തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസത്തിന് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങളെന്ന് വി.ശിവന്‍കുട്ടി

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് മാതൃകാപരമായി പ്രവര്‍ത്തനങ്ങളാണ് എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്നത്. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷിയും കായികക്ഷമതയും ഉയര്‍ത്തുന്നതിനും നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്തു പോയവര്‍ക്കായി നടത്തുന്ന തുല്യതാ സാക്ഷരതാ പദ്ധതി ഏറെ മികച്ചതാണെന്നും മന്ത്രി പറഞ്ഞു.

2022-2023 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഫര്‍ണിച്ചര്‍ നല്‍കല്‍, കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പരിശീലനം, പെണ്‍കുട്ടികള്‍ക്ക് വ്യായാമം അഭ്യസിക്കുന്നതിനായി ഷീ ജിം, വര്‍ണ്ണ വസന്തം, പെണ്‍കുട്ടികള്‍ക്ക് തായ്‌കോണ്ടോ പരിശീലനം, ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിതാ റഹിം, സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ.ജി ഒലീന, പഞ്ചായത്ത് സെക്രട്ടറി പി.ജി പ്രകാശ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ദീപ ജെയിംസ്, അസി. കോ ഓഡിനേറ്റര്‍ കെ.എം സുബൈദ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - V. Shivankutty said that the activities implemented by the local bodies strengthen public education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.