തിരുവനന്തപുരം: എം.എസ്സി നഴ്സിങ് കോഴ്സ് പ്രവേശനത്തിലും പിന്നാക്ക, എസ്.സി സംവരണങ്ങളെ പിറകിലാക്കി മുന്നാക്ക സംവരണം. ആദ്യ അലോട്ട്മെൻറ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ റാങ്ക് പട്ടികയിൽ 580ാം സ്ഥാനത്തുള്ള വിദ്യാർഥിക്കുവരെ മുന്നാക്ക സംവരണത്തിൽ സർക്കാർ നഴ്്സിങ് കോളജിൽ പ്രവേശനം തരപ്പെട്ടപ്പോൾ എസ്.സി വിഭാഗത്തിൽനിന്ന് പ്രവേശനം ലഭിച്ച അവസാന റാങ്ക് 393 ആണ്.
പിന്നാക്ക വിഭാഗങ്ങൾക്ക് (എസ്.ഇ.ബി.സി) ആകെ ഒമ്പത് ശതമാനം സംവരണമുള്ള കോഴ്സിൽ മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റുകളാണ് അനുവദിച്ചത്. സർക്കാർ നഴ്സിങ് കോളജുകളിൽ ആകെയുള്ള 143 സീറ്റുകളിൽ 13 എണ്ണം മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചു. മൂന്ന് ശതമാനം സംവരണമുള്ള ഇൗഴവ വിഭാഗത്തിന് മൂന്ന് സീറ്റും രണ്ട് ശതമാനം സംവരണമുള്ള മുസ്ലിം വിഭാഗത്തിന് രണ്ട് സീറ്റുമാണ് ലഭിച്ചത്.
ഇൗഴവ വിഭാഗത്തിൽനിന്ന് അലോട്ട്മെൻറ് ലഭിച്ച അവസാന റാങ്ക് 118ഉം മുസ്ലിം വിഭാഗത്തിൽനിന്ന് 146ഉം ലത്തീൻ കത്തോലിക്ക വിഭാഗത്തിൽനിന്ന് 142ഉം പിന്നാക്ക ഹിന്ദു വിഭാഗത്തിൽനിന്ന് 101ഉം പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് 208ഉം റാങ്കുള്ളവരാണ് അവസാന അലോട്ട്മെൻറ് ലഭിച്ചത്. എസ്.സി വിഭാഗത്തെക്കാൾ റാങ്കിൽ പിറകിൽ നിൽക്കുന്നവർക്കുവരെ മുന്നാക്ക സംവരണ ബലത്തിൽ സർക്കാർ നഴ്സിങ് കോളജിൽ അലോട്ട്മെൻറ് ലഭിച്ചു. മെഡിക്കൽ, ആയുർവേദ, ഹോമിയോ, നഴ്സിങ്, ഫാർമസി പി.ജി േകാഴ്സുകളിലെല്ലാം പിന്നാക്ക സംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയപ്പോഴാണ് ഇൗ കോഴ്സുകളിൽ മുന്നാക്ക സംവരണം പത്ത് ശതമാനം നടപ്പാക്കുന്നത്.
പിന്നാക്ക വിഭാഗങ്ങൾക്ക് പി.ജി കോഴ്സുകളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിന് ഒമ്പത് ശതമാനം സംവരണം മതിയായതല്ലെന്ന പിന്നാക്ക വികസനവകുപ്പ് ഡയറക്ടറുടെ കത്തിെൻറ അടിസ്ഥാനത്തിൽ പ്രശ്നം പിന്നാക്ക വിഭാഗ കമീഷെൻറ പരിഗണനക്ക് വിട്ടിരിക്കുകയാണ്. കമീഷൻ പരിഗണിക്കുന്നതിനിടെയാണ് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.