ഏതൊരാളുടെയും സ്വപ്നമാണ് സിവിൽ സർവിസ് പരീക്ഷയിലെ വിജയം. അതും ആറാം റാങ്ക് നേടി മലയാളികളുടെ അഭിമാനമാവുകയെന്നത് ഏറെ ശ്രദ്ധേയം. മലയാളികൾക്കിടയിൽ ആദ്യ റാങ്ക് നേടിയ ഗഹന നവ്യ ജയിംസിന്റേത് അത്തരത്തിെലാരു അമൂല്യനേട്ടം. കോച്ചിങ് സെന്ററുകളിൽ ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടും ലഭിക്കാത്ത സിവിൽ സർവിസ് പരീക്ഷ കുട്ടിക്കാലം മുതലുള്ള പത്രവായനയിലൂടെ കൈപ്പിടിയിലൊതുക്കിയ ഈ 25കാരി ഏവർക്കും മാതൃകയാണ്.
ബിരുദാനന്തര ബിരുദം കഴിഞ്ഞയുടൻ എഴുതിയ ആദ്യശ്രമത്തിൽ പ്രിലിമിനറി കടമ്പ കടക്കാൻ കഴിയാതിരുന്ന ഗഹനക്ക് രണ്ടാമത്തെ ശ്രമത്തിൽ ആറാം റാങ്കിന്റെ ഉജ്ജ്വലജയം നേടാനായത് പത്രവായന ഒന്നുകൊണ്ടാണെന്നാണ് ഉറച്ചവിശ്വാസം. പത്രങ്ങളുടെ കാലം കഴിഞ്ഞെന്നും വായന മരിക്കുന്നെന്നുമൊക്കെ പറയുന്നവർക്കുള്ള മധുരമായ മറുപടികൂടിയാണ് ഗഹനയുടെ ഈ ജയം.
കോട്ടയം പാലാ മുത്തോലി പുലിയന്നൂരിലെ, ചിറയ്ക്കൽ പാലാ സെന്റ് തോമസ് കോളജ് മുൻ ഹിന്ദിവകുപ്പ് മേധാവി സി.കെ. ജയിംസ് തോമസിന്റെയും അധ്യാപികയായ ദീപ ജോർജിന്റെയും മകളായ ഗഹനയുടെ അഭിമാനനേട്ടത്തിന്റെ പട്ടം പൂർണമായും മകൾക്ക് നൽകുകയാണ് മാതാപിതാക്കൾ. പലരും വർഷങ്ങളോളം പരിശീലനത്തിന് േപായി കൈവരിക്കുന്ന നേട്ടം വീട്ടിലിരുന്ന് പഠിച്ച് മകൾ സ്വന്തമാക്കിയത് ഏറെ അഭിമാനകരമാണെന്ന് അവർ പറയുന്നു.
ഐ.എ.എസ്, ഐ.പി.എസ് എന്നിവക്കായി മത്സരം പൊടിപൊടിക്കുമ്പോൾ ഈ ഉന്നത വിജയത്തിലും ഗഹനക്ക് താൽപര്യം ഇന്ത്യൻ ഫോറിൻ സർവിസിനോടാണ്. കുട്ടിക്കാലം മുതൽ സിവിൽ സർവിസ് സ്വപ്നം മനസ്സിലുണ്ടായിരുന്നു. അതിന് കാരണമായത് മാതാവിന്റെ സഹോദരനും ജപ്പാനിലെ ഇന്ത്യൻ അംബാസഡറുമായ സിബി ജോർജ് നൽകിയ പ്രചോദനവുമാണ്.
താൻ ഫോറിൻ പോളിസി ഇന്റർനാഷനൽ റിലേഷൻസ് നല്ലരീതിയിൽ പിന്തുടരുന്ന ഒരാളാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട പിഎച്ച്.ഡിയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഈനേട്ടം കൈവരിക്കാൻ, ബിരുദപഠനം തുടരുന്ന സഹോദരൻ ഗൗരവ് ഏറ്റവും വലിയ പിന്തുണ നൽകിയ വ്യക്തിയാണെന്നും ഗഹന പറയുന്നു. കുട്ടിക്കാലം മുതൽ പത്രം വായിക്കുമായിരുന്നു. അതിനൊപ്പം ഇന്റർനെറ്റിന്റെ സഹായവും തേടി. ഇത്രസമയം പഠനം എന്നൊന്നുമുണ്ടായിരുന്നില്ല.
പിഎച്ച്.ഡി ഗവേഷണത്തിന്റെ ഭാഗമായ പഠനവും പരീക്ഷയിൽ മികച്ചപ്രകടനം കാഴ്ചവെക്കാൻ സഹായകമായെന്നും ഈ മിടുക്കി പറയുന്നു. എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പഠനം മികച്ച ഗ്രേഡുകളും റാങ്കുകളും നേടിയാണ് ഗഹന പൂർത്തീകരിച്ചത്. എസ്.എസ്.എൽ.സി വരെ സി.ബി.എസ്.ഇ സ്കൂളിൽ പഠിച്ചിരുന്ന ഗഹന എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് വിജയിച്ചത്. പ്ലസ് ടുവിന് സംസ്ഥാന സിലബസിൽ ഹ്യുമാനിറ്റീസ് മുഖ്യവിഷയമായി പഠിച്ച് മികച്ച ജയം നേടിയ ഗഹന ഹിസ്റ്ററിയിലെ ബിരുദവും പൊളിറ്റിക്കൽ സയൻസിലെ ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെയായിരുന്നു വിജയിച്ചത്.
പാലാ ചാവറ പബ്ലിക്ക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്മേരീസ് സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസ കോളജിൽനിന്നാണ് ബി.എ ഹിസ്റ്ററിയും പാലാ സെന്റ് തോമസ് കോളജിൽനിന്നാണ് പി.ജിയും റാങ്കോടെ പാസായത്. യു.ജി.സി നാഷനൽ റിസർച് ഫെലോഷിപ് സ്വന്തമാക്കി. എം.ജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് ഗഹനയിപ്പോൾ. സ്വപ്നങ്ങൾക്കപ്പുറം അത് നേടിയെടുക്കാനുള്ള ത്വരയാണ് തന്റെ ഈ നേട്ടത്തിന് പിന്നിലെന്നാണ് ഈ കൊച്ചുമിടുക്കി വിശ്വസിക്കുന്നത്.
പത്രവായന സഹായിച്ചു
ലോകത്തെക്കുറിച്ച് അറിയാൻ ഏറെ സഹായിച്ചത് പത്രവായനയായിരുന്നു. കുട്ടിക്കാലം മുതൽ മലയാളം, ഇംഗ്ലീഷ് പത്രങ്ങൾ മുടങ്ങാതെ വായിക്കുമായിരുന്നു. വിവരം ലഭിക്കാൻ ആദ്യ മാർഗം പത്രം തന്നെയാണ്. എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. പരന്ന അറിവുകൾ ലഭിക്കും. കൂടുതൽ അറിവുകളിലേക്ക് പോകാനുള്ള വഴിയാണ് അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പത്രം വായിക്കുമ്പോൾ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം അല്ലെങ്കിൽ ഒരു കാര്യം വായിക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ എങ്ങനെ മനസ്സിലാക്കാം തുടങ്ങിയവ ചിന്തിക്കും.
ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോയി പഠിക്കാതെ ഇത്തരമൊരു ജയം നേടാനായത് പത്ര വായനമൂലംതന്നെയാണ്. അതിന്റെ ബാക്കി വിവരങ്ങൾ ഇന്റർനെറ്റിൽനിന്ന് ശേഖരിച്ച് പഠിക്കുമായിരുന്നു. ബഹിരാകാശത്തെക്കുറിച്ച് മനസ്സിലാക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനെല്ലാം സഹായകമായത് പത്രവായന തന്നെയാണ്. പണ്ടു മുതൽ പഠനത്തോട് വലിയ താൽപര്യമുണ്ടായിരുന്നു. എന്നാൽ, ഇത്ര മണിക്കൂർ പഠിക്കുക എന്ന രീതിയൊന്നുമുണ്ടായിട്ടില്ല.
സിവിൽ സർവിസിനുള്ള പരീക്ഷക്കായി തയാറെടുക്കുമ്പോൾതന്നെ ഫോറിൻ സർവിസിനോട് താൽപര്യമുണ്ടായിരുന്നു. ഇന്റർനാഷനൽ റിലേഷൻസിലാണ് തനിക്ക് താൽപര്യം. എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലാണ് ഗവേഷണം. ഇപ്പോൾ ഒരുവർഷം പൂർത്തിയായി. ബഹിരാകാശ സുരക്ഷയാണ് ഗവേഷണവിഷയം.
ഭാവിയിൽ ഏറെ ശ്രദ്ധയും വെല്ലുവിളിയുമുള്ള ഒരു വിഷയമാണ് ബഹിരാകാശ സുരക്ഷ. ഇന്ത്യയും ഈ രംഗത്ത് ഏറെ മുന്നോട്ടുപോയി. ഇതെല്ലാം പുതിയ സാധ്യതകളാണുള്ളത്. മാതൃസഹോദരന്റെ നിർദേശങ്ങളും ഫോറിൻ സർവിസിനോടുള്ള താൽപര്യം വർധിച്ചു. അതിനൊപ്പം സമൂഹത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നതും ഇത് തിരഞ്ഞെടുക്കാൻ പ്രചോദനമായി.
ഹൈസ്കൂൾതലത്തിൽ എന്താകാൻ ആഗ്രഹം എന്ന് അധ്യാപകർ ചോദിക്കുമ്പോൾ സിവിൽ സർവിസ് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, കോളജ്തലത്തിൽ എത്തിയപ്പോൾ ഗവേഷണത്തിലേക്കായി താൽപര്യം. പി.ജി കഴിഞ്ഞപ്പോൾ സിവിൽ സർവിസ് എഴുതി. പക്ഷേ, പ്രിലിമിനറി കടക്കാൻ കഴിഞ്ഞില്ല. എന്നാൽ, അതിൽനിന്ന് ഈ പരീക്ഷ പാസാവുക എത്ര പ്രയാസമാണെന്ന് മനസ്സിലായി.
അങ്ങനെ വിജയത്തിനായി പരിശ്രമിച്ചു. അതിന്റെ ഫലമാണുണ്ടായത്. സ്കൂൾതലം മുതലുള്ള പരീക്ഷകളിൽ ഉന്നതവിജയവും റാങ്കുകളും നേടിയതും ഈ നേട്ടം കൈവരിക്കാൻ സഹായകമായി. മാതാവിന്റെ സഹോദരൻ സിബി ജോർജ് ഫോറിൻ സർവിസിലുണ്ട്. ഇപ്പോൾ ജപ്പാനിൽ അംബാസഡറാണ്. അദ്ദേഹത്തിന്റെ ജോലിരീതികൾ കണ്ട് മനസ്സിലാക്കിയത് ഒരു പ്രചോദനമായി.
കുട്ടിക്കാലം മുതൽ ഒറ്റക്ക് പഠിക്കാനാണ് താൽപര്യം. സ്വന്തമായൊരു പഠനരീതിയുണ്ടാക്കാൻ ഇതുവഴി സാധിച്ചു. സ്കൂൾകാലങ്ങളിൽ ചില വിഷയങ്ങൾക്ക് ട്യൂഷനുണ്ടായിരുന്നു. എന്നാൽ, അതൊന്നും അത്ര വിജയമായില്ല. നമ്മുടെ സമയവും സാഹചര്യവും എല്ലാം നോക്കി പഠിക്കാൻ സാധിക്കുന്നത് ഒറ്റക്ക് സ്വയം പഠിക്കുമ്പോഴാണ്. മറ്റൊരാൾ നിർദേശങ്ങൾ തരുമ്പോൾ അതു പൂർണമായും നമ്മളെ മനസ്സിലാക്കിയാകണമെന്നില്ല.
തനിച്ച് പഠിക്കുമ്പോൾ ആത്മവിശ്വാസം വർധിക്കും. ഒരു ദിവസം നിശ്ചിത ടൈംടേബിളനുസരിച്ചല്ല പഠിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ മാറിമാറി പഠിച്ചു. ഇന്റർവ്യൂ പരിശീലനത്തിന് ബിരുദവിദ്യാർഥിയായ അനുജൻ ഗൗരവ് അമർ ജയിംസാണ് സഹായിച്ചത്. എന്റെ മോക്ക് ഇന്റർവ്യൂ ബോർഡ് ഗൗരവായിരുന്നു.
സ്വന്തമായ ഒരു പഠനരീതി കണ്ടെത്തണം. തനിയെ പഠിക്കാൻ ഇഷ്ടമില്ലാത്തവർക്ക് അവരുടെ രീതി പിന്തുടരാം. സ്വന്തം കഴിവിൽ വിശ്വസിക്കുക, ആത്മവിശ്വാസം വളർത്തുക അതാണ് മുഖ്യം. സിവിൽ സർവിസിലേക്ക് കൂടുതൽ പെൺകുട്ടികൾ എത്തുന്നത് ഏറെ അഭിമാനകരമാണ്. ഇത്തവണ ആദ്യ റാങ്കുകൾ എല്ലാം പെൺകുട്ടികൾക്കാണ്.
കൂടുതൽപേർ കടന്നുവരണമെന്നാണ് ആഗ്രഹം. നല്ല വിദ്യാഭ്യാസം ലഭിക്കുമ്പോൾ പെൺകുട്ടികളുടെ കാഴ്ചപ്പാടുകളിലും മാറ്റം വരും. സിവിൽ സർവിസിൽ മാത്രമല്ല, ഏത് മേഖലയിലും ഉന്നതിയിലെത്താൻ അത് സഹായകമാകും.
ഫോട്ടോ: ദിലീപ് പുരയ്ക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.