കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള കൽപാക്കം ഇന്ദിര ഗാന്ധി സെൻറർ ഫോർ അറ്റോ മിക് റിസർച്ച് (ഐ.ജി.സി.എ.ആർ) ശാസ്ത്ര-സാങ്കേതിക മേഖലയിൽ ഗവേഷണ പഠനത്തിന് 30 ജൂനി യർ റിസർച്ച് ഫെലോഷിപ്പുകൾ സമ്മാനിക്കും. ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, എൻജി നീയറിങ് സയൻസസ് മേഖലകളിലാണ് പഠനാവസരം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൽപിത സർവകലാശാലയായ ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം. എം.എസ്സി/എം.ടെക് പ്രോഗ്രാമിന് ചേർന്നവർക്ക് ഡയറക്ട് പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം. ബി.ഇ./ബി.ടെക്കുകാരെ ഒരു ഇൻറഗ്രേറ്റഡ് പി.എച്ച്ഡി/എം.എസ്സി, എൻജിനീയറിങ് + പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേക്ക് പരിഗണിക്കും.
യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ വിഷയത്തിൽ അക്കാദമിക് മികവോടെ (55 ശതമാനം മാർക്കിൽ കുറയരുത്) ബിരുദ/ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺക്രീമിലെയർ/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യത പരീക്ഷ പൂർത്തിയാക്കിയവരേയും പരിഗണിക്കും. പ്രായപരിധി 28 വയസ്സ്. ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവു ലഭിക്കും. അപേക്ഷ ഓൺലൈനായി ഏപ്രിൽ മൂന്നുവരെ സമർപ്പിക്കാം.
അപേക്ഷകർ ഗേറ്റ്/യു.ജി.സി-സി.എസ്.ഐ.ആർ-നെറ്റ്/ജെസ്റ്റ്/ഐ.എൻ.എസ്.എ.ആർ.ഇ ഫെലോഷിപ് യോഗ്യത നേടിയിരിക്കണം. ഉയർന്ന കട്ട് ഓഫ് സ്കോർ നേടിയവരെ എഴുത്തു പരീക്ഷയിൽനിന്നും ഒഴിവാക്കും.
അപേക്ഷകരുടെ ചുരുക്ക പട്ടിക തയാറാക്കി എഴുത്തു പരീക്ഷ/വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
ഡയറക്ട് പിഎച്ച്.ഡികാർക്ക് അഞ്ചു വർഷത്തേക്ക് മാസം 3100-3500 രൂപയും ഇൻറഗ്രേറ്റഡ് പിഎച്ച്.ഡികാർക്ക് ആറു വർഷത്തേക്ക് മാസം 2000-3500 രൂപയും ഫെലോഷിപ്പായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.igcar.gov.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.