തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ആദ്യ അലോട്ട്മെന്‍റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്. അലോട്ട്മെന്‍റ് ലഭിച്ചവർ അലോട്ട്മെന്‍റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണറുടെ പേരിൽ അടക്കേണ്ടതുമായ ഫീസ് വ്യാഴാഴ്ച മുതൽ നവംബർ നാലു വരെ ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടക്കണം.
29 മുതൽ നവംബർ നാലിന് വൈകീട്ട് നാലു വരെ പ്രവേശനം നേടാം. വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരം ഫീസ് ആനുകൂല്യത്തിന് അർഹരായവർ 1000 രൂപ ടോക്കൺ ഫീസ് അടക്കണം. സ്വാശ്രയ മെഡിക്കൽ, ഡെന്‍റൽ കോളജുകളിലെ 2022-23 വർഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ തുകയാണ് താൽക്കാലിക ഫീസായി അടക്കേണ്ടത്.
ഫീസ് ഘടന പുതുക്കുമ്പോൾ ആ തുക അടക്കേണ്ടിവരും. എൻ.ആർ.ഐ ക്വോട്ട അലോട്ട്മെന്‍റ് ലഭിച്ചവർ സ്പോൺസറുടെ കാലാവധി സംബന്ധിച്ച രേഖയിൽ ന്യൂനതയുണ്ടെങ്കിൽ രണ്ടാംഘട്ട അലോട്ട്മെന്‍റിന്‍റെ ഓപ്ഷൻ കൺഫർമേഷൻ തീയതി അവസാനിക്കുന്നതിനു മുമ്പ് പുതിയ രേഖ അപ്ലോഡ് ചെയ്ത് പരിഹരിക്കണം.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഈ ഘട്ടത്തിൽ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. നിലവിലെ ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കാനും അവസരമുണ്ടാകും.
അലോട്ട്മെന്‍റ് ലഭിച്ചവർ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്‍റും ബന്ധപ്പെട്ട സ്ട്രീമിലെ ഉയർന്ന ഓപ്ഷനും റദ്ദാകും. അലോട്ട്മെന്‍റ് ലഭിച്ചവർ ഹോംപേജിൽനിന്ന് അലോട്ട്മെന്‍റ് മെമ്മോ പ്രിന്‍റ് എടുക്കണം.
ഹോംപേജിൽനിന്ന് ഡേറ്റ ഷീറ്റ് പ്രിന്‍റെടുത്ത് പ്രവേശനത്തിന് ഹാജരാക്കണം. പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളും പ്രവേശന സമയത്ത് ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.