തോട്ടക്കാട് ഗവൺമെന്റ് എൽ.പി.എസിലെ അധ്യാപികയായ ഷമീന ടീച്ചർ നേതൃത്വം നൽകുന്ന ഒരു വിദ്യാലയത്തെയും രക്ഷിതാക്കളെയും നാട്ടുകാരെയും നല്ല വായനക്കാരാക്കുന്ന ഗവേഷണാത്മക പദ്ധതിക്ക് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി യുടെ സംസ്ഥാന അംഗീകാരം. സ്ഥിരമായി ക്ലാസിൽ എത്താത്ത ഒരു കുട്ടിയെ തിരക്കിയുള്ള ടീച്ചറിന്റെ യാത്രയും കുട്ടി ക്ലാസിൽ എത്താത്തതിനെ കുറിച്ചുള്ള അന്വേഷണവുമാണ് ഗുണകരമായ ഏതെങ്കിലും കാര്യങ്ങളിൽ കുട്ടികളെ വ്യാപൃതരാക്കണമെന്ന ചിന്ത ടീച്ചറിൽ ഉണ്ടാക്കിയത്. അങ്ങനെയാണ് വിദ്യാലയത്തിലും നാട്ടിലും രക്ഷിതാക്കൾക്കും ഒക്കെ നല്ല വായന പുസ്തകങ്ങൾ നൽകിക്കൊണ്ട് അവരെ മികച്ച വായനക്കാരാക്കാനുള്ള ശ്രമം തുടങ്ങിയത്.
ഇത്തരത്തിൽ വായനയെ ഇഷ്ടപ്പെട്ട തുടങ്ങിയ കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ വീടുകളിലും ടീച്ചറിന്റെ ഇടപെടലുകളോടെ ലൈബ്രറികൾ ഒരുക്കിക്കൊണ്ട് സ്വതന്ത്ര വായനയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. 1000ത്തിലധികം പുസ്തകങ്ങൾ വീടുകളിൽ സൂക്ഷിക്കുന്ന കുട്ടികൾ വരെ ഈ പദ്ധതിയിൽ ഉൾപ്പെട്ടവരാണ്. വർഷംതോറും വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന കൂട്ടുകാർ, പുതുതായി വിദ്യാലയത്തിൽ എത്തുന്ന കൂട്ടുകാർ, നാട്ടുകാർ,എന്നിവരിൽ മികച്ച വായന സംസ്കാരമാണ് ഇതിലൂടെ സൃഷ്ടിക്കുവാൻ കഴിഞ്ഞിരിക്കുന്നത്.
എസ്.ഇ.ആർ.ടിയുടെ 2022-23 വർഷത്തെ മികവ് സീസൺ ഫൈവ് പുരസ്കാരത്തിലേക്ക് തോട്ടയ്ക്കാട് ഗവൺമെന്റ് എൽ.പി.എസിന്റെ ഈ തനത് പ്രവർത്തനമാണ് തെരഞ്ഞെടുത്തതും പുരസ്കാരത്തിന് അർഹമാക്കിയതും. കേരളത്തിൽ നിന്നു തെരഞ്ഞെടുത്ത 12 വിദ്യാലയങ്ങളിൽ ഒന്നും തിരുവനന്തപുരം ജില്ലയിലെ ഏക വിദ്യാലയവും ആണ് തോട്ടയ്ക്കാട് ഗവൺമെന്റ് എൽ.പി.എസ് നല്ല വായനയിലൂടെ സ്വതന്ത്ര വായനക്കാരും എഴുത്തുകാരുമായ കുട്ടികൾ അവരുടെ ഡയറിക്കുറിപ്പുകളുടെ സമാഹാരമായ ഡയറിയിലെ വരികൾ വരകളും എന്ന പുസ്തകം ടീച്ചറിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇത് സംസ്ഥാനത്ത് ആകെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇടവേളകളിലെ കഥാനേരം പരിപാടി, അമ്മയും കുഞ്ഞും ചേർന്നിരുന്നുള്ള രസകരമായ വായന, രസകരമായ ആസ്വാദ്യക്കുറിപ്പുകൾ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ തുടരുകയാണ്. മികച്ച വിദ്യാലയ പുരസ്കാരവും ഗവേഷണ പ്രവർത്തനത്തിലൂടെ വിദ്യാലയത്തെ മികവിലേക്ക് ഉയർത്തി യതിനുള്ള സർട്ടിഫിക്കറ്റും ഡയറക്ടർ ആർ.കെ. ജയപ്രകാശിൽ നിന്ന് ഷമീന ടീച്ചർ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.