ദുബൈ ഗ്ലോബൽ വില്ലേജിലെ പച്ചപുൽതകിടികൾക്ക് അലങ്കാരമായി അങ്ങിങ്ങായി ചെറിയ മജ്ലിസുകൾ കാണാം. 26 സീസൺ പിന്നിടുന്ന ആഗോള ഗ്രാമത്തിൽ ആദ്യമായാണ് പുൽതകിടികളിൽ തൽകാലിക മജ്ലിസ് ഒരുക്കിയിരിക്കുന്നത്. നാല് വശത്തും ചാരുപലകകളും കമ്പികളും ചേർത്ത് വെച്ച് നടുവിൽ പരവതാനിയും വിരിച്ച് കുടുംബങ്ങളെ മാടിവിളിക്കുന്ന മജ്ലിസുകൾ കേവലം അഞ്ച് മിനിറ്റുകൊണ്ടാണ് തയാറാക്കുന്നത്.
അറബി കുടുംബങ്ങളും സുഹൃത്തുക്കളും സൗഹൃദവും സ്നേഹവും പങ്കുവെക്കുന്ന ഈ മജ്ലിസുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു മലയാളിയാണ്. തിരൂർ ചമ്രവട്ടം സ്വദേശി ഷാജി ഇടശ്ശേരി. 19 വർഷമായി ഗ്ലോബൽ വില്ലേജിൽ വിവിധ സംരംഭങ്ങൾ നടത്തി ശ്രദ്ധേയനായ ഷാജിയാണ് തുറന്ന സ്ഥലത്തെ മജ്ലിസുമായി എത്തിയിരിക്കുന്നത്. ആകാശക്കാഴ്ചകൾ കണ്ട് സൊറപറഞ്ഞിരിക്കാനും ഭക്ഷണം പങ്കിടാനും ഒത്തുചേരാനും അവസരമൊരുക്കുന്ന മജ്ലിസ് കഴിഞ്ഞ മാസം മുതലാണ് തുടങ്ങിയത്. ഷാജിയുടെ കരക് ചായയും കൂടിയായപ്പോൾ മജ്ലിസിന് പേരിട്ടു 'കരക് മജ്ലിസ്'.
മണിക്കൂറിന് 65 ദിർഹം നൽകിയാൽ കരക് മജ്ലിസിലിരിക്കാം. ഒരു ദിവസത്തേക്ക് 180 ദിർഹമാണ് നിരക്ക്. ഭക്ഷണം മറ്റ് സ്റ്റാളുകളിൽ നിന്നോ റസ്റ്റാറന്റുകളിൽ നിന്നോ വാങ്ങണം. ഓർഡർ ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ ഇഷ്ടമുള്ള സ്ഥലത്ത് മജ്ലിസ് തയാറാക്കി തരും. എട്ട് പേർക്കിരിക്കാവുന്ന 60 മജ്ലിസാണ് ഷാജിയുടെ കൈയിലുള്ളത്. ഗ്ലോബൽ വില്ലേജിൽ ഇത്തരം മജ്ലിസ് നൽകുന്ന ഒരേയൊരു വ്യക്തിയും ഈ ചമ്രവട്ടംകാരനാണ്. അറബികളാണ് കൂടുതലും മജ്ലിസ് തേടിയെത്തുന്നത്. അറബ് പ്രമുഖരും സർക്കാർ ഉദ്യോഗസ്ഥരും കുടുംബ സമേതം മജ്ലിസ് ഉപയോഗിക്കുന്നുണ്ട്.
19 വർഷം മുൻപ് കടലക്കച്ചവടവുമായി ഗ്ലോബൽ വില്ലേജിലേക്ക് കാലെടുത്തുവെച്ചയാളാണ് ഷാജി. നിലവിൽ ഇവിടെയുള്ള 16 സ്റ്റാളുകളുടെ ഒരേയൊരു ഉടമയാണ്. ഇവിടെയുള്ള ബലൂൺ വിൽപന മുതൽ സ്വീറ്റ് കോൺ ഷോപ്പുകൾ വരെ ഷാജിയുടെ ഉടമസ്ഥതയിലാണ്. മലേഷ്യ, സിംഗപൂർ പവലിയനുകളുടെ ഓർഗനൈസറായിരുന്നു. ഗ്ലോബൽ വില്ലേജിലേക്ക് കയറിവരുമ്പോൾ തന്നെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് ചായക്കട കാണാം. ഇവിടെ തുടങ്ങുന്നു ഷാജിയുടെ ബിസിനസ് സാമ്രാജ്യം. സ്പൈറൽ പൊട്ടറ്റോ, സ്വീറ്റ് കോൺ ഷോപ്പുകൾ ഈ വർഷം തുടങ്ങിയതാണ്.
സൈക്കിൾ റിക്ഷ, ട്രോളി സർവീസുകളിലും ഷാജിയുടെ സാന്നിധ്യമുണ്ട്. ഇതുവഴി മലയാളികൾ ഉൾപെടെ നൂറോളം പേരുടെ അന്നദാതാവ് കൂടിയാണ് ഷാജി. ഗ്ലോബൽ വില്ലേജിലെ നിരവധി അവാർഡുകൾ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ജീവിതത്തിന്റെ നല്ലൊരു പങ്കും ഗ്ലോബൽ വില്ലേജിൽ തന്നെയാണ് ചെലവഴിക്കുന്നത്. ആറ് മാസമാണ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം. ഇതിനായി നാട്ടിൽ നിന്ന് ടിക്കറ്റും വിസയും നൽകി ആളെ എത്തിക്കാറുണ്ട്. പതിറ്റാണ്ടുകളായി എല്ലാ വർഷവും സ്ഥരിമായി നാട്ടിൽ നിന്ന് ആറ് മാസത്തേക്ക് എത്തുന്നവരുമുണ്ട്.
ഗ്ലോബൽ വില്ലേജിന് പുറത്ത് സൂപ്പർ മാർക്കറ്റുകളിലും മിനിമാർക്കറ്റുകളിലും റസ്റ്റാറന്റുകളിലുമെല്ലാം ബിസിനസ് പങ്കാളിത്തമുണ്ട്. അടുത്തിടെ റാസൽഖൈമയിൽ സ്റ്റാർ ഹോട്ടൽ തുറന്നു. ട്രേഡിങിലും സജീവമാണ്. 1996ൽ സ്പൈസസ് ഷോപ്പിൽ മുളകുപൊടിക്കുന്ന ജോലിക്കാരനായാണ് പ്രവാസ ജീവിതം തുടങ്ങിയത്. പിന്നീട് ജുമൈറയിലെ സ്കൂളിൽ ക്ലീനിങ് കമ്പനിയുടെ ഭാഗമായി. അതേസ്കൂളിൽ തന്നെ പി.ആർ.ഒ ആയി 13 വർഷം ജോലി ചെയ്തു. അവധി ദിനങ്ങളിലായിരുന്നു സ്വന്തം ബിസിനസ് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ശ്രമിച്ചത്. അങ്ങിനെയാണ് സൂപ്പർ മാർക്കറ്റുകളും റസ്റ്റാറന്റുകളും തുടങ്ങിയത്. ഭാര്യ സമീറക്കും മക്കളായ ഫാത്തിമ, അഹ്മദ്, അമീന എന്നിവർക്കുമൊപ്പം ദുബൈയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.