തിരുവനന്തപുരം: സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയിൽ ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. 80 സ്കോറിനുള്ള പരീക്ഷയുടെ ചോദ്യപേപ്പറിൽ 160 സ്കോറിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇതേ രീതിയിൽ 60 സ്കോറിനുള്ള പരീക്ഷയിൽ 120 സ്കോറിനുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും. കുട്ടികളുടെ അഭിരുചിക്കനുസൃതമായി ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരം നൽകണമെന്ന എസ്.സി.ഇ.ആർ.ടി ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിശ്ചിത എണ്ണത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ അവയിൽനിന്ന് മികച്ച സ്കോർ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളൂ. എസ്.സി.ഇ.ആർ.ടി നിശ്ചയിച്ച ഉൗന്നൽ നൽകുന്ന (ഫോക്കസ് ഏരിയ) പാഠഭാഗങ്ങളിൽനിന്ന് തന്നെ മുഴുവൻ സ്കോറും നേടാൻ കുട്ടിയെ സഹായിക്കുംവിധം ആവശ്യാനുസരണം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉണ്ടാകും. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാൻ കുട്ടികളെ സഹായിക്കുന്നതിന് ഫോക്കസ് ഏരിയക്ക് പുറത്തുള്ള പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും.
ഇരട്ടി ചോദ്യങ്ങൾ നൽകുന്നതിനാൽ ഇവ വായിച്ചുമനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നതിനാൽ തുടക്കത്തിലെ സമാശ്വാസ സമയം (കൂൾ ഒാഫ് ടൈം) 15 മിനിറ്റിൽ നിന്ന് 20 മിനിറ്റായി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറിലും മൂല്യനിർണയത്തിലും കൊണ്ടുവന്നതിന് സമാനമായ മാറ്റമാണ് പ്ലസ് വൺ പരീക്ഷ നടത്തിപ്പിനും കൊണ്ടുവന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ നിശ്ചിത എണ്ണത്തിലധികം ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയവർക്ക് മാർക്ക് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.