തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ പലതിലും ഇപ്പോഴും അഴിമതിയും കാലതാമസവുമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരും പങ്കെടുക്കുന്ന യോഗത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
ആർ.ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി. ഓഫീസുകളിലും ഫയലുകൾ കെട്ടിക്കിടക്കുന്നു. ബാലിശമായ തടസവാദങ്ങൾ ഫയലുകളിൽ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. പെൻഷൻ ഫയലുകളിൽ പെൻഷൻ ആനുകൂല്യങ്ങൾ കൃത്യ സമയത്ത് അനുവദിക്കാതെ ആഡിറ്റ് തടസവാദങ്ങൾ നിരത്തി ഡി.സി.ആർ.ജി. ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങളിൽ ഇതുവരെയും അംഗീകാരം കൊടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതിയുണ്ട്. ഫയലുകൾ പൂഴ്ത്തിവെക്കുന്നന്നതും പാരിതോഷികങ്ങൾ ആവശ്യപ്പെടുന്നതും അടക്കം ഏത് വിഷയം ശ്രദ്ധയിൽപ്പെട്ടാലും വിട്ടുവീഴ്ചയില്ലാത്ത നടപടി സർക്കാർ സ്വീകരിക്കും എന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ്.
പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫീസുകൾ വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കണം. സാധ്യമായ ദിവസങ്ങളിൽ അല്ലാത്ത ശനിയാഴ്ചകളിൽ മറ്റും പ്രിൻസിപ്പൽ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, ഓഫീസ് സ്റ്റാഫുകൾ എന്നിവർ ഓഫീസിലുണ്ടാകണം. ലാന്റ് ഫോണുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. പല ഓഫീസുകളിലും ഫോണുകൾ ഇപ്പോഴും പ്രവർത്തിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.
അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസെടുപ്പും സ്‌പെഷ്യൽ ട്യൂഷനും വളരെ ഗൗരവമായാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഈ നിയമവിരുദ്ധ പ്രവർത്തനം പൊതുവിദ്യാഭ്യാസ നിലവാരം തകരുന്നതിന് കാരണമായി മാറുന്നു. പൊതുവിദ്യാലയങ്ങളിലെ ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
അധ്യാപകർ ഇത്തരത്തിൽ ക്ലാസെടുക്കുന്നില്ല എന്ന് അവരിൽ നിന്ന് ഈ വർഷം സത്യവാങ്മൂലം വാങ്ങണോ എന്ന കാര്യം ആലോചിക്കുന്നു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.