കാലിക്കറ്റിലെ ബി.എഡ്​ സെൻററുകൾക്ക്​ അംഗീകാരം നഷ്​ടമാകില്ല –വി.സി

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാല നടത്തുന്ന സ്വാശ്രയ ബി. എഡ്​ കോളജുകളുടെ അംഗീകാരം റദ്ദാക്കാൻ എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ ​േഫാർ ടീച്ചർ എജുക്കേഷൻ) തീരുമാനിച്ചത്​ ഇത്തവണത്തെ പ്രവേശനത്തെ ബാധിക്കില്ലെന്ന്​ വൈസ്​ ചാൻസലർ ഡോ. എം.കെ ജയരാജ്​. അപ്പീൽ നൽകാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്​. ന്യൂനതകൾ പരിഹരിച്ച്​ അംഗീകാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുണ്ട്​. നേരത്തേയും അംഗീകാരം തിരിച്ചുപിടിച്ചതായി വി.സി പറഞ്ഞു. അംഗീകാരം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ അടുത്താഴ്ച തന്നെ കൗണ്‍സിലിന് ലഭ്യമാക്കും.

ബി.എഡ്. കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുമെന്നും അംഗീകാരത്തി​െൻറ കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ 11 ബി.എഡ്. പഠനകേന്ദ്രങ്ങളില്‍ ഒരെണ്ണമൊഴികെ എല്ലാം സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എം.എല്‍.എ., എം.പി. ഫണ്ടുകളുപയോഗിച്ചും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തിലുമാണ് ഇവ സജ്ജമാക്കിയത്.

ചാലക്കുടിയിലെ കേന്ദ്രം മാത്രമാണ് പാട്ടവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതും സ്വന്തം കെട്ടിടത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരാണ് കേന്ദ്രങ്ങളില്‍ അധ്യാപകരായുള്ളത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന രേഖകള്‍ ഉടനെതന്നെ കൗണ്‍സിലിന് നല്‍കും. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍, കുറഞ്ഞ ഫീസില്‍ പഠനസൗകര്യം നല്‍കുന്ന കേന്ദ്രങ്ങള്‍ നിലനിര്‍ത്താന്‍ നിയമോപദേശം തേടാനും തീരുമാനമുണ്ട്.

വടകര, ചക്കിട്ടപ്പാറ, സുൽത്താൻ ബത്തേരി, മഞ്ചേരി, മലപ്പുറം, ചാലക്കുടി, അരണാട്ടുകര, കണിയാമ്പറ്റ, ചാലക്കുടി, കൊടുവായൂർ, വലപ്പാട് എന്നീ സെൻററുകളുടെ അംഗീകാരം തടയാൻ സെപ്​റ്റംബറിലാണ്​ എൻ.സി.ടി.ഇ ഉന്നതാധികാര സമിതി ശിപാർശ ചെയ്​തത്​. കഴിഞ്ഞ ദിവസം ഈ ശിപാർശ എൻ.സി.ടി.ഇ അംഗീകരിക്കുകയായിരുന്നു.

2014ലും ബി.എഡ്​ സെൻററുകൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. പിന്നീട്​ ഹൈകോടതി തീരുമാനം സ്​റ്റേ ചെയ്​തു. ഈ വിധി നിലനിൽക്കേയാണ്​ എൻ.സി.ടി.ഇയു​െട നടപടി. 2014 മുതൽ ഈ സെൻററുകൾക്ക്​ അംഗീകാരമി​െല്ലന്നാണ്​ സമിതിയുടെ കണ്ടെത്തൽ. സെൻററുകൾ ഒറ്റയടിക്ക് പൂട്ടിയാൽ മലബാറിൽ കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യം വിദ്യാർഥികൾക്ക് ഇല്ലാതാകും. ഈ വർഷവും നിലവിലുള്ള 500 സീറ്റിലേക്ക് 30000 അപേക്ഷകളുണ്ട്​.

'നാക്' അംഗീകാരം: പിന്തുണയേകി സിന്‍ഡിക്കേറ്റ്

യു.ജി.സിയുടെ 'നാക്' അംഗീകാര പരിശോധനയില്‍ മികച്ച റാങ്ക് നേടിയെടുക്കാന്‍ പൂര്‍ണ പിന്തുണയേകി കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്. 'നാക്' അംഗീകാരവുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന പ്രത്യേക യോഗത്തിന് മുന്നോടിയായി സിന്‍ഡിക്കേറ്റംഗങ്ങള്‍ വിവിധ സമിതികളുടെ കണ്‍വീനര്‍മാരുമായി ചര്‍ച്ച നടത്തി. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി പോസ്​റ്റ്​ ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്താനും മികച്ച ഗവേഷണ പ്രബന്ധത്തിനും പേപ്പറിനും ക്യാഷ് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു. യഥാക്രമം 5000, 10000 രൂപ വീതമാണ് നല്‍കുക. പഠനവകുപ്പുകളില്‍ വിദേശത്തുനിന്നുള്ള വിദഗ്ധരെയും വിസിറ്റിങ് പ്രഫസര്‍മാരായി എത്തിക്കും. ഭരണനവീകരണവുമായി ബന്ധപ്പെട്ട ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് വകുപ്പ് മേധാവികള്‍ക്ക് ചുമതല നല്‍കി.

വിവിധ വകുപ്പുകളുടെ ആധുനികവത്കരണത്തിനായി ആഭ്യന്തര ഗുണനിലവാര സമിതി (ഐ.ക്യു.എ.സി.) സമര്‍പ്പിച്ച 22 പദ്ധതികള്‍ അംഗീകരിച്ചു. ഇതി​െൻറ ഭാഗമായുള്ള കാമ്പസ് റേഡിയോ പുതുവത്സരത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. അഫിലിയേറ്റഡ് കോളജുകളിലെ റിസർച്ച് സെൻററുകളിലെ വിദ്യാർഥികൾക്ക് ഫെലോഷിപ്​ നൽകുന്നത്​ പഠിക്കാൻ കമ്മിറ്റി രൂപവത്​കരിച്ചു.

ലക്ഷദ്വീപിലെ സർവകലാശാലയുടെ സെൻററുകൾ മറ്റ്​ സർവകലാശാലകളിലേക്ക്​ പോകുന്നതിൽ നിയമോപദേശം തേടും. അഫിലിയേറ്റഡ് എയ്ഡഡ് കോളജുകളിലെ വകുപ്പ്​ തലവന്മാർക്ക്​ ഓരോ രണ്ടു വർഷം കൂടുമ്പോഴും മാറ്റം വരും. ഇക്കാര്യത്തിലുള്ള സ്​റ്റാറ്റ്യൂട്ട് ഭേദഗതി അംഗീകരിച്ചു. വനിത സെക്യൂരിറ്റി സ്​റ്റാഫിനെ നിയമിക്കും. നാക്​ വിസിറ്റ് ഭാഗമായി സൈക്കിൾ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങും. ഇൻറർ ഡിസിപ്ലിനറി മ്യൂസിയം പുനരാരംഭിക്കും.

എൻജിനീയറിങ് വകുപ്പി​​‍െൻറ ആഭ്യന്തരപ്രശ്നങ്ങൾ യൂനിവേഴ്സിറ്റിയുടെ നിർമാണപ്രവർത്തനങ്ങളെയും ബാധിക്കുന്നതായി യോഗം വിലയിരുത്തി. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ വി.സിയെ ചുമതലപ്പെടുത്തി.

Tags:    
News Summary - B.Ed centers in Calicut will not lose recognition - VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.