മലയാളം അസി. പ്രഫസർ പി.എസ്.സി നിയമനം; ആശങ്ക പരിഹരിക്കണമെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: മലയാളം അസി. പ്രഫസർ തസ്തികയിലേക്കുള്ള പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ.

ഏഴ് വർഷത്തിന് ശേഷമാണ് മലയാള വിഭാഗം അസി. പ്രഫസർ വിജ്ഞാപനം 2019ൽ പുറത്തുവന്നത്. 2500 ഓളം അപേക്ഷകരിൽ നിന്ന് വിവരണാത്മക പരീക്ഷ, ഇരട്ട മൂല്യനിർണയം, ഇൻറർവ്യൂ എന്നിവ പൂർത്തിയാക്കി 214 പേരടങ്ങുന്ന റാങ്ക് ലിസ്റ്റ് 2023 ജൂണിൽ പുറത്തുവന്നു. എന്നാൽ പി.എസ്.സി വഴിയുള്ള നിയമനം ഈ വർഷം കുത്തനെ കുറഞ്ഞിരിക്കുന്നുവെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്.

കോളജ് അധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റം വരുത്തിയ ഉത്തരവ് 2020 മേയ് മാസത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. പുതിയ തസ്തികകളെ ബാധിക്കുന്നതാണിത്. എന്നാൽ ഇതിനു മുന്നേ 2019ൽ തന്നെ മലയാളം അസി. പ്രഫസർ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പി.എസ്‌.സി പുറപ്പെടുവിച്ചിരുന്നു. വരാനിരിക്കുന്ന ഒഴിവുകൾ കൂടി പ്രതീക്ഷിച്ചാണ് ഇത്തരം തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തുന്നത്. പ്രതീക്ഷിത ഒഴിവുകൾ നഷ്ടപ്പെടുന്നതോടൊപ്പം പരീക്ഷാവിജ്ഞാപനത്തിന് ശേഷം വന്ന ഉത്തരവ് നടപ്പിലാക്കുന്നതോട് കൂടി ഇരട്ട നീതിനിഷേധമാണ് തങ്ങൾക്ക് നേരെയുണ്ടാകുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

ഒരു തസ്തിക അനുവദിക്കാൻ 16 മണിക്കൂർ ജോലിഭാരം വേണമെന്ന നിബന്ധനയും ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി. ഇത്തരം ആശങ്ക നിലനിൽക്കെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം അടുത്ത അധ്യയനവർഷം മുതൽ നടപ്പിലാക്കാനുള്ള തീരുമാനം. ഇതുവഴി നാല് സെമസ്‌റ്ററുകളിലുള്ള മലയാളം പോലുള്ള ഭാഷാ വിഷയങ്ങൾ രണ്ട് സെമസ്റ്ററുകളിലേക്ക് ചുരുങ്ങുന്നത് പതിറ്റാണ്ടുകളോളം സർക്കാർ കോളജുകളിൽ പുതിയ തസ്തികകൾ ഇല്ലാതാക്കും.

എന്നാൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രാദേശിക/മാതൃഭാഷാ വിഷയങ്ങളെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തു പറയുന്നുണ്ടെന്നും ഗുണാത്മകമായി അത് നടപ്പാക്കാൻ ശ്രമിക്കുന്നതിനു പകരം മാതൃഭാഷയെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇതിന് തെളിവാണ് മേയിൽ പുറത്ത് വന്ന കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസപാഠ്യപദ്ധതി ചട്ടക്കൂട്. ഒന്നാം പിണറായി സർക്കാർ മുന്നോട്ടുവച്ച മാതൃഭാഷാ ഉന്നമന-സംരക്ഷണ പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയുന്ന പ്രതിലോമകരമായ ഈ നടപടികൾ പുന:പരിശോധിക്കണമെന്നതാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം.

2017 ജൂൺ മാസത്തിൽ പുറത്തുവന്ന മലയാളം അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്നും 46 നിയമനങ്ങൾ നടന്നിരുന്നു. അതേസമയം എക്സസ് വിഷയം നിലനിൽക്കുന്നതിനാൽ നിലവിലെ മലയാളം അസി. പ്രഫസർ റാങ്ക് ലിസ്റ്റിൽ നിന്നും 2025 വരെ ഒരു നിയമനങ്ങളും നടക്കാൻ സാധ്യതയില്ലെന്നാണ് ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന മറുപടി. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒന്നോ രണ്ടോ പേർക്ക് മാത്രം നിയമനം ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയുള്ളപ്പോൾ ഇത്രയേറെ സങ്കീർണ്ണ ഘട്ടങ്ങൾ ഉള്ള പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന്റെ സാംഗത്യം എന്താണെന്നാണ് ഉദ്യോഗാർഥികൾക്ക് പി.എസ്.സി യോട് ചോദിക്കാനുള്ളത്.

16 മണിക്കൂറിൽ കുറവ് ജോലിഭാരമുള്ള തസ്തികകളിൽ താൽക്കാലിക അധ്യാപക നിയമനം മതിയെന്ന സർക്കാരിന്റെ നിലപാട് പുന:പരിശോധിക്കണം, പി.ജി വെയ്റ്റേജ് പുന:സ്ഥാപിക്കണം, ഏകാധ്യാപക വിഷയങ്ങളിൽ 16 മണിക്കൂർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം എന്നിങ്ങനെ സർക്കാർ നിയോഗിച്ച സമിതി അനുകൂലറിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസവകുപ്പ് ഇത് അംഗീകരിച്ചിട്ടില്ല. സിംഗിൾ ഫാക്കൽറ്റി വിഷയത്തിലെങ്കിലും സർക്കാറിന്‍റെ അടിയന്തരശ്രദ്ധയുണ്ടായി, തങ്ങൾക്ക് ആശ്വാസമേകുന്ന സമീപനം കൈക്കൊള്ളണം എന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു. സർക്കാറിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആശങ്കകൾക്ക് ഡയറക്ടർ ഓഫ് കോളേജിയേറ്റ് എജ്യൂക്കേഷനിൽ നിന്നുള്ള മറുപടി. 

Tags:    
News Summary - Malayalam Asst. Professor PSC Appointment issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.