കളിയെഴുത്തിന്‍െറ സൗന്ദര്യശാസ്ത്രം

അക്കങ്ങളിലൂടെ ആയിരുന്നു, ഒരുകാലത്ത് നാം ‘കളിവിവരം’ അറിഞ്ഞിരുന്നത്. അതായത് കളിയെഴുത്ത് ഇന്നത്തേതുപോലെ ജനവികാരമാകുന്നതിന് മുമ്പും കളികളും, അതില്‍ ആരാണ് വിജയിച്ചതെന്നറിയാനുള്ള ജിജ്ഞാസയും നിലനിന്നിരുന്നു. പത്രങ്ങളിലൊന്നും അന്ന് ഇന്നത്തേപോലെ സ്ഥിരം പേരുകളോ കോളങ്ങളോ നിശ്ചിത സ്ഥലങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ‘കുണ്ടറ അലാന്‍റ്^രാജസ്ഥാന്‍ ആര്‍.എ.സിയെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പിച്ചു, രാമനാഥന്‍ കൃഷ്ണന്‍ 6^2, 6^4ന് ജയദീപ് മുഖര്‍ജിയെ തോല്‍പ്പിച്ചു, വടകര ജിംഖാന മൂന്നു സെറ്റുകള്‍ക്ക് ഇടവാ ബ്രദേഴ്സിനെ തോല്‍പിച്ചു’ ഇതായിരുന്നു അക്കാലത്തെ സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങിന്‍െറ ഒരു രീതി. അതും  പത്രത്തിന്‍െറ ഒരു കോണില്‍. അതുകാരണം കളിവിവരമറിയണമെങ്കില്‍ പത്രം ആദ്യാവസാനം തിരിച്ചും മറിച്ചും നോക്കി കണ്ടത്തെണമായിരുന്നു.

കളിയെഴുത്തിന്‍െറ പരിണാമത്തെക്കുറിച്ച് കാര്യമായ പഠനങ്ങളോ ഗവേഷണങ്ങളോ നിരീക്ഷണങ്ങളോ പോലും ഇതുവരെ ഉണ്ടായിട്ടില്ല. പത്തുവര്‍ഷം മുമ്പ് കണ്ണൂര്‍ സര്‍വകലാശാലാ കായികവിഭാഗം നടത്തിയ ഒരു സെമിനാറില്‍ ഇതേപേരില്‍ ഞാനൊരു ‘കടലാസ്’ അവതരിപ്പിച്ചിരുന്നു. പഴയകാലങ്ങളിലെ കളിയെഴുത്തുകാരുമായി എനിക്കുണ്ടായിരുന്ന എന്‍െറ അടുപ്പവും സംഭാഷണങ്ങളും ഒക്കെ കൂട്ടിച്ചേര്‍ത്തൊരു നിരീക്ഷണം.



കളികളോളംതന്നെ കാലപ്പഴക്കമുണ്ട്, കളികളെക്കുറിച്ചറിയാന്‍ വിജയികളാരാണെന്നറിയാനുള്ള ആഗ്രഹങ്ങള്‍ക്കും. ലോക കളിയെഴുത്തിനെക്കുറിച്ച് പറയുന്നത് എഴുത്തിനെക്കാള്‍ മുമ്പുണ്ടായത് റണ്ണിങ് കമന്‍ററി എന്ന ദൃക്സാക്ഷി വിവരണമായിരുന്നുവെന്നാണ്. യുദ്ധകാലത്ത് യുദ്ധവിവരണങ്ങള്‍ അപ്പപ്പോള്‍ വിളിച്ചറിയിച്ചിരുന്നത്പോലെ റേഡിയോ സന്ദേശങ്ങളായി ദൃക്സാക്ഷി വിവരണങ്ങള്‍. ഇംഗ്ളണ്ടില്‍ ഫുട്ബാള്‍ കളി സാര്‍വത്രികമായപ്പോഴായിരുന്നു അവിടത്തെ പത്രങ്ങളിലെ ഏതെങ്കിലും ഒരു കോണില്‍ റിസല്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്ന രീതി നിലവില്‍ വന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട്സ്-ജേണലിസത്തെക്കുറിച്ച് ബല്‍ബീര്‍ ദത്ത് എഴുതിയ ഒരു ലേഖനത്തില്‍നിന്ന് മനസ്സിലാകുന്നത് ഇന്ത്യയില്‍ ആദ്യമായി സ്പോര്‍ട്സിന് പ്രാധാന്യം നല്‍കിയത് 1930ല്‍ ബോംബെയില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു ഇംഗ്ളീഷ് പത്രമായിരുന്നു എന്നാണ്. നിര്‍ഭാഗ്യവശാല്‍ ആ പത്രത്തിന്‍െറ പേരുപോലും വ്യക്തമല്ല.



എന്തായാലും കേരളത്തില്‍ ആദ്യമായി സ്പോര്‍ട്സ് പ്രത്യക്ഷപ്പെട്ടത് അമ്പതുകളുടെ അവസാനമായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങളില്‍ ചുരുക്കം വരികളില്‍ തലേദിവസത്തെ റിസല്‍ട്ടുകള്‍ കൊടുത്തുതുടങ്ങി. അതിനുശേഷമുണ്ടായ കളിയെഴുത്തിന്‍െറ വളര്‍ച്ച, വികസനം, ശാസ്ത്രീയ പുരോഗതി എന്നിവ ജേണലിസത്തിന്‍െറ സമസ്തമേഖലയെയും കീഴ്പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. തുലനം ചെയ്യാനാകാത്ത വിധമുള്ള മാറ്റങ്ങളാണ്, അന്നത്തെയും ഇന്നത്തെയും റിപ്പോര്‍ട്ടിങ് രീതികളും ആവിഷ്കാരങ്ങളും. അടുത്ത ദിവസം ഫേസ്ബുക്കില്‍ കണ്ട ഒരു വെളിപ്പെടുത്തലില്‍ കണ്ടത് ‘പണ്ടുകാലത്ത് അല്‍പം കളിനിയമങ്ങളും, കുറച്ച് ഭാഷയും വശമുണ്ടായിരുന്നെങ്കില്‍ ആര്‍ക്കും കളിയെഴുത്തുകാരനാകാന്‍ കഴിയുമെന്നായിരുന്നു’. നിര്‍ഭാഗ്യവശാല്‍ ഇത് പഴയ തലമുറയിലെ കളിയെഴുത്തുകാരെ അടച്ചാക്ഷേപിക്കുംവിധം പ്രയോഗമായിപ്പോയി.

മലബാറില്‍, പ്രത്യേകിച്ച് കോഴിക്കോട് തന്നെയായിരുന്നു കേരളത്തിലെ കളിയെഴുത്തിന് തുടക്കം കുറിച്ചത്. അക്കങ്ങളില്‍നിന്ന് അക്ഷരങ്ങളിലേക്കുള്ള അതിന്‍െറ പ്രയാണത്തിനും സൗന്ദര്യാത്മക മാറ്റത്തിനും കാരണക്കാരായത്, വിംസീ, അബു, മുഷ്താഖ് എന്നീ മൂന്നുപേരുടെ സന്ദര്‍ഭോജിത ഇടപെടലുകളും കളികളെക്കുറിച്ചും കളിനിയമങ്ങളെക്കുറിച്ചും കളിക്കാരോട് അവര്‍ക്കുണ്ടായിരുന്ന ഹൃദയബന്ധങ്ങളുടെ ഊഷ്മളതയുമായിരുന്നു. അവരുടെ സംഭാവനകള്‍ അതിന്‍െറ സമ്പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാകാതെപോവുകയും ചെയ്യുന്നു.

നാഗ്ജി ട്രോഫിയുടെ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാവാം, അതില്‍ പങ്കെടുക്കുന്ന ടീമുകളെക്കുറിച്ചും കളിക്കാരെക്കുറിച്ചും മത്സരഫലങ്ങളെക്കുറിച്ചും വ്യക്തമായ വിവരണങ്ങള്‍ നല്‍കാന്‍ കോഴിക്കോട്ട്നിന്ന് പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത്. മാതൃഭൂമിയും വിംസീയും അതിന് നേതൃത്വം നല്‍കുകയും ചെയ്തു. വി.എം. ബാലചന്ദ്രന്‍ വിഖ്യാത പത്രപ്രവര്‍ത്തകന്‍ വിംസീയെന്ന പേരില്‍ കളിയെഴുത്തുകാരനായപ്പോള്‍ അത് സ്പോര്‍ട്സ് ജേണലിസത്തില്‍ ലഭിച്ച ഏറ്റവും വലിയ സംഭാവനയായി. കളികളുടെ വിവരണത്തേള്‍ ആ തൂലികയില്‍നിന്നുയര്‍ന്ന ‘ഗര്‍ജനം’ വിമര്‍ശനാത്മകമായിരുന്നു. കളികള്‍ക്കും കളിക്കാര്‍ക്കുമെതിരെ നിലനിന്നവരുടെ പേടിസ്വപ്നമായിരുന്നു ആ വരികള്‍. എന്നും കളിക്കാരുടെ ഭാഗത്ത് നിലനിന്ന വിംസീ, കളിനിയമങ്ങളുടെ എന്‍സൈക്ളോപീഡിയ തന്നെയായിരുന്നു. ’79ല്‍ ഞാന്‍ ആദ്യമായി പരിചയപ്പെടുമ്പോള്‍ അതിശയിച്ചിരുന്നു, ഇന്‍റര്‍നെറ്റും വിവരസാങ്കേതികവിദ്യകളുമൊക്കെ വരുന്നതിനുമുമ്പ് അദ്ദേഹം മനസ്സിലാക്കിവെച്ച ലോക  സ്പോര്‍ട്സിനെക്കുറിച്ച അറിവുകളെക്കുറിച്ചോര്‍ത്ത്. ബ്യോണ്‍ ബോര്‍ഗ് ടെന്നിസില്‍ അരങ്ങുതകര്‍ത്തിരുന്ന നാളുകളില്‍ ബോര്‍ഗിനെക്കുറിച്ച്, പരിമിതമായ അറിവുകളേ എനിക്കുണ്ടായിരുന്നുള്ളൂ. അന്ന് ഞാന്‍ സ്വന്തമായി ഒരു സ്പോര്‍ട്സ് മാസിക നടത്തുന്ന ആളുമായിരുന്നു. ബോര്‍ഗിന്‍െറ ഒരു അത്യപൂര്‍വ ചിത്രവും ജീവിതകഥകളും എനിക്ക് നല്‍കി, അതേക്കുറിച്ച് ഒരു പ്രത്യേക പതിപ്പായി മാസിക പ്രസിദ്ധപ്പെടുത്താന്‍ പ്രചോദനമായതും വിംസീയായിരുന്നു. കളിയെഴുത്തിലേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച ശുഷ്കാന്തി ബഹുമാനാദരവുകളോടെമാത്രം ഇന്നും മനസ്സില്‍ മങ്ങാതെനില്‍ക്കുന്നു. പി.ടി. ഉഷയെയും ഒ.എം. നമ്പ്യാരെയും ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിരുന്നതും അദ്ദേഹമായിരുന്നു. കാല്‍പന്തുകളിയുടെ ആരാധകന്‍കൂടിയായ അദ്ദേഹത്തിന്‍െറ നാഗ്ജി ട്രോഫി വിവരണങ്ങളും സന്തോഷ്ട്രോഫി അവലോകനങ്ങളുമൊക്കെ തപ്പിയെടുത്താല്‍ ഏതു തലമുറക്കും അതൊരുമുതല്‍ക്കൂട്ടാകും.

മനോരമയുടെ ന്യൂസ് എഡിറ്ററും റസിഡന്‍റ് എഡിറ്ററുമായിരുന്ന അബൂസാര്‍; എന്നാല്‍ മനസ്സില്‍ പതിയുന്ന ഭാഷയില്‍ അബൂ എന്നപേരില്‍ അദ്ദേഹമെഴുതിയിരുന്ന ഫുട്ബാള്‍ വാര്‍ത്തകള്‍ ഗദ്യകവിതകള്‍തന്നെയായിരുന്നു. കളിയെഴുത്തിനൊപ്പമോ അതിലധികമോ ആയിട്ടുള്ളവ അദ്ദേഹം കണ്ടത്തെി പ്രോത്സാഹിപ്പിച്ച് വളര്‍ത്തിവലുതാക്കിവിട്ട കളിയെഴുത്തുകാരുടെ ഒരു വലിയ സമൂഹമാണ്. ’79ല്‍ ഞാന്‍ കോഴിക്കോട്ടത്തെുമ്പോള്‍ ആദ്യം പരിചയപ്പെട്ടവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. ഒപ്പം, ഡി.പി. ജയമോഹന്‍ എന്ന ഇന്നത്തെ വിഖ്യാത പത്രപ്രവര്‍ത്തകന്‍ പയ്യനായി ഒപ്പമുണ്ടായിരുന്നു. കെ.എന്‍.ആര്‍. നമ്പൂതിരി, ആന്‍ഡ്രൂസ് ജോണ്‍ എന്നീ കളിയെഴുത്തുകാരും കളിയഴക് അതുപോലെ കാമറയിലാക്കാന്‍ നാരായണേട്ടനും. ഇവരില്ലാതെ അന്ന് കേരളത്തില്‍ ഒരു ‘കളിയും’ നടക്കാത്ത അവസ്ഥയുമുണ്ടായി. ഇന്ന് ഇന്ത്യയില്‍ ഏതു കോണില്‍ നടക്കുന്ന മത്സരങ്ങള്‍ക്കും ഇനംതിരിച്ച് വാര്‍ത്താലേഖകരെയും ഫോട്ടോഗ്രാഫര്‍മാരെയും നിയോഗിക്കുന്ന പത്രങ്ങള്‍ക്ക്, അന്ന് അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മത്സരങ്ങള്‍ക്കുപോലും ലേഖകന്മാരുണ്ടായിരുന്നില്ല. അബൂസാറായിരുന്നു അതിനൊരു മാറ്റം വരുത്തിയത്.

അക്കാലത്ത്, വാര്‍ത്തകളെഴുതി കമ്പി ഓഫീസില്‍ കൊടുത്താല്‍ അതയക്കുന്നതിനായി, വാര്‍ത്താലേഖകന്‍ ഒരു പ്രത്യേക കാര്‍ഡുണ്ടായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പരിശീലകനായിരുന്ന എന്‍െറ പേരില്‍ അത്തരമൊരു കാര്‍ഡുണ്ടാക്കി എന്നെ, ലേഖകനായി നിയോഗിച്ചത് അദ്ദേഹമായിരുന്നു. ’79 മുതല്‍ ’89 വരെ പത്തുവര്‍ഷം തുടര്‍ച്ചയായി ഇന്‍റര്‍ യൂനിവേഴ്സിറ്റി, ദേശീയ മത്സരങ്ങള്‍ അപ്പപ്പോള്‍ കാണികളിലത്തെിക്കാന്‍ മനോരമയുണ്ടായിരുന്നു. അക്കാലത്ത് ഞാനെഴുതിയ ‘ഒളിമ്പിക്സ് കാലങ്ങളിലൂടെ’ എന്ന പുസ്തകം, മനോരമ ആഴ്ചപ്പതിപ്പിലൂടെ ആദ്യമായി പ്രസിദ്ധപ്പെടുത്തിയതും അബൂസാറിന്‍െറ ഇടപെടലുകളായിരുന്നു. ഭാഷാസൗന്ദര്യം മാത്രമായിരുന്നില്ല അബൂസാറിന്‍െറ കളിയെഴുത്തിന്‍െറ സവിശേഷത. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കി അത് അതുപോലെ പ്രതിഫലിപ്പിക്കുന്ന ഒരു ശൈലി, കളിക്കാരെയും അവരുടെ കേളീശൈലിയും വിശകലനം ചെയ്ത് അദ്ദേഹമെഴുതിയ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുകയാണെങ്കില്‍ ഭാവി കളിയെഴുത്തുകാര്‍ക്കത് ഒരു മുതല്‍ക്കൂട്ടാവും. അതേ ശൈലിയില്‍ കുറെക്കൂടി വിമര്‍ശാത്മകമാംവിധം, മാധ്യമം ഓണ്‍ലൈനില്‍ ഇന്നും സജീവമാണെന്നത് ആഹ്ളാദകരമാണ്. ലാളിത്യമാണാ ശൈലിയുടെ മുഖമുദ്ര.

ചന്ദ്രിക ദിനപത്രവും ആഴ്ചപ്പതിപ്പും ഒരുകാലത്ത് കളി ആസ്വാദകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത നിലവറയായിരുന്നു. കൃത്യമായ കളിവിവരങ്ങളും ഏറ്റവും പുതിയ കായികവാര്‍ത്തകളും അറിയാനായി അന്നവിടെ പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. കളിയെഴുത്തിന്‍െറ കുലപതിമാരിലൊരാളായ പി.എം. മുഹമ്മദ്കോയ എന്ന  മുഷ്താഖിന്‍െറ വ്യക്തിപരമായ താല്‍പര്യവും ഇടപെടലുകളുമായിരുന്നു അക്കാലത്ത് ചന്ദ്രികയെ വേര്‍തിരിച്ചുനിര്‍ത്തിയത്. കളിയെഴുത്തുകാരനെന്നതിനൊപ്പമോ അതിലേറെയോ ആയിരുന്നു മുഷ്താഖിന്‍െറ മികവ് അക്കാലങ്ങളില്‍ കളിപറയുന്നതിനുണ്ടായിരുന്നത്. ഒരിക്കല്‍ നാഗ്ജിയില്‍ കളിപറയുന്നതിനിടയില്‍ ആകസ്മികമായി വീണ ഒരു ഗോളിന്‍െ വിസ്മയത്തോടെ അദ്ദേഹം വിശേഷിപ്പിച്ചത്, ‘‘അള്ളോ ഗോള്‍’’ എന്നായിരുന്നു. അത് മുഷ്താഖ് അല്ലാതെ മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന അപകടങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. അതില്‍ മറ്റ് മാനങ്ങുണ്ടാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍െറ കാല്‍പന്തുകളിയോടുള്ള കൂറും വിവരണശൈലിയുടെ മാഹാത്മ്യവും അതേപോലെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ കാണികള്‍ക്ക് ഒന്നടങ്കം കഴിഞ്ഞിരുന്നു.
എണ്‍പതുകളില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ സ്ഥിരമായിട്ടെഴുതാനുള്ള അവസരം എനിക്കുണ്ടാക്കിത്തന്നതും കളിയെഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്‍െറ ഹൃദയസമ്പന്നതായിരുന്നു. മഹാനായ ആ പത്രാധിപര്‍ നേരിട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എന്നെ തിരക്കി വന്നു ലേഖനങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നത് അവിശ്വസനീയമായ ഓര്‍മയാണ്. അതുപോലെ ’82ലെ ഏഷ്യന്‍ ഗെയിംസ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്നെ സഹായിച്ചതും അദ്ദേഹമായിരുന്നു. ‘അപ്പുവിന്‍െറ ഡയറി’യും, ‘ജസ്സീ ഓവന്‍സ് മുതല്‍ കാള്‍ ലൂയീസ് വരെ’ എന്നീ രണ്ടു പുസ്തകങ്ങളും ചന്ദ്രികയില്‍ നേരത്തെ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്. കളിയെഴുത്തിലെ തത്വചിന്തകനായിരുന്ന അദ്ദേഹം അത്രയധികം ഗൗരവപൂര്‍ണമായ സ്പോര്‍ട്സ് ലേഖനങ്ങളെയും കളിയെഴുത്തിനെയും സമീപിച്ചിരുന്ന ഒരാളും മുഷ്താഖിന് മുമ്പും പിമ്പുമുണ്ടായിട്ടില്ല.

ദേശാഭിമാനിയിലും കേരളകൗമുദിയിലും പ്രവര്‍ത്തിച്ചിരുന്ന കെ. കോയ എന്ന കോയാക്ക ഒരു സംഭവം തന്നെയായിരുന്നു. പെന്‍ഷന് ശേഷമായിരുന്നു അദ്ദേഹം സജീവ റിപ്പോര്‍ട്ടിങ്ങ് രംഗത്തെതിയത്. പഞ്ചായത്ത്തലം മുതല്‍ ഏഷ്യന്‍ ഗെയിംസ് വരെയുള്ള മത്സരങ്ങളൊക്കെ നേരിട്ട് കണ്ട് എഴുതിയിരുന്ന അദ്ദേഹം കളിക്കാരുടെ ഇഷ്ട തോഴനുമായിരുന്നു. കളിക്കാരെ അത്രക്കധികം നേരിട്ട് പ്രോത്സാഹിപ്പിച്ചിട്ടുള്ള മറ്റൊരു കളിയെഴുത്തുകാരനും ഉണ്ടാകാനിടയില്ല. ഉഷയുടെ ബാല്യം മുതല്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഓരോ മല്‍സരവും വിലയിരുത്തിക്കൊണ്ട്. കാലാവസ്ഥാ പ്രവചനങ്ങളിലും വിദഗ്ധനായിരുന്ന കോയാക്ക, ഒരിക്കല്‍ മദിരാശിയിലെ എം.എഫ്.എ ടൂര്‍ണമെന്‍റ് (ഫുട്ബാള്‍) കലാശക്കളി റിപ്പോര്‍ട്ട് ചെയ്യാനത്തെിയത് കത്തുന്ന വെയിലിന്‍െറ അകമ്പടിയോടെയായിരുന്നു. കളി തുടങ്ങുന്നതിന് കുറെനേരം മുമ്പ് സഹ കളിയെഴുത്തുകാരോട് അദ്ദേഹം പറഞ്ഞു, ‘‘ഞാന്‍ പോകുന്നു, ഇന്ന് കളി നടക്കില്ല’’. പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും ജ്വലിച്ചുനിന്ന സൂര്യനെങ്ങോപോയി. മദിരാശി നഗരം അതിനടുത്തൊന്നും കണ്ടിട്ടില്ലാത്തവിധം കൊടുങ്കാറ്റും പേമാരിയും, അന്നു മാത്രമല്ല അടുത്ത ദിവസവും കളി നടന്നില്ല. അതാണ് കോയാക്ക.

കോഴിക്കോടിന്‍െറ മറ്റൊരു സംഭാവനയാണ് വി. രാജഗോപാല്‍. ഏറ്റവും കൂടുതല്‍ ഒളിമ്പിക്സ് മല്‍സരങ്ങള്‍ നേരിട്ട് കണ്ട് പകര്‍ത്തിയ അദ്ദേഹം എഡ്വിന്‍ മോസസിന്‍െറ അടുത്ത കൂട്ടുകാരനും ലോറിയസ് അവാര്‍ഡ് കമ്മിറ്റിയിലെ ഇന്ത്യയൂടെ പ്രതിനിധിയുമാണ്. അതുപോലെ ഏറ്റവുമധികം ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയാളുമാണ് കോഴിക്കോട്ടുകാരനായ ഭാസി മലാപറമ്പ്. നല്ല കളിക്കാരനുമായിരുന്ന അദ്ദേഹം മലബാറിലെ കളിയെഴുത്തു പെരുമയുടെ മുഖ്യ കണ്ണികളിലൊന്നായിരുന്നു. കണ്ണൂരിന്‍െറ കെ.പി.ആര്‍. കൃഷ്ണന്‍, കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആര്‍. ഗോപാലന്‍െറ സഹോദരന്‍, അതുപോലെ മുന്‍ വിദേശകാര്യ മന്ത്രിയും പാര്‍ലമെന്‍റ് അംഗവും ലീഗ് നേതാവുമായ ഇ. അഹമ്മദ് എം.പിയും അറിയപ്പെടുന്ന കളിയെഴുത്തുകാരനായിരുന്നു. ഓര്‍മിക്കപ്പെടേണ്ട പേരുകളില്‍ ഒന്നാണ് ചന്ദ്രികയുടെ മുഹമ്മദ്കോയ നടക്കാവിന്‍േറത്.



കളിയെഴുത്തില്‍ കോഴിക്കോടിനൊപ്പമുള്ള പാരമ്പര്യത്തിന് അവകാശമില്ളെങ്കിലും തലസ്ഥാന നഗരിയിലും സമ്പന്നമായ കളിയെഴുത്തുകാരുടെ ഒരു നിരയുണ്ടായിരുന്നു. കേരളകൗമുദി പത്രാധിപസമിതി അംഗമായിരുന്ന അറപ്പുര ഭാസ്കരന്‍, ആദ്യകാല സ്പോര്‍ട്സ് മാസികകളില്‍ ഒന്നായിരുന്ന ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സിന്‍െറ പ്രസാധകനായിരുന്നു. കളിയെഴുത്തും ദൃക്സാക്ഷിവിവരണവും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന ശ്യാമളാലയം കൃഷ്ണന്‍ നായര്‍, ഡി. അരവിന്ദന്‍ എന്നിവരും ആദ്യകാല കളിയെഴുത്തുകാരിലെ കുലപതിമാരായിരുന്നു.

വിവര്‍ത്തനം മാത്രം കളിയെഴുത്തായിരുന്ന കാലത്ത് മാറ്റം വരുത്തിയവരില്‍ മുന്നിലുള്ളത് ദേശാഭിമാനിയിലെ എ.എന്‍. രവീന്ദ്രദാസ്, മനോരമയിലെ ബാബു മത്തേര്‍ (പിന്നീട് ഗള്‍ഫ് ന്യൂസ്), കൃസ് തോമസ്, ഗോപീകൃഷ്ണന്‍, സനല്‍ പി, തോമസ് (നിരവധി സ്പോര്‍ട്സ് പുസ്തകങ്ങളുടെ കര്‍ത്താവുകൂടിയാണദ്ദേഹം), ഗോപീകൃഷ്ണന്‍, ദീപികക്ക്വേണ്ടി കായികലോകം എന്ന മാസിക പ്രസിദ്ധപ്പെടുത്തിയ ഷാജി ജേക്കബ്, രവിമേനോന്‍ എന്നിവരും ദൂരദര്‍ശന് വേണ്ടി ദൃശ്യമാധ്യമങ്ങളിലൂടെ ആദ്യമായി മലയാളികള്‍ക്ക് കളി പകര്‍ന്നുതന്ന ജോണ്‍ സാമുവല്‍ എന്നിവരൊക്കെയായിരുന്നു. ആംഗലേയ ഭാഷയിലേക്ക് കളിപകര്‍ത്തിയ എ. വിനോദ് കളിക്കളത്തില്‍നിന്ന് നേരിട്ട് ഈ രംഗത്തും എത്തിയ ആളുമാണ്.

കേരള കായികരംഗത്ത് കളിയെഴുത്ത് ഒരു പ്രത്യേക ശാഖയും ഹൃദയവികാരവുമായി മാറിയത് മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ പിറവിയോടെയായിരുന്നുവെന്നത് മറച്ചുവെക്കാനാകാത്ത യാഥാര്‍ഥ്യമാണ്. അതിനുമുമ്പ് ഞാനടക്കമുള്ളവര്‍ തുടങ്ങിയ സ്പോര്‍ട്സ് പ്രസിദ്ധീകരണങ്ങള്‍ക്കൊക്കെ ശൈശവാന്ത്യമായിരുന്നുവെന്ന് കാണുമ്പോഴേ മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ മഹത്വവും സ്വാധീനവും മനസ്സിലാക്കാനാകൂ.



പത്രത്തിന്‍െറ ഏതെങ്കിലും ഒരു കോണില്‍ ഒതുങ്ങിയിരുന്ന സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ് ഇന്ന് കോളങ്ങള്‍ കടന്ന് പ്രത്യേക പേജുകളും ഇന്‍റര്‍നെറ്റ് പതിപ്പുകളുമൊക്കെയായി മാറിയിരിക്കുന്നു. സാര്‍വദേശീയ, ദേശീയ മത്സരങ്ങള്‍ക്കൊക്കെ ഒന്നിലധികം റിപ്പോര്‍ട്ടര്‍മാരെയും ഫോട്ടോഗ്രാഫര്‍മാരെയും നിയോഗിക്കുകയും അവര്‍ക്കൊക്കെ ‘വിദഗ്ധരെ’ ഉള്‍പ്പെടുത്താനും, പത്രമാസികകള്‍ മത്സരിക്കുന്ന വിധവും കാര്യങ്ങള്‍ മുന്നേറിയിരിക്കുന്നു. ഓരോ മത്സരങ്ങള്‍ക്കും പ്രത്യേക റിപ്പോര്‍ട്ടിങ്ങിനും സ്പോര്‍ട്സ് ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുന്ന രീതിയും നിലവില്‍ വന്നിരിക്കുന്നു. അത്രത്തോളം കളിയെഴുത്ത് വളരുകയും ചെയ്തിരിക്കുന്നു. ജേണലിസത്തിലെ മറ്റേതൊരു മേഖലകളില്‍ കാണാനായതിലും വലിയ മുന്നേറ്റങ്ങളും വികസനവുമാണ് ഈ മേഖലയിലുണ്ടായിട്ടുള്ളത്. ചാനലുകളുടെ കടന്നുവരവോടെ ലഭിച്ചിരിക്കുന്ന തത്സമയ സംപ്രേഷണങ്ങളും വിവരണങ്ങളും കൂടിയായപ്പോള്‍, സാധാരണക്കാരന്, കളി ആസ്വാദകനും തമ്മിലുള്ള ആസ്വാദന ശൈലിയുടെ അന്തരവുമില്ലാതെയായി.

ഇതൊരുവശം മാത്രമേ ആകുന്നുള്ളൂ. പഴയകാലത്തെ കളിയെഴുത്തുകാരുടെ ഹൃദയബന്ധവും സൗഹൃദവും മാനസിക സമ്പന്നതയും നഷ്ടപ്പെടുകയാണോ എന്ന് സംശയമുണ്ടാകും വിധമൊരു, കമന്‍റും ഫേസ്ബുക്കില്‍ കഴിഞ്ഞദിവസം കാണാനിടയായി. ‘‘പേന നിറയെ മഷിയും മനസ്സുനിറയെ വിഷവുമുണ്ടെങ്കില്‍, കളിയെഴുത്തുകാരനാകാമെന്ന’’ ആ വരികള്‍, വിംസീ, അബു, മുഷ്താഖ്, കെ. കോയ എന്നിവരുടെ ഹൃദയവിശാലനത കാണാത്തതും, വേദനിപ്പിക്കുന്നതുമായി. നല്ല ഭാഷയും കളി അറിവുമുള്ള നൂറുകണക്കിന് കളിയെഴുത്തുകാര്‍, കളികളുടെ പൊരുളറിഞ്ഞുകൊണ്ട്, കളിക്കാരുടെ ഹൃദയംതൊട്ടറിഞ്ഞ്, ഈ രംഗത്തേക്ക് കടന്നുവരുന്നു എന്നത്, പഴയ കളിക്കാരുടെ ആശീര്‍വാദങ്ങളോടത്തെന്നെയാകും. അവരെ നല്ല വഴിയിലേക്ക് നയിക്കുന്നതിന് പകരം, സാര്‍വദേശീയ മത്സരങ്ങളിലെ കാല്‍പനിക കഥകളും സാങ്കല്‍പിക കൂടിക്കാഴ്ചകളും പകര്‍ന്നുനല്‍കി, ദിശാബോധം തെറ്റിക്കലാവുകയുമരുത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.