പെരിന്തൽമണ്ണ: ഭൂവിസ്തൃതിയുള്ള കാമ്പസും സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്ന അലീഗഢ് മുസ്ലിം സർവകലാശാലയിൽ ഈ അധ്യയനവർഷവും പുതിയ കോഴ്സുകളില്ല. പുതിയ കോഴ്സുകൾക്കായി അനുമതി തേടിയിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. 60 സീറ്റുള്ള ബി.എ എൽഎൽ.ബി, 60 സീറ്റുള്ള എം.ബി.എ, 50 സീറ്റുള്ള ബി.എഡ് എന്നീ മൂന്നു കോഴ്സുകളാണ് ഇവിടെ െറഗുലറായി ഉള്ളത്.
ബി.എ എൽഎൽ.ബിയും എം.ബി.എയും 2010 -11 വർഷം തുടങ്ങിയതാണ്. 2014 ലാണ് ബി.എഡ് ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസരംഗത്തെ അക്കാദമിക വർഷം പിറക്കുമ്പോൾ അലീഗഢിൽ പുതിയ കോഴ്സുകൾക്ക് അനുമതിയായിട്ടുണ്ടോ എന്ന് അന്വേഷണമെത്താറുള്ളതും ഇപ്പോഴില്ല. പ്ലസ് ടു ഫലം വന്ന് ഉന്നത വിദ്യാഭ്യാസ സാധ്യതകൾ തേടുന്ന ജില്ലയിലെ വിദ്യാർഥികൾക്ക് തികഞ്ഞ നിരാശയാണ് കാമ്പസ് സമ്മാനിക്കുന്നത്.
മെഡിക്കൽ, എൻജിനീയറിങ് പഠനത്തിനും അലീഗഢിൽ സൗകര്യമുണ്ടാവുമെന്നായിരുന്നു ഭൂമി ഏറ്റെടുത്ത വേളയിലെ ഉറപ്പ്. വ്യത്യസ്തങ്ങളായ 20 കോഴ്സുകൾക്കും കേരളത്തിൽ ഇല്ലാത്ത ട്രേഡുകളോടെ ഒരു പോളിടെക്നിക്കിനും നിർദേശം നൽകിയിട്ട് മൂന്നു വർഷമായി. സർവകലാശാല അംഗീകരിച്ചാലും കോഴ്സ് ആരംഭിക്കാൻ കേന്ദ്ര സർക്കാറിെൻറ മാനവവിഭവശേഷി മന്ത്രാലയം കനിയണം.
പുതിയ കോഴ്സുകൾക്ക് വേണ്ടവിധത്തിൽ ഇടപെടാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മുതിരുന്നില്ല. 2017 ലാണ് പുതിയ കോഴ്സുകൾക്ക് അനുമതി തേടിയത്. കേന്ദ്ര മാനവവിഭവ വകുപ്പിനു പുറമെ യു.ജി.സിയുടെ അനുമതിയും ലഭിക്കണം. ഒാരോ കോഴ്സിനും വേണ്ട അധ്യാപകർ, അനധ്യാപകർ, കെട്ടിട സൗകര്യം, ലാബ് തുടങ്ങി കോഴ്സ് ആരംഭിക്കാനുള്ള വിശദാംശങ്ങളടക്കമാണ് അനുമതി തേടിയത്. അലീഗഢിൽ പുതിയ വിദൂര കോഴ്സുകളും പൂർണമായും ഓൺലൈൻ കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ: സംസ്ഥാനത്ത് ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോളിടെക്നിക്കുകളിൽ ഒരിടത്തുമില്ലാത്ത തൊഴിൽ സാധ്യതയുള്ള ട്രേഡുകളോടെ പോളിടെക്നിക്കിനായും അലീഗഢിൽ അപേക്ഷ നൽകിയിരുന്നു.
അനുമതിയായാൽ ജില്ലയിൽ സാങ്കേതിക പഠനത്തിന് ഏറെ സൗകര്യമാവും. അംഗീകാരം ലഭിച്ചാൽ കെട്ടിട സൗകര്യങ്ങൾ താൽക്കാലികമായി ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു ട്രേഡിൽ 50 സീറ്റെങ്കിലുമാണ് ഉണ്ടാവുക. എന്നാൽ, കേന്ദ്ര സർക്കാറിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടായില്ല.
ബി.എ ഇംഗ്ലീഷ്, ബി.കോം, ബി.ബി.എ, ബി.എസ്സി രസതന്ത്രം, ഫിസിക്സ്, എം.എ എജുക്കേഷൻ, എം.എ താരതമ്യ സാഹിത്യപഠനം, ജേണലിസം പി.ജി, എം.എ പൊളിറ്റിക്കൽ സയൻസ്, എം.എസ്സി എൻവയൺമെൻറൽ സയൻസ്, എം.എസ്സി ജിയോളജി, എം.എസ്സി ഫുട് ടെക്നോളജി ആൻഡ് കാറ്ററിങ് സയൻസ്, എം.എസ്സി സൈക്കോളജി, ലൈബ്രറി സയൻസ് പി.ജി, എൽഎൽ.എം, എം.എഡ്, പി.ജി ഡിപ്ലോമ ഇൻ സെക്രേട്ടറിയറ്റൽ പ്രാക്ടീസ് ആൻഡ് അറബിക് ട്രാൻസ്ലേഷൻ, പി.ജി ഡിപ്ലോമ ഇൻ ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഫിനാൻസ്, പി.ജി ഡിപ്ലോമ ഇൻ കൗൺസലിങ് ആൻഡ് പാരാ സൈക്കോളജി എന്നീ കോഴ്സുകൾക്കാണ് അനുമതി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.