വായുസേനയിൽ അഗ്നിവീർ (ഇൻടേക്ക് 01/2025) തസ്തികയിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് മാർച്ച് 17 മുതൽ ആരംഭിക്കും. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ജനുവരി 17 മുതൽ ഫെബ്രുവരി ആറുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.inൽ ലഭിക്കും. രജിസ്ട്രേഷനുള്ള സൗകര്യം വെബ്സൈറ്റിലുണ്ട്.
മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ ഇന്റർമീഡിയറ്റ്/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിനും 50 ശതമാനം മാർക്കുണ്ടാകണം. അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി ബ്രാഞ്ചിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ (മെട്രിക്കുലേഷൻ/പ്ലസ് ടു/ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം).
ശാസ്ത്രേതര വിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കോടെ (ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയരുത്) വിജയിച്ചിട്ടുള്ളവരെയും പരിഗണിക്കും.
മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരാകണം. ഉയരം: പുരുഷന്മാർക്ക് 152.5 സെ.മീറ്ററിൽ കുറയാതെയും വനിതകൾക്ക് 152 സെന്റീമീറ്ററിൽ കുറയാതെയും. ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഭാരവും ഉണ്ടായിരിക്കണം. ലക്ഷദ്വീപ് നിവാസികൾക്ക് 150 സെ.മീറ്റർ ഉയരം മതിയാകും.
നെഞ്ചളവ് പുരുഷന്മാർക്ക് 77 സെ.മീറ്ററിൽ കുറയാതെയും വികാസശേഷി അഞ്ച് സെ.മീറ്ററും വേണം. വൈകല്യങ്ങൾ പാടില്ല. പ്രായപരിധി 21 വയസ്സ്. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും മധ്യേ ജനിച്ചവരാകണം. സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലു വർഷക്കാലം സേവനമനുഷ്ഠിക്കാം. ഒന്നാം വർഷം പ്രതിമാസം 30,000 രൂപയും രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയുമാണ് ശമ്പളം. ഇതിൽ 30 ശതമാനം കോർപസ് ഫണ്ടിലേക്ക് പിടിക്കും. പിരിഞ്ഞുവരുമ്പോൾ ഏകദേശം 10.04 ലക്ഷം രൂപ സേവാനിധിയായി ലഭിക്കും. സേവന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കും.
നാലു വർഷത്തെ സേവനത്തിന് ശേഷം വ്യോമസേനയിൽ റഗുലർ എയർമെൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.