തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് കുട്ടികളോട് അഭിപ്രായമാരാഞ്ഞു പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. കരിക്കുലം കമ്മിറ്റി-പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സർക്കാർ തീരുമാനം. 2022 നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചർച്ച സംഘടിപ്പിച്ചു. പരിഷ്‌കരണ ചർച്ചയെ കുട്ടികൾ ആവേശപൂർവം ഏറ്റെടുത്തു എന്നാണ് മനസ്സിലാകുന്നത്. കുട്ടികളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവും.
ജനകീയ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് നിരവധിപ്പേർക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ടെക് പ്ലാറ്റ്‌ഫോം ഒരുക്കിയിരുന്നു. ലോകത്തിന്റെ ഏത് കോണിൽ നിന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തെ സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ നൽകിയത്.
ഏറെ ജനകീയമായ പ്രവർത്തനങ്ങളിലൂടെയാണ് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് സർക്കാർ ആഗ്രഹിക്കുന്നത്.
പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് തയാറാക്കിയ ചർച്ചാ കുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിലെ ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർ നയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ്, പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസി തലവന്മാർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.