തൊടുപുഴ: സ്കൂളുകൾ തുറന്ന് കുട്ടികളെല്ലാം പോയി തുടങ്ങിയിട്ടും വിദൂര ആദിവാസി മേഖലയിൽ പഠനം പ്രതിസന്ധിയിൽ. ഇവർക്കാശ്രയമായിരുന്ന ഏകാധ്യാപക വിദ്യാലയങ്ങൾക്ക് പൂട്ട് വീണതും ഇവരുടെ സ്കൂൾ യാത്രക്കടക്കം കൃത്യമായ ഒരു സംവിധാനമില്ലാത്തതും മുന്നോട്ടുള്ള പഠനത്തെ ബാധിച്ചിരിക്കുന്നത്. പല കുടികളിലും കുട്ടികൾ വീട്ടിൽ തന്നെ കഴിയുന്ന സാഹചര്യവുമുണ്ട്. സ്ഥിതി തുടർന്നാൽ വലിയ തോതിൽ കുട്ടികൾ ഈ മേഖലയിൽനിന്ന് സ്കൂളിലെത്താത്ത സ്ഥിതി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ പ്രവർത്തിച്ച 59 ഏകാധ്യാപക വിദ്യാലയങ്ങളിൽ ഏഴെണ്ണം ഒഴികെ മറ്റുള്ളവക്കെല്ലാം പൂട്ട് വീണു. ഇവിടെയുള്ള വിദ്യാർഥികളെ അടുത്തുള്ള മറ്റ് സ്കൂളുകളിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരാൻ എളുപ്പമുള്ള ഇടങ്ങളിലെ കുട്ടികൾ മാത്രമാണ് സ്കൂളുകളിലെത്തുന്നതെന്നാണ് വിവരം.
ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് മിക്ക വിദൂര മേഖലകളിലും ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്ന് ഏറെ ദൂരം സഞ്ചരിച്ചാൽ മാത്രമേ സ്കൂളിലെത്താൻ കഴിയൂ. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമടക്കം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. സംസ്ഥാന ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലടക്കം പ്രവർത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെ ഇവിടങ്ങളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസപ്പെടുകയാണ്.
തൊട്ടടുത്ത പൊതു വിദ്യാലയങ്ങളിൽ ഇവർക്ക് പഠന സൗകര്യമൊരുക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇടമലക്കുടി പഞ്ചായത്തിൽ സൊസൈറ്റിക്കുടിയിൽ പ്രവർത്തിക്കുന്ന ട്രൈബൽ എൽ.പി സ്കൂൾ മാത്രമാണ് ഇവിടത്തെ ഏക വിദ്യാലയം. ഇത് മൂലം മുളക്തറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരം സഞ്ചരിക്കണം കുട്ടികൾക്ക് എൽ.പി സ്കൂളിലെത്താൻ. യാത്ര സൗകര്യമില്ലാത്ത കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചെറിയ കുട്ടികളെ ഹോസ്റ്റലുകളിൽ അയക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും മടി കാണിക്കുന്നു.
ഗോത്ര സാരഥി ഇഴയുന്നു
തൊടുപുഴ: വിദൂര മേഖലകളിലെ കുട്ടികളുടെ സ്കൂൾ യാത്രക്ക് പ്രയോജനം ചെയ്തിരുന്ന ഗോത്ര സാരഥി പദ്ധതിക്ക് ഫണ്ടിെൻറ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. പദ്ധതി നടത്തിപ്പ് പഞ്ചായത്തുകൾക്ക് നൽകിയെങ്കിലും ഫണ്ട് കണ്ടെത്തലിന് പ്രയാസം നേരിടുകയാണ്.
വിദൂര മേഖലയിൽനിന്ന് ഗോത്ര വർഗ മേഖലയിലെ കുട്ടികളെയടക്കം സ്കൂളിലും തിരികെ വീട്ടിലും എത്തിക്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. പട്ടിക വർഗക്ഷേമ വകുപ്പ് നേരിട്ട് നടത്തിയിരുന്ന പദ്ധതിയായിരുന്നു. 2020 ൽ നടത്തിപ്പ് പഞ്ചായത്തുകൾക്ക് നൽകി. പഞ്ചായത്തിെൻറ പദ്ധതി രൂപവത്കരണം നടത്തുമ്പോൾ പ്രാധാന്യം നൽകി ഗോത്ര സാരഥി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്. അന്ന് ചില പഞ്ചായത്തുകൾ ചെയ്തെങ്കിലും പലയിടത്തും നടന്നില്ല. ഇതിന് ശേഷം കോവിഡ് മൂലം സ്കൂളുകൾ അടച്ചു. ഇപ്പോൾ തുറന്നെങ്കിലും പഞ്ചായത്തുകൾ ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. നിലവിലെ സാഹചര്യത്തിൽ പദ്ധതി മുടങ്ങാതിരിക്കാൻ ജില്ലക്ക് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തിയതോടെ ഒരു വർഷത്തിൽ 80 ലക്ഷത്തിന് മുകളിൽ തുക ഗോത്ര സാരഥി പദ്ധതിക്കായി മാറ്റിവെക്കേണ്ടി വരും. വിഷയത്തിൽ അടിയന്തര സാഹചര്യം പരിഗണിച്ച് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കൊട്ടക്കമ്പൂരിലെ ഏകാധ്യാപക വിദ്യാലയം നിലനിർത്തണമെന്ന് ആവശ്യം
തൊടുപുഴ: കൊട്ടക്കമ്പൂരിൽ പ്രവർത്തിക്കുന്ന ഏകാധ്യാപക വിദ്യാലയം നിലനിർത്തണമെന്ന ആവശ്യവുമായി കുട്ടികളും രക്ഷിതാക്കളും. കൊട്ടക്കമ്പൂരിലെ ഏകാധ്യാപക വിദ്യാലയത്തിൽ 48 കുട്ടികളാണ് പഠിച്ചിരുന്നത്. ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടുന്നതോടെ തൊട്ടടുത്തുള്ള സ്കൂളിൽ ഇവരോട് ചേരാനാണ് നിർദേശം. എന്നാൽ, കൊട്ടക്കമ്പൂർ സ്ഥിതിചെയ്യുന്ന വട്ടവട പഞ്ചായത്തിൽ മലയാളം എൽ.പി സ്കൂളില്ലാത്ത സ്ഥിതിയാണ്. ഏകദേശം 50 കിലോമീറ്റർ സഞ്ചരിച്ചാലേ എൽ.പി സ്കൂളിൽ അഡ്മിഷൻ നേടാൻ കഴിയൂ. ഈ സാഹചര്യത്തിൽ കൊട്ടക്കാമ്പൂരിൽ പ്രവർത്തിക്കുന്ന ഏകാധ്യാപക വിദ്യാലയം അവിടെ തന്നെ നിലനിർത്തണമെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്തും ഈ വിഷയം ചൂണ്ടിക്കാട്ടി അധികൃതരെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.