തിരുവനന്തപുരം: വൈകി നടത്തിയ അധ്യാപക യോഗ്യത പരീക്ഷയിൽ (കെ-ടെറ്റ്) കുരുങ്ങി ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് പി.എസ്.സി പരീക്ഷാവസരം നഷ്ടമാകുന്നു. മാത്സ്, നാച്ചുറൽ സയൻസ് ഹൈസ്കൂൾ (എച്ച്.എസ്.എ) പരീക്ഷക്കായി മാസങ്ങളായി മുന്നൊരുക്കം നടത്തുന്നവർക്കാണ് കെ-ടെറ്റ് ഫലം വിലങ്ങുതടിയായത്. പി.എസ്.സി വിജ്ഞാപനപ്രകാരം എച്ച്.എസ്.എ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്നാണ്.
ജനുവരി 17ന് നടത്തിയ കെ-ടെറ്റ് മൂന്നാം കാറ്റഗറി പരീക്ഷ ഫലം അപ്പോഴേക്കും പ്രസിദ്ധീകരിക്കാനാകില്ലെന്നാണ് പരീക്ഷ ഭവൻ ഉദ്യോഗാർഥികളെ അറിയിച്ചത്. വർഷത്തിൽ രണ്ടുതവണ നടത്താറുള്ള കെ-ടെറ്റ് 2020ൽ കോവിഡ് കാരണം നടന്നില്ല. നവംബറിലെങ്കിലും നടത്തണമെന്ന് ആവശ്യവുമുയർന്നിരുന്നു. ഡിസംബർ 29ന് നടത്താനിരുന്ന പരീക്ഷ നടത്തിയതാകെട്ട ജനുവരി 17ന്.
എച്ച്.എസ്.എ മാത്സ് തസ്തികയിലേക്ക് ഒടുവിൽ വിജ്ഞാപനം വന്നത് 2012ലാണ്. പരീക്ഷ നടന്നത് 2016ലും. റാങ്ക് പട്ടിക വന്നത് 2018ൽ. എട്ട് വർഷത്തിനുശേഷം വരുന്ന പരീക്ഷക്ക് ഒരുങ്ങിയവർക്കുമുന്നിൽ കെ-ടെറ്റ് പരീക്ഷഫലം വെല്ലുവിളിയായി നിൽക്കുന്നു.
കോവിഡ് സാഹചര്യത്തിൽ ഒരു വർഷം പരീക്ഷ നടക്കാത്തതിനാൽ എച്ച്.എസ്.എ മാത്സ്, നാച്ചുറൽ സയൻസ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടണമെന്ന് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കും പി.എസ്.സി ചെയർമാനും കത്തയച്ചു. കെ-ടെറ്റ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.