശ്ചയിച്ച പാസ് മാർക്കിലും മാറ്റം വരുത്തണമെന്നാണ് ഹരജിയിലെ ആവശ്യം. നിലവിൽ സർക്കാർ സർവിസിലുള്ള ഹരജിക്കാർക്ക് ഇതോടെ പാസ് മാർക്ക് ലഭിക്കുമെന്നും ഇത് സർവിസ് റെഗുലറൈസേഷന് ഗുണമാവുമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.