വിംബ്ള്‍ഡണിലെ മധുരംമാഞ്ഞ സ്ട്രോബറി ^2
വിംബ്ള്‍ഡണ്‍ ഫൈനല്‍ കഴിഞ്ഞതോടെ എന്‍െറ മടക്കയാത്രക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങേണ്ടിയിരുന്നു. പിന്നെ രണ്ടു ദിവസമേയുള്ളൂ. അതിനിടയില്‍ ലോഡ്സിലുള്ള ഇടവക്കാരന്‍ രവീന്ദ്രന്‍നായരെ കാണണം. ചേട്ടന്‍െറ ക്ളാസ്മേറ്റും കുടുംബസുഹൃത്തുമായ രവി, ദുബൈയില്‍നിന്നാണ് ഇംഗ്ളണ്ടിലത്തെിയത്. മകള്‍ ബി.ബി.സിയില്‍ ന്യൂസ് റീഡറാണ്.
ലണ്ടനില്‍നിന്ന് അവിടേക്ക് 170 മൈലാണ് ദൂരം. അതായത്, നമ്മുടെ 274 കിലോ മീറ്റര്‍. അടുത്തദിവസം രാവിലെ ഞാനും നവാസും ഹുസൈന്‍ മാമയുടെ മൂത്തമകന്‍ ശഹ്ബത്തും അദ്ദേഹത്തിന്‍െറ പുതുപുത്തന്‍ ബി.എം.ഡബ്ള്യൂ കാറില്‍ അങ്ങോട്ടു തിരിച്ചു. മനോഹരമായ ഒരു നഗരമാണ് ലീഡ്സ്-ഒരുപാട് പച്ചപ്പും. ശരിക്കുള്ള ഒരു ഓണസദ്യതന്നെയാണ് രവിയും കുടുംബവും ഒരുക്കിയിരുന്നത്. ചില്ലറ നഗരക്കാഴ്ചയും ഷോപ്പിങ്ങുമായി വൈകുന്നേരംതന്നെ ആക്ടണില്‍ തിരിച്ചത്തെി. ഇനി ഒരുദിവസം കൂടി. ഉച്ച കഴിഞ്ഞപ്പോള്‍, ഹുസൈന്‍ മാമ മുന്നറിയിപ്പു കൂടാതെ പറഞ്ഞു നമുക്ക് ലണ്ടന്‍ സെന്‍ട്രല്‍ മോസ്ക്കുകൂടി കാണാം. നവാസും ഞാനും മാമയുംകൂടി അപ്പോള്‍തന്നെ പുറപ്പെട്ടു. നഗരമധ്യത്തില്‍തന്നെയുള്ള അതിമനോഹരമായ ആരാധനാലയം കാണാതെ പോയിരുന്നുവെങ്കില്‍ വന്‍ നഷ്ടം തന്നെയാകുമെന്ന് അതു കണ്ട് കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അപ്പോഴേക്കും, ശബ്ഖത്ത് ഹുസൈന്‍ മാമയുടെ കുടുംബാംഗങ്ങളുമായി പള്ളിയുടെ മുഖ്യകവാടത്തില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വൈകുന്നേരം മുഴുവന്‍ ഷോപ്പിങ്. അവര്‍ എന്നെ കൊണ്ടിറക്കിയത് വിഖ്യാതമായ ഹാരോഡ്സിന് മുന്നിലും. ബര്‍ലിന്‍ നഗരത്തിലെ ‘കാസവേ’യെക്കാള്‍ വലുതും ഭംഗിയുള്ളതും വമ്പനൊരു ഷോപ്പിങ് കൊട്ടാരംതന്നെയാണത്. ഈജിപ്തുകാരനായ മുഹമ്മദ് അല്‍ഫയദായിരുന്നു അന്നതിന്‍െറ ഉടമ. പില്‍ക്കാലത്ത് ഡയാനാ രാജകുമാരിയുടെ കാമുകനായി ചരിത്രത്തില്‍ ഇടംകണ്ടത്തെിയ 1977 ഫ്രാന്‍സില്‍ വെച്ച് ഡയാനാ രാജകുമാരിക്കൊപ്പം കാര്‍ അപകടത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഇദ്ദേഹത്തിന്‍െറ മകനായിരുന്നു ഡോഡി അല്‍ഫയദ്. ഞാന്‍ അവിടെനിന്ന് ആകെ വാങ്ങിയത് കുട്ടിക്കാലത്ത് കിട്ടിയിരുന്ന യാര്‍ഡ് ലീ സോപ്പും പൗഡറുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിവരുന്നു. ഒപ്പം, പ്രഫസര്‍ ഷെല്ലന്‍ ബര്‍ഗര്‍ക്കായി ഒരു ഇലക്ട്രോണിക് പില്‍ ഷേവറും എന്‍െറ മകന്‍ എമിലിന് ചെറിയ ഒരു കീബോര്‍ഡും. ഇതിന്‍െറ വില കൊടുത്തത് ഹുസൈന്‍ മാമയായിരുന്നു.
ഇനിയാണ് നമ്മുടെ കഥ തുടങ്ങുന്നത്. 12ാം തീയതി വൈകുന്നേരം ഹുസൈന്‍ മാമയും രണ്ടു മക്കളും നവാസുംകൂടി എന്നെ ഡോവറിലേക്കുള്ള യൂറോ ലൈന്‍ ബസ് കയറ്റാന്‍ കൊണ്ടുപോയി. 40 പൗണ്ടായിരുന്നു ലണ്ടനില്‍നിന്ന് ഡോവറിലേക്കും അവിടെനിന്ന് അവരുടെതന്നെ ആഡംബരക്കപ്പലില്‍ നെതര്‍ലന്‍ഡിലെ ഓസ്റ്റ്എന്‍ഡിലേക്കുമുള്ള യാത്രക്കൂലി. ഹിഷാം നേരത്തെ അറിയിച്ചിരുന്നു. ഒരേസമയം രണ്ടു കപ്പലുകള്‍ പുറപ്പെടും. ഒന്ന് ഫ്രഞ്ച് തീരമായ കാലേയിലേക്കും മറ്റൊന്ന് ഓസ്റ്റ്എന്‍ഡിലേക്കും. ‘ഞാന്‍ അവിടെ കാത്തുനില്‍ക്കും ഓസ്റ്റ്എന്‍ഡ് കപ്പലിലേ കയറാവൂ.’
ലണ്ടനില്‍നിന്ന് ഡോവറിലേക്ക് 107 കിലോമീറ്ററാണ് ദൂരം. രണ്ടര മണിക്കൂര്‍കൊണ്ട് അവിടെയത്തെി. കൃത്യസമയത്തുതന്നെ കപ്പലിലും കയറി. ഒപ്പം ബസും അതില്‍ കടത്തിയിരുന്നു. എന്‍െറ ആദ്യത്തെ കപ്പല്‍യാത്ര. ചലിക്കുന്ന ഒരു കൊട്ടാരം തന്നെയായിരുന്നു അത്. മൂന്നു മണിക്കൂര്‍കൊണ്ടാണ് ഇംഗ്ളീഷ് ചാനല്‍ കടന്ന് കപ്പല്‍ ഓസ്റ്റ് എന്‍ഡില്‍ എത്തേണ്ടത്. ഉറങ്ങാതെ ഞാന്‍ വിസ്മയക്കാഴ്ചകണ്ട് കറങ്ങിനടന്നുകണ്ടു. സമയം പോയതറിഞ്ഞില്ല, കപ്പല്‍ തീരത്തത്തെി. ഒപ്പം കപ്പലില്‍ കയറ്റിയ ബസില്‍ ആയിരുന്നു എന്‍െറ വലിയ ബാഗും സാധനങ്ങളും. കൈയില്‍ ചെറിയ ഒരു ബാഗ് മാത്രം. അപ്പോഴേക്കും ‘നീലക്കുപ്പായമിട്ട’ രണ്ടുപേര്‍ വന്ന് എന്‍െറ പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതോടെ അവരുടെ സൗഹൃദഭാവവും പോയി. പറയുന്നത് ഫ്രഞ്ച് ഭാഷ. എനിക്കാണെങ്കില്‍ അന്ന് ആ ഭാഷയിലെ ഒരു വാക്കുപോലും അറിയുകയുമില്ല. പടച്ചോനെ, ഹോളണ്ടിലും ഫ്രഞ്ച് ഭാഷയാണോ പറയുന്നത്-കാരണം, ഞാന്‍ ടിക്കറ്റെടുത്തത് അവരുടെ തീരമായ ഓസ്റ്റ് എന്‍ഡിലേക്കായിരുന്നല്ളേ. എന്നെ ബസില്‍ കയറാനനുവദിക്കാതെ ഈ പൊലീസുകാര്‍ മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി. വിസ... വിസ... ഇതു മാത്രമേ എനിക്കു മനസ്സിലായുള്ളൂ. വിസ പതിച്ചഭാഗം ഞാനവര്‍ക്ക് കാട്ടിക്കൊടുത്തു. ബെനു ലുക്സ്-അതായത് ബെല്‍ജിയം, നെതര്‍ലന്‍ഡ്, ലക്സംബര്‍ഗ് വിസ അതിലുണ്ടായിരുന്നു. ക്രൂരതയോടെയായി പിന്നീടുള്ള അവരുടെ പെരുമാറ്റം. ഒരു കടന്നുകയറ്റക്കാരനെപോലെ എന്‍െറ നേരെ ഡിപ്പാര്‍ചര്‍ കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയി മറ്റൊരു കൂട്ടരെ ഏല്‍പിച്ചു. എന്നിട്ടും, എനിക്കൊന്നും മനസ്സിലായില്ല. വല്ലവിധവും ഇംഗ്ളീഷിലും ജര്‍മന്‍ഭാഷയിലും ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചു. കുറെ കഴിഞ്ഞ് അല്‍പം പ്രായംകൂടിയ ഒരാള്‍ വന്ന് ഇംഗ്ളീഷില്‍ എന്നോട് കാര്യങ്ങള്‍ അന്വേഷിച്ചത്-അപ്പോഴാണ് ഞാനറിയുന്നത്. കപ്പലുകാര്‍ എന്നെ കൊണ്ട് ഇറക്കിവിട്ടിരിക്കുന്നത് ഫ്രഞ്ച് തീരമായ കാലേയിലേക്കാണെന്ന്. രക്തം ഉറഞ്ഞുകൂടിയതുപോലെ പേടിച്ചുവിറച്ച് ഞാന്‍ തലക്ക് കൈകൊടുത്ത് നിലത്തിരുന്നുപോയി. എനിക്ക് ഫ്രഞ്ച് വിസയില്ല. അതിനിടയില്‍ എന്‍െറ സഞ്ചിയും പെട്ടിയുമുള്ള ബസ് പോവുകയും ചെയ്തിരുന്നു. ജീവിതത്തില്‍ ഞാനനുഭവിച്ച ഏറ്റവും നിസ്സഹായമായ അവസ്ഥ അതായിരുന്നു.
ഒരു മാര്‍ഗവും എത്ര ചിന്തിച്ചിട്ടും എന്‍െറ മുന്നിലത്തെിയതുമില്ല. അതിനിടയില്‍ എന്‍െറ പാസ്പോര്‍ട്ട് പൊലീസുകാര്‍ കൊണ്ടുപോവുകയും ചെയ്തു. വെളുപ്പിന് നാലിന് ഡോവറിലേക്ക് തിരിച്ചുപോകുന്ന ഒരു കപ്പലില്‍ കയറ്റി അവര്‍ എന്നെ ‘ഡിപ്പോര്‍ട്ട് ചെയ്ത്’ അപ്പോഴാണ് വീണ്ടും ഞാന്‍ ഞെട്ടിവിറച്ചത്. ഡോവറില്‍ ചെന്നിറങ്ങിയാലത്തെ സ്ഥിതിയോര്‍ത്ത് എനിക്കാകെയുണ്ടായിരുന്നത് സിംഗ്ള്‍ വിസ. രണ്ടാമത് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ കടക്കാന്‍ അത് മതിയാവുകയുമില്ല. മാത്രമല്ല, ഞാന്‍ ലണ്ടന്‍ യാത്രക്കായി വാങ്ങിയ-വിഡിയോ കാമറയും ഇന്ത്യയില്‍നിന്ന് കൊണ്ടുപോയ നീണ്ട കുഴലുള്ള യാഷികാ കാമറയും മറ്റ് വിലപിടിപ്പുള്ളതൊക്കെയും ആ ബസില്‍ ആണെന്ന നടുക്കുന്ന ചിന്തകളും.
രാവിലെ ഏഴിന് ഡോവറില്‍ കപ്പലത്തെി. അറൈവല്‍ ലോഞ്ചിലത്തെിയപ്പോഴേക്കും എന്‍െറ ജീവന്‍െറ 90 ശതമാനവും കൈവിട്ടുപോയിരുന്നു. ആ രംഗം ഞാനിന്ന് ഓര്‍ക്കുന്നു. കുപ്പായത്തില്‍ എസ്. ബക്കര്‍ എന്ന് പേരെഴുതി നീണ്ട മീശയുള്ള ഒരു ഉദ്യോഗസ്ഥനാണ് പാസ്പോര്‍ട്ട് വാങ്ങിനോക്കിയത്. കരഞ്ഞു വിറച്ചുകൊണ്ട് ഞാന്‍ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ഗൗരവത്തോടെ അദ്ദേഹം അതൊക്കെ കേട്ടിരുന്നു. അവിടെ അതിശയകരമായ ഒരു രക്ഷകന്‍ എന്നോടൊപ്പമുണ്ടായി. ലണ്ടനില്‍നിന്ന് അടുത്ത ആഴ്ച ഡ്യുഡല്‍ ഡോര്‍ഫ് നഗരത്തിലേക്ക് തിരിച്ചുപറക്കാനുള്ള എന്‍െറ ടിക്കറ്റ് അതുതന്നെ ഒരനുഗ്രഹംപോലെ എന്‍െറ കൈയില്‍പെട്ടതും ലണ്ടനിലത്തെിയശേഷം മടക്കയാത്ര ടിക്കറ്റ് കാന്‍സല്‍ ചെയ്യാനായി. ട്രാവല്‍ സെന്‍ററില്‍ എത്തിയപ്പോള്‍ വലിയ തിരക്ക്. രണ്ടുമൂന്നു മണിക്കൂര്‍ കാത്തുനിന്നാലും സംഗതി നടക്കില്ല. അപ്പോഴാണ് ഹുസൈന്‍ മാമ പറഞ്ഞത്-കാന്‍സല്‍ ചെയ്തിട്ടും വലിയ നേട്ടമൊന്നുമില്ല. വളരെ കുറഞ്ഞ പണമേ തിരിച്ചുകിട്ടൂ. വേണമെങ്കില്‍ പിന്നീടൊരു ദിവസം നോക്കാം. എന്തായാലും ആ അദ്ഭുത ടിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ ഉടനെ ലണ്ടന്‍ വിട്ടോളണമെന്ന വ്യവസ്ഥയില്‍ ‘ബക്കര്‍ സായിപ്പ്’ എന്‍െറ പാസ്പോര്‍ട്ടില്‍ ‘റീ എന്‍ററി വിസയടിച്ചു’ തന്നു. ഒപ്പം, ഹുസൈന്‍ മാമയെ വിളിച്ച് വിവരം പറയാന്‍ ഫോണ്‍ സൗകര്യവും ഒരുക്കിത്തന്നു. പ്രാണവായു തിരിച്ചുകിട്ടിയ അനുഭവമായിരുന്നെനിക്ക്. അതുവരെയുള്ളതൊക്കെ നഷ്ടമാകുമെങ്കിലും കുറ്റബോധത്തോടെ യൂറോ ലൈന്‍ സഞ്ചാരികളാല്‍ അധികവും യൂറോപ്പില്‍നിന്നായതുകൊണ്ട് ഓസ്റ്റ്എന്‍ഡായാലും കാലത്തേയിലായാലും അവര്‍ക്ക് പ്രശ്നമില്ല.
വിസയില്ലാത്തതുകൊണ്ട് എവിടെയിറങ്ങിയും യാത്ര തുടരാം. എന്‍െറ കാലക്കേടിന് അന്ന് ഓസ്റ്റ്എന്‍ഡിലേക്കവരുടെ സര്‍വിസ് ഉണ്ടായിരുന്നില്ല. പത്തര മണിയായപ്പോള്‍ ബസ് ലണ്ടനില്‍ അവരുടെ ഓഫിസിന് മുന്നില്‍ നാണിച്ച് തലതാഴ്ത്തി. ഞാനിറങ്ങിയപ്പോള്‍ ഹുസൈന്‍ മാമയും നവാസും കാറുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. അവിശ്വസനീയമായ യാഥാര്‍ഥ്യംപോലെ നടുങ്ങുന്ന ഓര്‍മകളുമായി ഞാനവരുടെ കാറില്‍ക്കയറി. ഒരാഴ്ചകൂടി നീട്ടിക്കിട്ടിയ ലണ്ടന്‍ജീവിതം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബര്‍മിങ്ഹാമിലും എല്‍സ്റ്ററിലുമുള്ള ബന്ധുക്കളെ കാണാനായി വിനിയോഗിച്ചു. ഒടുവില്‍, എന്‍െറ രക്ഷകനായ മടക്കയാത്ര ടിക്കറ്റുമായി രണ്ടു ദിവസം കഴിഞ്ഞ് ഹീത്രുവില്‍നിന്ന് ഡ്യൂഡല്‍ ഡോര്‍ഫിലത്തെിയപ്പോള്‍ പോള്‍പനക്കലും ക്രിസ്റ്റി സെബാസ്റ്റ്യനും സ്വീകരിക്കാനുണ്ടായിരുന്നു. ഒരു അദ്ഭുതജീവിയെ കണ്ടതുപോലായി അവരുടെ മുഖമപ്പോള്‍. കാരണം, എന്‍െറ നടുങ്ങുന്ന ഓര്‍മകള്‍ അവരുമായി പങ്കുവെച്ചപ്പോഴുള്ള അവരുടെ അവിശ്വസനീയത.
ഹിഷാമിനോടുള്ള കടംവീട്ടാനായി ഒരുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. അടുത്ത ദീര്‍ഘ അവധി അപ്പോഴായിരുന്നു. ഒരുരാത്രി മുഴുവന്‍ വിവരമറിയാതെ ഓസ്റ്റ്എന്‍ഡില്‍ എന്നെ കാത്തുനിന്ന് മടങ്ങിയ ഹിഷാമിനെ കാണാന്‍ ആന്‍റ്സര്‍പ്പുവരെ കാറോടിച്ചത് പോളായിരുന്നു. അദ്ദേഹത്തിന്‍െറ ഭാര്യയും മകന്‍ ദില്ലും മകള്‍ സൗമ്യയുമായി ഞാന്‍ ആന്‍റ് സര്‍പ്പിലത്തെിയപ്പോള്‍ അനുഭവിച്ചത് മറ്റൊരു അവിശ്വസനീയ യാഥാര്‍ഥ്യം. ഹിഷാമിന്‍െറ ഭാര്യ ആല്‍ഫ കൊച്ചിക്കാരിയാണ്. മാഞ്ഞൂരാന്‍ കുടുംബാംഗം അത് എന്‍െറ കൂട്ടുകാരന്‍ പോളിന്‍െറ അടുത്ത ബന്ധുവും. അങ്ങനെ ഞാനും പോളും സ്വന്തക്കാരുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.