കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം

കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് മികച്ച അവസരം. 2025 ഏപ്രിലിൽ ആരംഭിക്കുന്ന 64ാമത് ഷോർട്ട് സർവിസ് കമീഷൻ (ടെക്) മെൻ 35-ാമത് എസ്.എസ്.സി (ടെക്) വിമൻ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. മരണപ്പെട്ട സായുധ സേനാ ജീവനക്കാരുടെ വിധവകളെയും പരിഗണിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി (പി.സി.ടി.എ) ​ചെന്നെയിലാണ് പരിശീലനം. പരിശീലന ചെലവുകൾ സർക്കാർ വഹിക്കും. കൂടാതെ, പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റുമുണ്ട്.

ഒഴിവുകൾ: വിവിധ എൻജിനീയറിങ് സ്കീമുകളിലായി ആകെ 379 ഒഴിവുകളുണ്ട്. ഇതിൽ എസ്.എസ്.സി ടെക്നിക്കൽ വിഭാഗത്തിലായി 350 ഒഴിവുകളാണുള്ളത്. (സിവിൽ 75, കമ്പ്യൂട്ടർ സയൻസ് 60, ഇലക്ട്രിക്കൽ 33, ഇലക്ട്രോണിക്സ് 64, മെക്കാനിക്കൽ 10, മറ്റു ബ്രാഞ്ചുകൾ 17). എസ്.എസ്.സി (ടെക്) വിമൻസ് വിഭാഗത്തിന് 29 ഒഴിവുകൾ ലഭ്യമാണ് (സിവിൽ ഏഴ്, കമ്പ്യൂട്ടർ സയൻസ് നാല്, ഇലക്ട്രിക്കൽ മൂന്ന്, ഇലക്ട്രോണിക്സ് ആറ്, മെക്കാനിക്കൽ ഒമ്പത്).

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. അവസാന വർഷ എൻജിനീയറിങ് ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. 2025 ഏപ്രിൽ ഒന്നിനകം യോഗ്യത തെളിയിക്കണം. പ്രായപരിധി 20-27 വയസ്സ്. 1998 ഏപ്രിൽ രണ്ടിനും 2005 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.

ഡിഫൻസ് ജീവനക്കാരുടെ വിധവകൾക്ക് 35 വയസ്സ് വരെയാകാം. ഇവർക്ക് എസ്.എസ്.സി നോൺ ടെക്, ടെക്നിക്കൽ വിഭാഗങ്ങളിൽ ഓരോ ഒഴിവുണ്ട്. നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് ഏതെങ്കിലും വിഭാഗത്തിൽ ബിരുദം മതി. എന്നാൽ, ടെക്നിക്കൽ വിഭാഗത്തിലേക്ക് ഏതെങ്കിലും സ്ട്രീമിൽ ബി.ഇ/ബി.ടെക് ബിരുദം വേണം.

വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www. joinindianarmy.nic.in ൽ ലഭിക്കും. ഓഫിസർ എൻട്രി ലോഗിൻ ചെയ്ത് ഓൺലൈനായി ആഗസ്റ്റ് 14ന് വൈകീട്ട് മൂന്നു മണിവരെ അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷൻ >>>

യോഗ്യത പരീക്ഷയിലെ മാർക്കി​ന്റെ മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് മുമ്പാകെ ഇന്റർവ്യൂവിന് ക്ഷണിക്കും. അഞ്ചു ദിവസത്തോളം നീളുന്ന സൈക്കോളജിക്കൽ, ഗ്രൂപ് ടെസ്റ്റുകൾ അടങ്ങുന്ന പരീക്ഷയിൽ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തിയാവും തെരഞ്ഞെടുക്കുക. ബംഗളൂരു, ഭോപാൽ, അഹ്മദാബാദ്, ജലന്തർ എന്നിവിടങ്ങളിലാണ് ടെസ്റ്റും ഇന്റർവ്യൂവും നടക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ചത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പി.ജി ഡിപ്ലോമ നൽകി ലഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 രൂപ ശമ്പള നിരക്കിൽ ഓഫിസറായി നിയമനം നൽകും.

Tags:    
News Summary - Opportunity for engineering graduates in Army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.