സൗദിയിൽ പഠന വിസയിൽ എത്തുന്നവർക്ക്​ പാർട്ട്​ ടൈം ജോലി ചെയ്യാം; കുടുംബത്തെയും കൊണ്ടുവരാം

​​​റിയാദ്​: ദീർഘകാല പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് സൗദി അറേബ്യയിൽ പാർട്ട്​ ടൈം ജോലി ചെയ്യാം.​ പഠനത്തിനിടെ പാർട്ട്​ ടൈമായി രാജ്യത്ത്​ വിവിധ ജോലികൾ ചെയ്യാൻ അനുവാദമുണ്ടാകുമെന്ന്​ വിദ്യാഭ്യാസ വിസ ഇനിഷ്യേറ്റീവ് ഡയറക്ടർ സാമി അൽ ഹൈസൂനി ‘റൊട്ടാന ഖലീജിയ’ ചാനലിലെ ‘യാ ഹല’ പ്രോഗ്രാമിലാണ്​​ വ്യക്തമാക്കിയത്​. സ്വന്തം കുടുംബത്തെ ഒപ്പം കൊണ്ടുവന്ന്​ താമസിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

ദീർഘകാല പഠന വിസയുടെ കാലാവധി ഒരു വർഷമോ അതിൽ കൂടുതലോ ആണ്​. പ്രോഗ്രാമി​െൻറ സ്വഭാവവും സർവകലാശാലയുടെ ഓഫറും അനുസരിച്ച് ആറ്​ മാസം കൂടി വിസാകാലാവധി നീട്ടാനാവും. ‘സ്​റ്റഡി ഇൻ സൗദി അറേബ്യ’ സംരംഭത്തിൻ കീഴിൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ വിദ്യാർഥികൾക്ക്​ പഠനത്തിനായി ചേരാം. മാസ്​റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങൾ ഉൾപ്പെടെ എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നടത്താം.

അടുത്തിടെയാണ്​ ‘സ്​റ്റഡി ഇൻ സൗദി അറേബ്യ’ സംരംഭത്തിന്​ കീഴിൽ വിദ്യാഭ്യാസ വിസ നൽകുന്ന സേവനം സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്ന്​​​ ആരംഭിച്ചത്​. ‘ഹ്യൂമൻ കപ്പാസിറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാമി​’െൻറയും ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെയും ഭാഗമാണ്​ ഇത്​. സൗദിയിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

ആഗോള വിദ്യാഭ്യാസകേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ പങ്ക് വർധിപ്പിക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. രാജ്യത്തെ വിവിധ മേഖലകളിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽ വിവിധ കോഴ്​സുകളിലായി നിലവിൽ 70,000-ത്തിലധികം വിദേശികളായ വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ്​ കണക്ക്​. പഠന വിസ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതോടെ സൗദിയിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഭാവിയിൽ വൻവർധനവുണ്ടാകുമെന്ന്​ വിലയിരുത്തൽ.

ഇത് സൗദി സർവകലാശാലകളുടെ റാങ്കിങ്​ ഉയർത്തുകയും വിദ്യാഭ്യാസത്തി​െൻറ മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്യും. അറിവ് പകരുന്നതിലും അറബി ഭാഷ പഠിപ്പിക്കുന്നതിലുമുള്ള സൗദിയുടെ സംഭാവന കൂടുതൽ വർധിപ്പിക്കും.

Tags:    
News Summary - study in saudi arabia with part-time work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.