കാസർകോട്: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി 28 യു.ജി/പി.ജി പ്രോഗ്രാമുകൾക്ക് ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചു. നിലവിൽ 23 പഠന കേന്ദ്രങ്ങളിലായി 45,000ത്തോളം പഠിതാക്കളുണ്ട്. വരുംവർഷങ്ങളിൽ ഒരു ലക്ഷം പഠിതാക്കളായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതി രാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രായപരിധി ഇല്ലാതെ അർഹരായ എല്ലാവർക്കും പഠിക്കാം. ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 28 യു.ജി /പി.ജി പ്രോഗ്രാമുകളിൽ 16 യു.ജി പ്രോഗ്രാമുകളും 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് യു.ജി പ്രോഗ്രാമുകൾ ഈ വർഷം മുതൽ നാലുവർഷ ഓണേഴ്സ് ഘടനയിലേക്കു മാറും. ഇന്ത്യയിലെ ഓപൺ യൂനിവേഴ്സിറ്റികളിൽ ആദ്യമായി നാലുവർഷ ബിരുദം നടപ്പാക്കുന്നത് ശ്രീനാരായണഗുരു ഓപൺ യൂണിവേഴ്സിറ്റിയാണ്. എല്ലാ പ്രോഗ്രാമുകൾക്കും യു.ജി.സി /ഡി.ഇ.ബി അംഗീകാരമുണ്ട്. പി.എസ്.സി/യു.പി.എസ്.സി യുടെ അംഗീകാരവുമുണ്ട്. യു.ജി.സി റെഗുലേഷൻസ് പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപൺ ആൻഡ് ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. നിലവിൽ ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂനിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേസമയം പഠിക്കാൻ സാധിക്കും. യു.ജി.സി യുടെ മാനദണ്ഡപ്രകാരമാണ് യൂനിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ടി.സി നിർബന്ധമല്ല. പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ യൂനിവേഴ്സിറ്റി നിഷ്കർഷിക്കുന്നില്ല എന്നത് കൊണ്ട് തന്നെ മിനിമം യോഗ്യത ഉള്ള എല്ലാവർക്കും പഠനത്തിന് അവസരം ലഭിക്കുന്നു. ബി.എ നാനോ എന്റർപ്രെണർഷിപ് പ്രോഗ്രാം പഠനം പാതിയിൽ നിറുത്തേണ്ടി വന്നവർക്ക് ഒരു ബിരുദം നേടുന്നതിനോടൊപ്പം ഒരു സംരംഭം വിജയകരമായി നടത്താനും ഉപകാരപ്പെടും. ബി.എസ് സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ബി.എസ് സി മൾട്ടി മീഡിയ എന്നീ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുവാൻ വേണ്ട പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. എം.ബി.എ, എം.സി.എ എന്നീ പ്രോഗ്രാമുകൾ അടുത്ത വർഷം തുടങ്ങും.
വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ളതും തൊഴിലധിഷ്ഠിതവുമായ സർട്ടിഫിക്കറ്റ് ആൻഡ് ഡിപ്ലോമ പ്രോഗ്രാമുകൾ ഈ അധ്യയന വർഷം തുടങ്ങും. ഇതിനായി ഐ.സി.ടി അക്കാദമി, കെൽട്രോൺ, അസാപ്, ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്, കില, കേരളം യൂത്ത് ലീഡർഷിപ് അക്കാഡമി, കേരളം സ്റ്റാർട്ടപ്പ് മിഷൻ, ഐ.എച്ച്.ആർ.ഡി പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും. എല്ലാ സർട്ടിഫിക്കറ്റ് ആൻഡ് ഡിപ്ലോമ പ്രോഗ്രാമുകൾക്കും എൻ.സി.വി.ഇ.ടിയുടെ സർട്ടിഫിക്കേഷൻ ലഭ്യമാക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു. കേരള ഹിന്ദി പ്രചാര സഭയുമായി ചേർന്ന് കോഴ്സ് തുടങ്ങും. കേംബ്രിജ് ഉൾപ്പെടെയുള്ള ഇന്റർനാഷനൽ യൂനിവേഴ്സിറ്റികളുമായി സഹകരിക്കാൻ തീരുമാനിച്ചു. അനാഥാലയത്തിലെ അന്തേവാസികളായവർക്ക് ഫീസ് ഇളവോടെ പഠിക്കാൻ അവസരം ഒരുക്കും. വാർത്തസമ്മേളനത്തിൽ പ്രൊ വൈസ് ചാൻസലർ പ്രഫ. ഡോ. എസ്.വി. സുധീർ, സിൻഡിക്കേറ്റ് അംഗം പ്രഫ. ടി.എം. വിജയൻ, റീജനൽ ഡയറ്കടർ ഡോ. സി.വി. അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.
നാലു വർഷ ഓണേഴ്സ് ഘടനയിലേക്ക് മാറുന്ന പ്രോഗ്രാമുകൾ
1. ബി.ബി.എ ഓണേഴ്സ് (എച്ച്.ആർ മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ്)
2. ബി.കോം. ഓണേഴ്സ് (ഫിനാൻസ്, കോഓപറേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ്
3. ബി.എ. ഇംഗ്ലീഷ് ഓണേഴ്സ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
4. ബി.എ. മലയാളം ഓണേഴ്സ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
5. ബി.എ. ഹിസ്റ്ററി ഓണേഴ്സ്
6. ബി.എ. സോഷ്യോളജി ഓണേഴ്സ്
മൂന്ന് വർഷ ബിരുദ ഘടനയിൽ തുടരുന്ന 10 യു.ജി. പ്രോഗ്രാമുകൾ.
1. ബി.എ. നാനോ എന്റർപ്രെണർഷിപ്
2. ബി.സി.എ
3. ബി.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
4. ബി.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
5. ബി.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
6. ബി.എ. അഫ്ദൽ ഉൽ ഉലമ
7. ബി.എ. ഇക്കണോമിക്സ്
8. ബി.എ. ഫിലോസഫി വിത്ത് സ്പെഷലൈസേഷൻ ഇൻ ശ്രീനാരായണഗുരു സ്റ്റഡീസ്
9. ബി.എ. പൊളിറ്റിക്കൽ സയൻസ്
10. ബി.എ. സൈക്കോളജി
അടുത്ത വർഷം എല്ലാ യു.ജി പ്രോഗ്രാമുകളും നാലുവർഷ ഘടനയിലേക്ക് മാറും.
പി ജി പ്രോഗ്രാമുകൾ
1. എം.കോം
2. എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
3. എം.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
4. എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
5. എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
6. എം.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
7. എം.എ. ഹിസ്റ്ററി
8. എം.എ. സോഷ്യോളജി
9. എം.എ. ഇക്കണോമിക്സ്
10. എം.എ. ഫിലോസോഫി
11. എം.എ. പൊളിറ്റിക്കൽ സയൻസ്
12. എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.