മാള: 61ാം വയസ്സില്‍ ഡോക്ടറേറ്റ് നേടി മാള സ്വദേശി വടുക്കുംഞ്ചേരി വീട്ടില്‍ പോള്‍ വടുക്കുംഞ്ചേരി. അമേരിക്കയിലെ ബോസ്റ്റന് ഇംപീരിയല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് സംരംഭക മാനേജ്മെന്റിലാണ് ഡോക്ടറേറ്റ്. അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ‘ടി.ഡി. ദാസന് സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന സിനിമയുടെ നിർമാതാവാണ് ഇദ്ദേഹം.
നിലവില്‍ നാട്ടിലും അമേരിക്കയിലും വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന പോള്‍ വടുക്കുംഞ്ചേരി കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന ചടങ്ങില്‍ ഡോക്ടറേറ്റ് സ്വീകരിച്ചു. കര്‍ഷകരായ വടുക്കുംഞ്ചേരി വറുതുട്ടി - പ്രസ്തീന ദമ്പതികളുടെ മകനായ പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജേഷൻ നേടി.
പിന്നീട് ഐ.സി.ഡബ്ല്യൂ.എ.ഐ ഇന്ററും കഴിഞ്ഞ് താന്‍ പഠിച്ച കോട്ടക്കൽ കോളജിൽ അധ്യാപകനായി. മേലഡൂര് മില്‍ കണ്ട്രോള്സില് (അന്നത്തെ കെല്‍ട്രോണ്‍) കോസ്റ്റ് അക്കൗണ്ടന്റായും സേവനം ചെയ്തിരുന്നു. അമേരിക്കയില്‍ ഷികാഗോ ഡി പോള്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഉപരിപഠനശേഷം അവിടെ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു.
പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അമേരിക്കന്‍ ഇന്‍ഷുറന്‍സ് ഡിവിഷനില്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറായി സേവനമാരംഭിച്ചു. ഇപ്പോള്‍ കാലിഫോര്‍ണിയ, ന്യൂയോര്‍ക്, ടെക്സസ്, േഫ്ലാറിഡ, ഇലനോയ്, ജോർജിയ, ന്യൂ ജഴ്സി തുടങ്ങിയ സ്റ്റേറ്റുകളിലായി സേവനമേഖല വ്യാപിച്ചു കിടക്കുകയാണ്.
37 വർഷമായി അമേരിക്കയിൽ ആണെങ്കിലും നാടുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നു. നാട്ടിൽ 200 ലേറെ പേര്‍ക്ക് തൊഴില്‍ നല്കുന്ന വിവിധ സ്ഥാപനങ്ങളുടെയും ഉടമയാണ്. പെട്രോളിയം രംഗത്തും സിനിമ തിയറ്റർ രംഗത്തും (ഗംഗ മൂവിസ് മാള) സംരംഭങ്ങൾ ഉണ്ട്. വൈസ് ഹോട്ടല്‍സ് ആൻഡ് റിസോര്‍ട്സ്, പ്രെസ്റ്റ ഡി ലക്സ ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനും സി.ഇ.ഒയുമാണ്.
പോള്‍സ് ഹോള്‍ഡിങ്സിന്റെ മാനേജിങ് പാര്‍ട്ണറാണ്. അമേരിക്കയില്‍ ഫൊക്കാനോ, ഫോമ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ഷികാഗോ മലയാളീസ് അസോസിയേഷന്, ഇലനോയ് മലയാളി അസോസിയേഷന്, യു.എസ്.എ കെയര്‍ ആൻഡ് ഷെയര്‍, ഡെക്കാന്‍ ഫൗണ്ടേഷന്, സീറോ മലബാര്‍ ഓര്ഗനൈസേഷന് എന്നിവയില്‍ സജീവ പ്രവര്‍ത്തനവും ഭാരവാഹിത്വവുമുണ്ട്. സാമൂഹിക - സേവന രംഗങ്ങളില്‍ സജീവമാണ്.
ഷികാഗോയിലെ യൂനിവേഴ്സിറ്റി ഓഫ് ഇലനോയില്നിന്ന് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില് ബിരുദം നേടി സോഫ്റ്റ് വെയര്‍ എൻജിനീയറായി പ്രവര്‍ത്തിക്കുന്ന ദീപയാണ് സഹധർമിണി. അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ മെഡിസിനിൽ രണ്ടാം വര്‍ഷ എം.ഡി ചെയ്യുന്ന ഡോ. പ്രസ്റ്റീന റോസ്, പാലക്കാട്ട് മെഡിസിനിൽ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോ. അലക്സാണ്ടര്‍, േഫ്ലാറിഡയില്‍ മെഡിക്കല്‍ വിദ്യാർഥിയായ അമല ഗ്രേസ്, അമേരിക്കയില്‍ 12ാം ക്ലാസില്‍ പഠിക്കുന്ന അമൃത എലിസബത്ത് എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.