തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ എൽ.പി ക്ലാസുകളിൽ സ്‍പോർട്സ് പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. ഇതിനുള്ള നടപടികൾ പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന കായിക-യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനത്തിന്റെയും കേണൽ ഗോദവർമ രാജയുടെ ജന്മദിനാഘോഷത്തിന്റെയും ഭാഗമായ ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.
കവടിയാറിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ വിദ്യാർഥികൾ നടത്തിയ ദീപശിഖ പ്രയാണവും കൂട്ടയോട്ടവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഫ്ലാഗ് ഓഫ് ചെയ്തു വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഗിന്നസ് റെക്കോർഡിന് ഉടമയുമായ ബി. സബിനയ് ദീപശിഖ ഏറ്റുവാങ്ങി. ഒളിമ്പ്യൻ കെ.എം ബീന മോൾ, കേരള സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ്, കായിക യുവജന കാര്യാലയം ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ, അഡീഷനൽ ഡയറക്ടർ എ.എൻ. സീന തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.