ലോകമെങ്ങുമുള്ള മുസ്ലിംകള്‍ക്കൊപ്പം നമ്മുടെ നാടും റമദാന്‍ നോമ്പിലാണ്. ഇസ്ലാമിന്‍െറ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ നോമ്പാചരണം ദാരിദ്ര്യത്തെ അറിയുന്നതിനും സഹജീവിസ്നേഹവും ദൈവവിചാരവും പകരുന്നതിനുമത്രെ പരിശുദ്ധനായ പ്രവാചകന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്ന് നമ്മുടെ കേരളീയ പരിസരത്ത് നിന്നു ചിന്തിക്കുമ്പോള്‍ ദാരിദ്ര്യമെന്നത് ഒരു കേട്ടുകേള്‍വി മാത്രമാണ് പലര്‍ക്കും. സാമൂഹിക സാമ്പത്തിക മേഖലകളിലുണ്ടായ പരിവര്‍ത്തനങ്ങള്‍ സമൃദ്ധമായ ജീവിതസാഹചര്യങ്ങളാണ് ബഹുഭൂരിപക്ഷത്തിനും പ്രദാനം ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ദാരിദ്ര്യം മൂലം വേദനിക്കുന്ന പാവങ്ങളെ നാം കാണാതെയും അറിയാതെയും പോകുന്നു. അവരെ അറിയുവാനും സ്നേഹിക്കുവാനും ഹൃദയത്തില്‍ ദൈവം നല്കിയ കാരുണ്യവും സഹാനുഭൂതിയും കൊണ്ട് ദരിദ്രരെ കൈപിടിച്ചുയര്‍ത്താനുമുള്ള വലിയ ആഹ്വാനമാണ് ഓരോ റമദാനും നല്കുന്നത്.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് ത്യാഗപ്പെട്ട് എടുക്കുന്ന നോമ്പ് യഥാര്‍ത്ഥത്തില്‍ ഫലവത്താകുന്നത് ഒരു നേരത്തെ ഭക്ഷണമില്ലാതെ വിഷമിക്കുന്ന നമ്മുടെ തന്നെ സഹോദരങ്ങളെ സഹായിക്കുമ്പോഴാണെന്നത് നമുക്ക് മറക്കാതിരിക്കാം. സമ്പത്തില്‍ അടിസ്ഥാനമിട്ട് കുതിച്ചോടുന്ന ആധുനിക ലോകത്തിന്‍െറ ആഡംബരത്തിന്‍െറയും സുഖസൗകര്യങ്ങളുടെയും രാജപാതയ്ക്കരികെ നിശ്ചേഷ്ടരായി നില്ക്കുന്ന ദരിദ്രകോടികളെക്കുറിച്ച് ഈ നോമ്പുകാലത്തെങ്കിലും ഒരു നിമിഷം ചിന്തിക്കാന്‍ നമുക്ക് സാധിച്ചാല്‍, അത് തന്നെ വലിയ ധന്യതയാണ്. നോമ്പുകാലത്തുള്ള ഫിത്ര്‍ സകാത്തുകളിലും മറ്റ് ദാനധര്‍മ്മങ്ങളിലും വിശ്വാസപരമായ നിഷ്ഠയെക്കാളുപരി കാരുണ്യത്തിന്‍െറയും സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍്റെയും പൊന്‍ നാണയങ്ങള്‍ കൂടി ചേരുമ്പോള്‍ ഈ ലോകം തന്നെ നന്മകള്‍ നിറഞ്ഞ ഒരു വലിയ കുടുംബമായി മാറുമെന്ന് തീര്‍ച്ച. ഇസ്ലാമിക വിശ്വാസികള്‍ക്ക് മാത്രമല്ല, ഇതര വിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും മാനവസാഹോദര്യം വിളംബരം ചെയ്തുകൊണ്ട് റമദാന്‍ നല്കുന്ന കാരുണ്യത്തിന്‍െറ സന്ദേശം വളരെ വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.