ഗുരുവായൂർ: പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്ന സമാന്തര വിദ്യാഭ്യാസ മേഖലക്ക് കനത്ത പ്രഹരമായി ലോക്ഡൗൺ. കഴിഞ്ഞ അധ്യയനവർഷത്തെ ഒന്നാകെ കോവിഡ് കവർന്നതിെൻറ തുടർച്ചയായി ഈ അധ്യയനവർഷവും അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പാരലൽ കോളജുകൾ പതിച്ചിരിക്കുന്നത്.
തിരിച്ചുവരവിനും നിലനിൽപിനുമായി ഏറെ പൊരുതേണ്ട അവസ്ഥയിലാണ് ഈ മേഖല. റെഗുലർ കോളജിൽ അവസരം ലഭിക്കാതെ പോകുന്ന പതിനായിരങ്ങൾക്ക് തുണയായിരുന്നു ഈ മേഖല അഭ്യസ്തവിദ്യരായ നൂറുകണക്കിന് പേരുടെ തൊഴിൽ സാധ്യത കൂടിയായിരുന്നു. എങ്ങും കൂട്ടിമുട്ടാതെ പോകുന്ന സമാന്തരങ്ങൾ പോലെതന്നെ ഇവരുടെ ജീവിതവും ഇപ്പോൾ കൂട്ടിമുട്ടാതെ പോവുകയാണ്.
മഹാമാരി വിതച്ച പ്രതിസന്ധയിൽ കുട്ടികൾ കോളജുകളിലെത്താതായതോടെ ഏക വരുമാന മാർഗമായ ഫീസ് മുടങ്ങി. കുട്ടികൾ നൽകുന്ന ഫീസിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് സ്ഥാപനങ്ങൾ മുന്നോട്ട് പോയിരുന്നത്. ഓൺലൈൻ ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ടെങ്കിലും കോളജിലേക്ക് ഫീസ് എത്തുന്നില്ല. വരുമാന മാർഗങ്ങളെല്ലാം നിലച്ചതോടെ പല വീട്ടുകാർക്കും ഫീസ് നൽകാനുള്ള ശേഷിയില്ലെന്നതാണ് സത്യം. വീട്ടിലെ സാമ്പത്തികനില തകർന്നതോടെ പഠനം നിർത്തിയ വിദ്യാർഥികളുമുണ്ട്. ഫീസിലൂടെയുള്ള വരുമാനം കുറഞ്ഞെങ്കിലും തിരിച്ചുവരവ് പ്രതീക്ഷിച്ച് ഓൺലൈൻ ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോവുകയാണ് പല സ്ഥാപനങ്ങളും.
ആഭരണം പണയപ്പെടുത്തിയും കടം വാങ്ങിയുമൊക്കെയാണ് പല സ്ഥാപന ഉടമകളും അധ്യാപകർക്ക് ശമ്പളം നൽകുന്നത്. നേരേത്തയുണ്ടായിരുന്ന ശമ്പളത്തിെൻറ 50 മുതൽ 80 ശതമാനം വരെയൊക്കെയാണ് പലരും നൽകുന്നത്. ഇത് ഓൺലൈൻ വഴി കുട്ടികൾക്ക് കൃത്യമായി ക്ലാസ് നൽകുന്നുണ്ടെന്ന് പാവറട്ടി വിസ്ഡം കോളജിലെ അധ്യാപകനായ കെ.ഡി. കൃഷ്ണദാസ് പറഞ്ഞു. ലോക്ഡൗൺ സാഹചര്യത്തിൽ കുട്ടികളോട് ഫീസിെൻറ കാര്യത്തിൽ നിർബന്ധം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോളജുകളിലായി 80ഓളം അധ്യാപകരുള്ള സ്ഥാപനമാണിത്. അധ്യാപകരുടെ ശമ്പളം മാത്രമല്ല, കെട്ടിടത്തിെൻറ വാടകയും വൈദ്യുതി ചാർജുമൊക്കെ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് പലരും.
കുട്ടികളെ കോളജിലേക്ക് കൊണ്ടുവരാനും തിരിച്ച് കൊണ്ടാക്കാനും സ്വന്തമായ വാഹനങ്ങളുള്ള സ്ഥാപനങ്ങളുണ്ട്. അവരുടെ പ്രതിസന്ധിയുടെ ആഴം കുറേക്കൂടി വലുതാണ്. ഡ്രൈവർമാർക്ക് തൊഴിൽ ഇല്ലാതായി. കുട്ടികൾ കോളജിലേക്ക് തിരിച്ചെത്തുന്ന കാലം വരുമ്പോൾ വാഹനം നിരത്തിലിറക്കേണ്ടി വരുമ്പോൾ ഇനി പതിനായിരങ്ങൾ െചലവഴിക്കേണ്ട അവസ്ഥയാണ്.
75ഓളം സ്ഥാപനങ്ങളാണ് ജില്ലയിൽ പാരലൽ മേഖലയിലുള്ളത്. ഇതിൽ എല്ലാത്തിലുമായി 45,000ഓളം വിദ്യാർഥികളുണ്ട്. അധ്യാപകരും അനധ്യാപകരുമായി 2500ഓളം ജീവനക്കാരുമുണ്ട്.
സി.െജ. ഡേവിഡ് (പ്രൈവറ്റ് കോളജ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്)
ലോക്ഡൗൺ ഒരു താൽക്കാലിക പ്രതിസന്ധിയാണെങ്കിൽ, ഓപൺ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള അനിശ്ചിതത്വങ്ങൾ പാരലൽ കോളജുകളുടെ നിലനിൽപിനുതന്നെ ഭീഷണിയാണെന്ന് പ്രൈവറ്റ് കോളജ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സി.ജെ. ഡേവിഡ്. 1200ഓളം വിദ്യാർഥികളുള്ള ഗുരുവായൂർ ആര്യഭട്ട കോളജിെൻറ പ്രിൻസിപ്പൽ കൂടിയാണ് ഡേവിഡ്. ലോക്ഡൗൺ പ്രതിസന്ധിമൂലം നിലവിലുള്ള വിദ്യാർഥികൾ പഠനം അവസാനിപ്പിക്കുന്നു, ഓപൺ യൂനിവേഴ്സിറ്റി സൃഷ്ടിച്ച ആശയക്കുഴപ്പങ്ങൾ മൂലം പുതിയ വിദ്യാർഥികളും എത്തുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഓപൺ യൂനിവേഴ്സിറ്റി ഒഴികെ മറ്റ് യൂനിവേഴ്സിറ്റികളിലൊന്നും പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസവും പാടില്ലെന്നുള്ള നിബന്ധനയാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഓപൺ യൂനിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ പെട്ടെന്ന് ആരംഭിക്കാനാവില്ലെന്ന യാഥാർഥ്യം ബോധ്യമുണ്ടായിട്ടും ഇത്തരം നിബന്ധന മുന്നോട്ട് െവച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പ്രൈവറ്റ് രജിസ്ട്രേഷൻ വഴി പഠനത്തിന് അവസരം ലഭിച്ചത്. ഇത്തവണയും ഉപരിപഠനത്തിനായി കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ്. അതല്ലെങ്കിൽ നിലവിലെ യൂനിവേഴ്സിറ്റികളിൽ പ്രൈവറ്റ് രജിസ്ട്രേഷനുള്ള അവസരം പുനഃസ്ഥാപിക്കണം. സർക്കാർ പറയുന്ന ഓപൺ യൂനിവേഴ്സിറ്റി സംവിധാനം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്ന യഥാർഥ്യം മന്ത്രിക്കടക്കം ബോധ്യമുണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയാണ്.
റെഗുലർ കോളജുകളിൽ അവസരം നിഷേധിക്കപ്പെടുന്ന പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ഇതുവഴി അനിശ്ചിതത്വത്തിലാവുന്നത്. ഈ മേഖലയെ ഉപജീവിച്ച് കഴിയുന്ന നൂറുകണക്കിന് അധ്യാപകരും അനിശ്ചിതത്വത്തിലാണ്. ഓപൺ യൂനിവേഴ്സിറ്റിയെ എതിർക്കുന്നില്ലെന്നും എന്നാൽ, കേരളത്തിലെ മറ്റൊരു യൂനിവേഴ്സിറ്റികളിലും പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസവും പാടില്ലെന്നുമുള്ള നിബന്ധന നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്. ബഷീർ (പാരലൽ കോളജ് അസോസിയേഷൻ ജില്ല പ്രസിഡൻറ്)
ലോക്ഡൗൺ കാലത്ത് എല്ലാ മേഖലകൾക്കും സർക്കാർ സഹായങ്ങൾ പ്രഖ്യാപിച്ചപ്പോൾ പാരലൽ മേഖലയെ കണ്ടില്ലെന്ന് പാരലൽ കോളജ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ആർ.എസ്. ബഷീർ പറഞ്ഞു. പതിനായിരക്കണക്കിന് അധ്യാപകരുള്ള ഈ മേഖലയെ പ്രതിപാദിക്കാൻ പോലും ഉത്തരവാദപ്പെട്ട പദവികളിലുള്ള ആരും ഉണ്ടായില്ല.
തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് പറയുന്ന സർക്കാർ, തൊഴിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പതിനായിരങ്ങളെ കാണാതെ പോവുകയാണ്. മറ്റ് പല തൊഴിൽ രംഗത്തുമുള്ളവർക്കും ലോക്ഡൗൺ കാലത്ത് സഹായധനം പ്രഖ്യാപിച്ചപ്പോഴും പാരലൽ മേഖലയെ മറന്നു. മാസങ്ങളായി തൊഴിലില്ലാത്ത പല അധ്യാപകരും മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു. കെട്ടിട വാടക, വൈദ്യുതി ചാർജ് എന്നിവയിലും ഇളവുകളൊന്നും ലഭിച്ചില്ല. കഴിഞ്ഞ വർഷം പൂർണമായും അടഞ്ഞു കിടന്ന സ്ഥാപനങ്ങൾ ഈ വർഷവും അതേ സ്ഥിതിയിലേക്കാണ് പോകുന്നത്. സാധാരണക്കാരെൻറ മക്കൾ കൂടുതലായി പഠിക്കുന്ന സ്ഥാപനങ്ങളായതിനാൽ ഫീസ് വരുമാനവും കുറഞ്ഞു.
ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് ഈ മേഖലയിലുള്ള അനിശ്ചിതത്വങ്ങൾ നീക്കാൻ സർക്കാർ മുൻകൈയെടുക്കണം. ജൂൺ മാസമായിട്ടും ഈ സർവകലാശാല സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾക്ക് പരിഹാരമായിട്ടില്ല. വിദൂര വിദ്യഭ്യാസ മേഖലയും ആശങ്കകളിലാണ്. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ പതിനായിരങ്ങൾക്ക് ഉപജീവനമാർഗവും ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് വിദ്യയുടെ വെളിച്ചവുമായ പാരലൽ കോളജ് മേഖല തകർച്ചയിലേക്ക് നീങ്ങുമെന്ന് ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.