മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷ നീറ്റ്-യു.ജി വളരെ നീറ്റായി ചോരുകയും, അതിനെ തുടര്‍ന്ന് ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശന നടപടികള്‍ മൊത്തം താളം തെറ്റുകയും ചെയ്തതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അനിശ്ചിതാവസ്ഥയിലാണ്. വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷയുടെ ആധികാരികതയിലും വിശ്വാസ്യതയിലും തികഞ്ഞ സംശയത്തിലാണ്. ഈയൊരു അവസ്ഥയില്‍ വിദേശ രാജ്യങ്ങളിലെ എം.ബി.ബി.എസ് പഠനത്തെക്കുറിച്ച് ആലോചിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് സ്വാഭാവികം. പക്ഷേ, ഒരൽപം സൂക്ഷമത പാലിച്ചാല്‍ വലിയ കെണികളില്‍ ചാടാതെ രക്ഷപ്പെടാം. അല്ലെങ്കില്‍ സമയനഷ്ടവും ധനനഷ്ടവും ഉണ്ടാകും. അതിനേക്കാള്‍ പ്രധാനം കുട്ടികളുടെ ഭാവി ഇരുളടഞ്ഞു പോകും എന്നതാണ്.
വിദേശ എം.ബി.ബി.എസ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. സൂക്ഷ്മമായി പഠിച്ചും അന്വേഷിച്ചും വേണം പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനവും രാജ്യവും കണ്ടെത്താന്‍. ദേശീയ മെഡിക്കല്‍ കമീഷന്റെ (എന്‍.എം.സി) 2021ലെ ഇതുസംബന്ധമായ മാനദണ്ഡങ്ങള്‍ വളരെ കൃത്യമായി പഠിക്കാന്‍ ശ്രമിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വിദേശത്ത് മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്നവര്‍, നിര്‍ബന്ധമായും നീറ്റ് പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടി യോഗ്യത നേടിയിരിക്കണം. വിദേശത്ത് പ്രവേശനം നേടും മുമ്പ് യോഗ്യത നേടുകയും വേണം. പ്രവേശനം നേടിയശേഷം കോഴ്സ് പൂര്‍ത്തിയാക്കുന്നതിന്റെ ഇടയില്‍ യോഗ്യത നേടിയാല്‍ മതിയാകും എന്ന രീതിയിലുള്ള അഭിപ്രായങ്ങള്‍ വസ്തുതാവിരുദ്ധമാണ്.
- ചുരുങ്ങിയത് നാലര വര്‍ഷത്തെ (54 മാസം) കോഴ്സ് പഠനവും, 12 മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും എന്ന ഘടനയില്‍ ആയിരിക്കണം കോഴ്സ് പൂര്‍ത്തിയാക്കേണ്ടത് എന്നത് എന്‍.എം.സി നിഷ്കര്‍ഷിക്കുന്നു ണ്ട്. പല രാജ്യങ്ങളിലും കോഴ്സ് ഘടന വ്യത്യസ്തമാണ്. ചില രാജ്യങ്ങളില്‍ മൊത്തം കോഴ്സും ഇന്റേണ്‍ഷിപ്പും ഇന്റഗ്രേറ്റ് ചെയ്ത് ഒന്നിച്ചാണ് പൂര്‍ത്തിയാക്കുന്നത്.അവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പിന്റെ പ്രായോഗിക പരിശീലനം വിഭജിച്ച് ഓരോ വര്‍ഷങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടാം വര്‍ഷം രണ്ടോ മൂന്നോ മാസം ഇന്റേണ്‍ഷിപ്, മൂന്നാം വര്‍ഷം നിശ്ചിത സമയത്തെ ഇന്റേണ്‍ഷിപ് എന്നിങ്ങനെ. എന്‍.എം.സി നിർദേശിക്കുന്ന തരത്തില്‍, എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം, 12 മാസത്തെ ഒന്നിച്ചുള്ള ഇന്റേണ്‍ഷിപ് എന്ന ഘടനയില്‍ അല്ല എന്ന് സാരം. ഉദാഹരണത്തിന് ജോര്‍ജിയ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളിലെ ചില സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പും കോഴ്സും അടക്കം ആറുവര്‍ഷത്തെ ഘടനയാണ്. ഇത് എന്‍.എം.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.
- എല്ലാ രാജ്യങ്ങളിലും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കുന്ന മുറക്ക്, അവിടെ തന്നെ ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരാക്കുന്ന ചില പരീക്ഷകളും പ്രായോഗിക പരിശീലന മാനദണ്ഡങ്ങളും ഉണ്ട്. അതുകൂടി പൂര്‍ത്തിയാക്കി, അവിടത്തെ ലൈസന്‍സ് നേടിയാലേ ഇന്ത്യയില്‍ വന്നു പ്രാക്ടീസ് ചെയ്യാനാവൂ എന്ന അധികം ആരും ശ്രദ്ധിക്കാത്ത നിബന്ധന കൂടി എന്‍.എം.സി മുന്നോട്ടുവെച്ചിട്ടുണ്ട്. അതായത് ഓരോ രാജ്യങ്ങളിലെയും മെഡിക്കല്‍ കോഴ്സ് മാത്രം പൂര്‍ത്തിയാക്കിയാല്‍ പോരാ അവിടത്തെ യോഗ്യതാ പരീക്ഷകളും - അങ്ങനെ ഒന്നുണ്ടെങ്കില്‍, നിര്‍ബന്ധിത പ്രായോഗിക പരിശീലനങ്ങളും നേടിയിരിക്കണം. അങ്ങനെ വരുമ്പോള്‍ എം.ബി.ബി.എസ് കോഴ്സ് ചിലയിടങ്ങളില്‍ ആറു വര്‍ഷത്തില്‍ ഒതുങ്ങില്ല. പല രാജ്യങ്ങളിലും ലൈസന്‍സ് നേടാനുള്ള നിബന്ധനകള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ജോർജിയയിൽ ലൈസൻസ് ലഭിക്കണമെങ്കിൽ ആറു വർഷം മെഡിക്കല്‍ ബിരുദ കോഴ്സ് പഠിക്കണം. ശേഷം മൂന്നുവർഷം റസിഡന്‍സി ചെയ്യണം എന്നാണ് നിബന്ധന. ഈജിപ്തിൽ മെഡിക്കല്‍ ബിരുദം കഴിഞ്ഞ് രണ്ടുവർഷം ഇന്റേണ്‍ഷിപ് ചെയ്യണം. ലൈസൻസിങ് പരീക്ഷയും എഴുതണം.
- എന്‍.എം.സിയുടെ പുതിയ നിബന്ധന അനുസരിച്ച് എം.ബി.ബി.എസ് ആരംഭിച്ചതുമുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തീകരിക്കണം. 2019 മുതല്‍ പഠിച്ച് തുടങ്ങിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ നിബന്ധന ബാധകമാണ്.
- കോഴ്സ് പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ എഫ്.എം.ജി.ഇ ( ഫോറിന് മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാമിനേഷന്) അല്ലെങ്കില്‍ നെക്സ്റ്റ് (നാഷനല്‍ എക്സിറ്റ് ടെസ്റ്റ്) എഴുതി യോഗ്യത നേടേണ്ടതുണ്ട്. അത് എത്ര കാലംകൊണ്ട് സാധ്യമാവും എന്നത് ഓരോ വിദ്യാര്‍ഥിയുടെയും ശ്രമങ്ങളെ , കരിയര്‍ അഭിനിവേശത്തെ ആശ്രയിച്ചിരിക്കുന്നു. നിലവില്‍ എഫ്.എം.ജി.ഇ പരീക്ഷയാണുള്ളത്, ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നെക്സസ്റ്റ് എന്ന പുതിയ ഘടനയിലേക്ക് ഇന്ത്യയിലെ യോഗ്യതാ പരീക്ഷ മാറിയേക്കാം
***
പല രാജ്യങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ വീണ്ടും ഇവിടെയുള്ള കോഴ്സ് ഉള്ളടക്കം അനുസരിച്ച് പഠിച്ചുവേണം യോഗ്യതാ പരീക്ഷ എഴുതാന്‍. അതിനാല്‍ തന്നെ യോഗ്യതാ പരീക്ഷക്കുള്ള ശ്രമങ്ങള്‍ കാര്യക്ഷമമാക്കണം. എഫ്.എം.ജി.ഇ പരീക്ഷയില്‍ വിജയശതമാനം കുറയുന്നത് പരിഗണിച്ച് വളരെ കാര്യമായിത്തന്നെ മുന്നൊരുക്കങ്ങള്‍ നടത്തണം. അതില്‍ പ്രധാനപ്പെട്ടത്, ഇന്ത്യയിലെ മെഡിക്കല്‍ കോഴ്സിന്റെ ഉള്ളടക്കവും ഘടനയും അനുസരിച്ചുള്ളത് തന്നെയാണ് നമ്മള് പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന രാജ്യത്തെയും സ്ഥാപനങ്ങളിലെയും കോഴ്സ് ഘടന എന്ന് ഉറപ്പിക്കലാണ്.
രണ്ടാമത്തേത്, വിദേശത്ത് പഠിക്കുമ്പോള്‍ തന്നെ ഇന്ത്യയിലെ യോഗ്യതാ പരീക്ഷ മുന്നില്‍ക്കണ്ടു കൊണ്ട് അവിടത്തെ മെഡിക്കല്‍ ബിരുദ ഉള്ളടക്കങ്ങള്‍ കൃത്യമായി പഠിക്കുക എന്നതും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചും മനസ്സിലാക്കിയും ഉൾക്കൊണ്ടും വിദേശ മെഡിക്കല്‍ പഠനത്തെ സമീപിച്ചാല്‍ തീര്‍ച്ചയായും അബദ്ധങ്ങളില്‍ ചാടുന്നത് ഒഴിവാക്കാം. ഇതൊന്നും മനസ്സിലാക്കാതെ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ കോഴ്സ് പൂര്‍ത്തിയാക്കി നാട്ടില്‍ എത്തുമ്പോള്‍ വലിയ കരിയര്‍ പ്രതിസന്ധിയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് മനസ്സിലാക്കുക. അടുത്ത അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ മെഡിക്കല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി തൊഴില്‍ തേടുന്നവര്‍ ഏതാണ്ട് 25,000ത്തിനും 30,000ത്തിനും ഇടയില്‍ ആയിരിക്കും എന്ന വസ്തുത കൂടി ചേര്‍ത്തുവായിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.