സ്കൂളുകളിലെ ഇന്റർനെറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളുകളിലെ ഇന്റർനെറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ അധ്യാപക സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി വസ്തുക്കൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ നടത്താൻ സ്‌കൂൾ തല ജാഗ്രതാ സമിതികൾ രൂപവൽകരിക്കും. പൊലീസ്, എക്സൈസ്, ജനപ്രതിനിധികൾ, പി.ടി.എ.അംഗങ്ങൾ, അധ്യാപകർ എന്നിവർ അടങ്ങുന്നതാണ് സമിതി. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടനകൾ മുഖ്യ പങ്കു വഹിക്കും. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിലെ ക്യു.ഐ.പി.ഡി ഡിമാർക്ക് ജില്ല തിരിച്ചുള്ള ചുമതല നൽകും. അധ്യയന ദിവസങ്ങൾ ചുരുങ്ങിയത് 200 തികക്കാനുള്ള നടപടികൾ കൈക്കൊള്ളും.

ഭിന്നശേഷി ഉത്തരവ് താഴെത്തട്ടിൽ അടിയന്തരമായി നടപ്പാക്കാൻ നടപടികൾ എടുക്കും. ജില്ലാ അടിസ്ഥാനത്തിൽ ഡി.ഡി.മാരും ആർ.ഡി.ഡി.മാരും അധ്യാപക സംഘടന നേതാക്കളും അടങ്ങുന്ന ജില്ലാതലയോഗം അതത് ജില്ലയിലെ വിഷയങ്ങൾ പരിശോധിക്കും. മെയ് 21 മുതൽ 27 വരെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും ശുചീകരിക്കും. മെയ് 21ന് കരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

കൈറ്റ്, എസ്. എസ്. കെ, എസ്. സി. ഇ.ആർ.ടി. തുടങ്ങി വകുപ്പിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കും. വരുംവർഷത്തെ അക്കാദമിക കലണ്ടർ പൂർത്തീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജി,വിദ്യാഭ്യാസ ഡയറക്ടർമാർ, ക്യു.ഐ.പി സംഘടനകൾ തുടങ്ങിയവർ ഉൾപ്പെടുന്ന അടിയന്തര യോഗം വിളിക്കും. ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ പി.ടി.എ, നാട്ടുകാർ, പൂർവ്വ വിദ്യാർഥി സംഘടനകൾ, മറ്റു സംഘടനകൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

ആഗസ്റ്റ്,സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ സംസ്ഥാനത്തെ എല്ലാ ഓഫീസുകളുടെയും കുടിശ്ശിക ഫയലുകൾ സംബന്ധിച്ച വിവരം ശേഖരിച്ച് ഫയൽ അദാലത്ത് നടത്തും.ഫയലുകൾ വച്ച് താമസിപ്പിക്കുന്നു എന്ന് അദാലത്തിൽ ബോധ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അധ്യാപകരുടെ സ്പെഷ്യൽ ട്യൂഷൻ, പ്രൈവറ്റ് എൻട്രൻസ് കോച്ചിംഗ്, അധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരിക്കൽ, മൂല്യനിർണയ ക്യാമ്പുകളിൽ നിന്ന് വിട്ടുനിൽക്കൽ തുടങ്ങിയവക്കെതിരെ കർശനനടപടികൾ ഉണ്ടാവും.

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ശാക്തീകരണം അടുത്ത വർഷത്തെ പ്രധാന മുദ്രാവാക്യമാണ്. ഇതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ കെ.എസ്.ടി.എ, കെ.പി.എസ്.ടി.എ, എ.കെ.എസ്.ടി.യു തുടങ്ങി 44 അധ്യാപക സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - V. Shivankutty said that steps will be taken to solve the problems related to Internet in schools immediately.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.