തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ പാക്കർ, സ്വീപ്പർ, ഓഫിസ് അറ്റൻഡൻറ്, തസ്തികകളിൽ സ്ഥിരം ജോലി ചെയ്യുന്നവരെ അസി. ഇൻഫര്‍മേഷൻ ഓഫിസർ (എ.ഐ.ഒ) തസ്തികയിലേക്ക് തിരുകിക്കയറ്റാൻ നീക്കം. സ്പെഷൽ റൂൾ ഭേദഗതി വരുത്തി നിലവിലെ ജോലിയുടെ സീനിയോറിറ്റി െവച്ചാണ് ഇവരെ അസി. ഇൻഫർമേഷൻ ഓഫിസറായി നിയമിക്കാൻ ഐ ആൻഡ് പി.ആർ.ഡിയിലെ ചില ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിനായി രാഷ്ട്രീയ സമർദവും ശക്തമായതോടെ പി.എസ്.സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്നവരിൽ പലരുടെയും അവസരം നഷ്ടമാകും.
പാക്കർ, സ്വീപ്പർ, ഓഫിസ് അറ്റൻഡൻറ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് കാര്യമായ പ്രമോഷൻ സാധ്യതകളില്ലെന്ന് കണക്കാക്കിയാണ് ഭരണാനുകൂല സംഘടനകളുടെ ഒത്താശയോടെ സ്പെഷൽ റൂൾ ഭേദഗതി വരുത്താനുള്ള നീക്കം നടക്കുന്നത്. ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്പെഷൽ റൂൾസിൽ ഭേദഗതികൾ വരുത്തി ബൈ ട്രാൻസ്ഫർ നിയമനത്തിൽ അഞ്ച് ശതമാനം സംവരണം നേടാനാണ് ശ്രമം.
നേരത്തേ 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഫയൽ നീക്കം വകുപ്പിൽ നടന്നെങ്കിലും പി.ആർ.ഡിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശക്തമായ എതിർപ്പറിയിച്ചതോടെ നീക്കം പൊളിയുകയായിരുന്നു. എന്നാൽ, 23 അസി. ഇൻഫർമേഷൻ ഓഫിസർ തസ്തികയിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതും ഈ തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സർക്കാർ പി.എസ്.സിക്ക് കത്ത് നൽകിയതോടെ ഫയലുകൾക്ക് വീണ്ടും ജീവൻ വെക്കുകയായിരുന്നു.
പി.എസ്.സി നിയമനം നടക്കുമെന്നറിഞ്ഞ് പാക്കർ, സ്വീപ്പർ, ഒ.എ തസ്തികകളിലുള്ളവർ മാസങ്ങൾക്കുമുമ്പേ വിദൂര വിദ്യാഭ്യാസം വഴി ജേണലിസം യോഗ്യത നേടിയിരുന്നു. നിലവിലുള്ള ഒഴിവുകൾ പി.എസ്.സി വഴി നികത്തുന്നതിനു മുേമ്പ കടന്നുകൂടുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ സീനിയോറിറ്റി ലഭിക്കുകയും ഇന്നത്തെ അവസ്ഥയിൽ നാലു വർഷത്തിനകം ഇൻഫർമേഷൻ ഓഫിസർ വരെയായി മാറാനും സാധിക്കും.
റിപ്പോർട്ട് ചെയ്ത 23 ഒഴിവിലേക്ക് പ്രസിദ്ധീകരിക്കാൻ പോകുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തിയാലും സ്പെഷൽ റൂൾ ഭേദഗതി നടപ്പാക്കുന്നതോടെ ഈ റാങ്ക് ലിസ്റ്റ് റദ്ദാകുമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു. സ്പെഷൽ റൂൾ അംഗീകരിച്ച ദിവസം മുതൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പുതിയ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നികത്തുക. ഇതിനായി വീണ്ടും പി.എസ്.സിക്ക് പരീക്ഷ നടത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.