തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ആദ്യ സപ്ലിമെൻററി അലോട്ട്മെൻറിനുള്ള വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഇൗ മാസം 28 വരെ അപേക്ഷകൾ സമർപ്പിക്കാം. നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർ അപേക്ഷകൾ പുതുക്കി നൽകണം. നേരത്തേ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം/ അപേക്ഷ നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം.
നവംബർ ഒന്നിന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ 37,545 സീറ്റുകളാണ് മെറിറ്റ്, സ്പോർട്സ് േക്വാട്ടയിൽ ഒഴിവുള്ളത്. ഇതിന് പുറമെ സപ്ലിമെൻററി ഘട്ടത്തിനുശേഷം കമ്യൂണിറ്റി ക്വോട്ടയിൽ ഒഴിവുള്ള 2500ഒാളം സീറ്റുകൾകൂടി മെറിറ്റിലേക്ക് മാറ്റും.
ഇൗ സീറ്റുകളിലേക്കായിരിക്കും സപ്ലിമെൻററി അലോട്ട്മെൻറ്. അതേസമയം, സപ്ലിമെൻററി അലോട്ട്മെൻറിന് മുമ്പ് വിഷയ കോംബിനേഷൻ, സ്കൂൾ ട്രാൻസ്ഫർ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിൽ ഇഷ്ട സ്കൂളോ കോംബിനേഷനോ ലഭിക്കാതെ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് മാറാൻ അവസരം നൽകണമെന്നാണ് ആവശ്യം.
എന്നാൽ, എ പ്ലസ് ലഭിച്ച 5000ൽ പരം വിദ്യാർഥികൾ പുറത്തുനിൽക്കുന്നതുകൂടി പരിഗണിച്ച് സപ്ലിമെൻററി അലോട്ട്മെൻറിനുശേഷം കോംബിനേഷൻ, സ്കൂൾ ട്രാൻസ്ഫർ മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ നിലപാട്. മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച സീറ്റ് വർധന നടപ്പാക്കുന്നതോടെ അടുത്ത ഘട്ടത്തിൽ ട്രാൻസ്ഫറിന് സാധ്യത വർധിക്കുമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.