തിരുവനന്തപുരം: സ്കൂൾ പരീക്ഷ ചോദ്യങ്ങളിൽ ഇനി പഠനനേട്ടം ഉറപ്പാക്കിയോ എന്ന പരിശോധനയും. ചോദ്യപേപ്പർ തയാറാക്കുന്നത് സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം അടങ്ങിയിരിക്കുന്നത്.
ഇതിനായി പഠനപ്രക്രിയയിൽ ആശയ സ്വാംശീകരണം, പ്രയോഗശേഷി, ഗണന ചിന്ത, വിശകലനാത്മക ചിന്ത, വിമർശനാത്മക ചിന്ത, സർഗാത്മക ചിന്ത, മൂല്യമനോഭാവങ്ങൾ എന്നിവ സംബന്ധിച്ച പരിശോധന ചോദ്യങ്ങളിൽ ഉൾക്കൊള്ളിക്കണം.
വിഷയങ്ങളുടെ സ്വഭാവമനുസരിച്ച് ഈ ഘടകങ്ങളിൽ മാറ്റമുണ്ടാകും. ഉദാഹാരണത്തിന്, ഭാഷാ വിഷയങ്ങളിൽ വിദ്യാർഥിയുടെ സർഗാത്മക ചിന്ത പോലുള്ള ഘടകങ്ങൾ പരിശോധിക്കുമ്പോൾ ഗണിതത്തിൽ ഗണന ചിന്ത പോലുള്ള ഘടകങ്ങളായിരിക്കും പരീക്ഷയിലൂടെ വിലയിരുത്തുക.
ഓരോ വിഷയത്തിലും അറിവിന്റെ അടിസ്ഥാനതലം, ശരാശരിതലം, ആഴത്തിലുള്ള തലം എന്നിവ പരിശോധിക്കണമെന്നും നിർദേശിക്കുന്നു. നിലവിൽ ഇത്തരം ഘടകങ്ങളുടെ കൃത്യമായ പരിശോധനയില്ലാതെയാണ് ചോദ്യങ്ങൾ തയാറാക്കുന്നത്. നടപ്പാക്കുന്ന ഘട്ടം മുതൽ വാർഷിക പരീക്ഷയിൽ ഉൾപ്പെടെ ഈ പരിശോധന നടത്തും.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെ കേന്ദ്ര ബോർഡുകളുടെയും വിവിധ സംസ്ഥാന ബോർഡുകളുടെയും മൂല്യനിർണയ രീതി വിലയിരുത്തിയാണ് പുതിയ ചോദ്യമാതൃകയുടെ കരട് എസ്.സി.ഇ.ആർ.ടിയുടെ സ്റ്റേറ്റ് അസസ്മെന്റ് സെൽ രൂപപ്പെടുത്തിയത്.
വർധിച്ചുവരുന്ന മത്സര പരീക്ഷകളുടെ സാഹചര്യത്തിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളെ കൂടുതൽ മത്സരക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരീക്ഷാ ചോദ്യങ്ങളുടെ മാതൃകയിൽ മാറ്റംകൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞ എസ്.എസ്.എൽ.സി ഫലപ്രഖ്യാപന സമയത്ത് തന്നെ ഇതുസംബന്ധിച്ച നടപടികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. തുടർനടപടിയായാണ് എസ്.സി.ഇ.ആർ.ടി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്.
എട്ടാം ക്ലാസ് മുതൽ മാറ്റം കൊണ്ടുവരുമ്പോഴും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഘട്ടംഘട്ടമായി ഈ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. പരീക്ഷ പാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാനുള്ള നിർദേശത്തിന് നേരത്തെ മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.