തിരുവനന്തപുരം: പരിഷ്കാരങ്ങൾ തിരിച്ചടിയായതോടെ കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന പരീക്ഷകൾക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പി.എസ്.സി തീരുമാനിച്ചു. തിങ്കളാഴ്ച ചേർന്ന കമീഷനാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. മുൻ ചെയർമാന്റെ കാലത്ത് നടപ്പാക്കിയ പരീക്ഷ പരിഷ്കരണം ഉദ്യോഗാർഥികൾക്കും പി.എസ്.സിക്കും ഒരുപോലെ തലവേദനയായതോടെയാണ് നടപടി. പരീക്ഷ പരിഷ്കരണത്തിന് പി.എസ്.സി തയാറെടുക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളിൽ ക്ലർക്ക് (എൽ.ഡി ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളാണ് ആദ്യഘട്ടമായി പ്രാഥമിക പരീക്ഷയിൽനിന്ന് ഒഴിവാക്കുന്നത്. ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30നു പുറപ്പെടുവിക്കും. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും.
അപേക്ഷകരെ കുറച്ച് വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻ ചെയർമാന് എം.കെ. സക്കീറിന്റെ കാലത്ത് യു.പി.എസ്.സി മാതൃകയിൽ പരീക്ഷകൾ രണ്ടുഘട്ടമാക്കിയത്. ഏകപക്ഷീയമായ തീരുമാനത്തിനെതിരെ അന്നുതന്നെ പി.എസ്.സിക്കകത്തും പുറത്തും എതിർപ്പ് ശക്തമായിരുന്നു. എന്നാൽ, എതിർപ്പുകളെ അവഗണിച്ച് മുന്നോട്ടുപോകാനായിരുന്നു തീരുമാനം. രണ്ടുഘട്ട പരീക്ഷ നടപ്പാക്കിയതോടെ പി.എസ്.സിയുടെ ജോലിഭാരവും ചെലവും വർധിച്ചു. പരിഷ്കാരം ഉദ്യോഗാർഥികളെയും വലച്ചു. ഇതോടെ തസ്തികയുടെ സവിശേഷത നോക്കി മാത്രം പ്രാഥമിക പരീക്ഷ നടത്തിയാൽ മതിയെന്ന നിലപാടിലാണ് ഇപ്പോൾ കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.