തിരുവനന്തപുരം: എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെൻറ് പൂർത്തിയായപ്പോൾ റാങ്ക് പട്ടികയിൽ പിറകിലുള്ളവർക്കുപോലും മുന്നാക്ക സംവരണബലത്തിൽ സർക്കാർ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം. മൂന്ന് റൗണ്ട് അലോട്ട്മെൻറും സർക്കാർ, എയ്ഡഡ് കോളജുകളിലേക്ക് പ്രത്യേകമായി രണ്ട് റൗണ്ട് മോപ് അപ് അലോട്ട്മെൻറുമാണ് കമീഷണർ നടത്തിയത്.
ഇതിൽ 44,468ാം റാങ്ക് നേടിയ വിദ്യാർഥിക്ക് വരെ മുന്നാക്ക സംവരണത്തിൽ സർക്കാർ എൻജിനീയറിങ് കോളജിൽ പ്രവേശനം കിട്ടി. സംസ്ഥാന എൻജിനീയറിങ് റാങ്ക് പട്ടികയിൽ 53,236 പേരാണ് ആകെയുള്ളത്. മുന്നാക്ക സംവരണത്തിനായി പ്രവേശന പരീക്ഷ കമീഷണർ തയാറാക്കിയ കാറ്റഗറി പട്ടികയിൽ 2151 പേരാണ് ഉൾപ്പെട്ടത്. ഇതിൽ 1997ാമത്തെ വിദ്യാർഥിയാണ് സർക്കാർ കോളജിൽ പ്രവേശനം ലഭിച്ച 44,468ാം റാങ്കുകാരൻ. ഇൗഴവ വിഭാഗത്തിൽനിന്ന് സർക്കാർ കോളജിൽ പ്രവേശനം ലഭിച്ച അവസാന റാങ്ക് 28,815ഉം മുസ്ലിം വിഭാഗത്തിൽ 29,938ഉം ആണ്. ഇവരെക്കാൾ 15,000 റാങ്കിൽ പിറകിൽ നിൽക്കുന്ന വിദ്യാർഥിക്കും മുന്നാക്ക സംവരണ ആനുകൂല്യത്തിൽ സർക്കാർ കോളജിൽ പ്രവേശനം ലഭിച്ചു.
കൂടുതൽ ഡിമാൻഡുള്ള കമ്പ്യൂട്ടർ സയൻസിൽ സർക്കാർ കോളജിൽ 14,261ാം റാങ്കുള്ള വിദ്യാർഥിക്ക് വരെ മുന്നാക്ക സംവരണത്തിൽ പ്രവേശനം ലഭിച്ചു. സർക്കാർ എൻജിനീയറിങ് കോളജുകളിൽ മുൻനിരയിൽ നിൽക്കുന്ന തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) പോലും 6277ാം റാങ്കുള്ള വിദ്യാർഥിക്ക് മുന്നാക്ക സംവരണ ആനുകൂല്യത്തിൽ സിവിൽ എൻജിനീയറിങിൽ പ്രവേശനം ലഭിച്ചു. സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസിൽ ഇൗഴവ സംവരണത്തിൽ പ്രവേശനം ലഭിച്ച അവസാന റാങ്ക് 680ഉം മുസ്ലിം വിഭാഗത്തിൽ 765 ഉം ആണെങ്കിൽ 1099ാം റാങ്കുള്ള മുന്നാക്ക സംവരണക്കാരനും ഇതെ ബ്രാഞ്ചിൽ പ്രവേശനം ലഭിച്ചു.
സി.ഇ.ടിയിൽ അഞ്ച് പ്രധാന ബ്രാഞ്ചുകളിൽ മുന്നാക്ക സംവരണ ആനുകൂല്യത്തിൽ പ്രവേശനം ലഭിച്ച അവസാന റാങ്ക് 6277 ആണ്. ഇൗഴവ സംവരണത്തിൽ ഇത് 4372ഉം മുസ്ലിം സംവരണത്തിൽ ഇത് 4191ഉം ആണ്. രണ്ടാം മോപ് അപ്പിനു ശേഷവും സർക്കാർ, എയ്ഡഡ് കോളജുകളിൽ സീറ്റൊഴിവ് വന്നാൽ സ്പോട്ട് അഡ്മിഷൻ പ്രകാരമായിരിക്കും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.