വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി 'നാം മുന്നോട്ട്'-ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചു. ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽനിന്നു നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്ക്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തിൽ പഠിക്കണമെന്നുമൊക്കെ ചെറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾക്കു ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവർ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാൻ തത്പരരുമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യം. അതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. സർവകലാശാലകളേയും കലാലയങ്ങളേയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടന്നുവരുന്നു. സർവകലാശാലകളുടെ അക്കാദമിക് നിലവാരം ഉയർത്താനുള്ള നടപടികൾ കഴിഞ്ഞ സർക്കാരിന്റെകാലത്തുതന്നെ ആരംഭിച്ചിരുന്നു. ലോക, ദേശീയ തലങ്ങളിൽ കേരളത്തിലെ സർവകലാശാലകൾ പിന്നിലായിരുന്ന ഘട്ടത്തിലായിരുന്നു ആ നടപടി. മുൻനിരയിലേക്ക് അവയെ ഉയർത്തിക്കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ നടത്തി. അതിനു ഫലമുണ്ടായി. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരും.

പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങൾ ഏറെ ഗൗരവമായാണു സർക്കാർ കാണുന്നത്. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വന്തമായി വൻതോതിൽ സ്ഥലമുണ്ട്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കോഴ്സുകളുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാൽ കുട്ടികൾക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. ചില സ്ഥാപനങ്ങൾ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ചില മാനേജ്മെന്റുകൾ ഇതുമായി ബന്ധപ്പെട്ടു സർക്കാരിനെ ബന്ധപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തു വരാനിരിക്കുന്ന വലിയ മാറ്റമാകും ഇത്. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പാണ് 'നാം മുന്നോട്ട്' പരിപാടി നിർമിക്കുന്നത്.

Tags:    
News Summary - The Chief Minister said that the concept of work along with study will soon become a reality in Kerala as well, following the example of foreign countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.