സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ഒരു വെറും സ്ത്രീ അല്ല. സ്നേഹവും ആര്‍ദ്രതയും കരുണയും മനസ്സില്‍ പേറുന്നവള്‍ എന്നാല്‍ ആരുമറിയാതെ സ്വകാര്യമായി പകയും വിദ്വേഷവും ക്രൂരതയും അടക്കുന്നവള്‍. അവള്‍ പ്രകൃതി തന്നെയാകുന്നു. സത്യം അതാണ് യാതൊന്നിനെ മനപൂര്‍വ്വമായി നശിപ്പിക്കുവാനൊരുങ്ങുന്നുവോ അത് അതിന്‍്റേതായ ഒരു സമയമാകുമ്പോള്‍, അല്ളെങ്കില്‍ അങ്ങനെയൊരു സന്ദര്‍ഭം ഒത്തുവരുമ്പോള്‍ പ്രതികരിക്കുമെന്ന പ്രകൃതി നിയമം അനുശാസിക്കുന്നു. ചരിത്രം അങ്ങനെയാണു നമുക്ക് വിവരിച്ചിട്ടുള്ളതും. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ഒരു വെറും നോവലല്ല. അത് തമിഴ് ഈഴത്തിന്‍്റെ ജീവിതമാകുന്നു. കാലവും ദേശവും അതിന്‍്റെ ചരിത്രവിശകലനവുമായി മലയാള നോവല്‍ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നു. ടി.ഡി രാമകൃഷ്ണന്‍്റെ മറ്റേത് നോവലിനേക്കാളും ലോകനെറുകയില്‍ വയ്ക്കാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ശ്രീലങ്കയുടെ ചരിത്രം പറയുമ്പോള്‍ അത് പഴയ തിരുവിതാം കൂറിന്‍്റെയും ആയ് രാജ്യത്തിന്‍്റെയും ചേരരാജ്യത്തിന്‍്റെയുമൊക്കെ ആയി മാറി ആധുനികജീവിതമായി പരിണമിക്കുന്ന ഒരസാദ്ധ്യശൈലി പ്രകടമാക്കുന്ന ഒരു നോവല്‍. മനുഷ്യന്‍്റെ മനസ്സ് സകലചരിത്രത്തെയും ഇല്ലാതാക്കുന്നു. ചവിട്ടിമെതിക്കുവാനുള്ള മണ്ണ് മാത്രമായി പെണ്ണിനെ കാണുന്ന പൗരാണികസ്വഭാവം തന്നെ ഇന്നും പുരുഷനെന്ന ജീവി പിന്‍ തുടരുന്നു. എന്നാല്‍ അവളിലും പ്രതികരിക്കാനറിയുന്ന ഒരു മനസ്സുണ്ടെന്നും അത് സര്‍വ്വതിനെയും ഒരുനോട്ടത്തില്‍ മനസ്സിലാളുന്ന അഗ്നിയാല്‍ ഭസ്മമാക്കിയ ഒരു ജീവനാവാന്‍ കഴിയുമെന്നും വ്യക്തമാക്കുന്നു.
പീറ്റര്‍ ജീവാനന്ദമെന്ന എഴുത്തുകാരന്‍്റെ ഒരു പദ്ധതി, സിനിമയെഴുതുക എന്നത്, ഒരു വലിയ സ്വപ്നമാകുന്നു. പണ്ട് വേലുപിള്ള പ്രഭാകരനുണ്ടായിരുന്ന കാലത്ത് സ്വാതന്ത്ര്യപോരാട്ടത്തിന്‍്റെ ജീവിതം സിനിമയാക്കാന്‍ ശ്രമിച്ച് പൊലിഞ്ഞ ഒരു ചരിത്രമുണ്ട്. എന്നാല്‍ വിടുതലൈ പോരാട്ടത്തെ പുറത്ത് നിന്നും കാണുന്ന കാഴ്ചയല്ലാതെ ഉള്ളില്‍ നിന്നറിഞ്ഞ് നീങ്ങുന്ന ഒരു കര്‍മം, തമിഴ് സിനിമയില്‍ ഉപരിപ്ളവമായി നിര്‍മ്മിച്ച സിനിമകഥകളില്‍ നിന്നും വേറിട്ടത്. ആ സിനിമയുടെ അകം ഒരു നോവലിന്‍്റെ രൂപമാവുന്നത് അത്യപൂര്‍വ്വമായ കാവ്യകലയാകുന്നു. നിങ്ങള്‍ക്ക് ശ്രീലങ്കയെ അറിയുമെങ്കില്‍ ഒരു സ്വപ്നം വിശാലമായ ചിത്രമായി യാതാര്‍ഥ്യമാക്കും. രാമകൃഷ്ണന്‍്റെ വാക്കും വിവരണവും വായനക്കാരനെ കൂടെ കൂട്ടുന്നത് ദൃശ്യത്തിന്‍്റെ തെളിവോടെയാണ്. ആധുനികകാലത്തെ ഒരു ഹോളിവുഡ്ഡ് ചലച്ചിത്രത്തിന്‍്റെ ബ്രഹ്മാണ്ഡാവസ്ഥ ഈ നോവല്‍ വായനക്കാരനിലേക്ക് പകരുന്നു. ഈ നോവല്‍ വായിക്കുമ്പോള്‍ ഞാന്‍ പാരലല്‍ റീഡിംഗ് എന്ന ഒരു കൃത്യം നടത്തുവാന്‍ ശ്രമിച്ചു. അതെന്‍്റെ ആദ്യ വായനയ്ക്ക് ശേഷമായിരുന്നു. പുസ്തകം, അതിലെ വാക്കുകള്‍ കണ്ടത്തെലുകള്‍ക്കൊപ്പം ആധുനികമായി കിട്ടുന്ന വിവരസാങ്കേതികത്വത്തിന്‍്റെ വഴികളിലൂടെ ഒരു സഞ്ചാരം ഒപ്പം നടത്തുവാനുള്ള ശ്രമം. പക്ഷെ അതെന്‍്റെ വായനയെ കൂടുതല്‍ തെളിച്ചമുള്ളതാക്കുകയായിരുന്നു. എന്നാല്‍ അതാവശ്യമായ ഒരു കര്‍മമല്ല, വായനയുടെ ആനന്ദത്തെ അത് തടസ്സപ്പെടുത്തുന്നുമില്ല. ഞാനത് തിരിച്ചറിയുന്നത് പഠിക്കുവാന്‍ തീരുമാനിച്ചതുകൊണ്ടായിരുന്നു. ഏതൊരു വാക്കും അതിന്‍്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞാല്‍ അത് മനസ്സില്‍ ബലപ്പെടും. ആധുനികവായനയെ അങ്ങനെയൊരു വഴിയിലും പ്രാപ്തമാക്കാം എന്നതിന്‍്റെ പരീക്ഷണമായിരുന്നു അതെന്നില്‍ നടത്തിയത്. ഈ നോവലില്‍ ചരിത്രമുണ്ട്, ഐതിഹ്യമുണ്ട്, പഴം പൊരുളുകളും കാലത്തിന്‍്റെ ഗതിവിഗതികളുമുണ്ട്, നവീനകലയായ ചലച്ചിത്രമുണ്ട്, സംഗീതത്തിന്‍്റെ അടരുകളുണ്ട്, അത് ഏറ്റവും പഴയതില്‍ നിന്നുയര്‍ന്ന് പാശ്ചത്യപൗരസ്ത്യ ആശ്ചര്യപ്പെടുത്തലുകളുണ്ട്. പ്രതിരോധിക്കാനും പ്രതിഷേധിക്കാനും ഉപയോഗിക്കുന്ന അവസ്ഥകളുണ്ട്. വായനയുടെ വരമ്പുകളില്‍ നിന്ന് ഈ ഓരൊ അവസ്ഥയും പൂര്‍വ്വാധികം സ്വായത്തമാക്കുവാന്‍ അത് സഞ്ചരിച്ചിട്ടുണ്ടാവുന്ന പുസ്തകങ്ങളും സിനിമകളും വായിക്കുകയും കാണുകയും ചെയ്ത് കൂടുതല്‍ മിഴിവാര്‍ന്ന ഒരു വായനക്കുള്ള പരിശ്രമം, രാമകൃഷ്ണന്‍്റെ എഴുത്തിന്‍്റെ സര്‍വ്വചൈതന്യവും ഇത്തരത്തിലൊരു സമാന്തര വായനയില്‍ എനിക്കാവാഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പുതുവായനയുടെ സ്വഭാവത്തിന്‍്റെ രീതിയും സങ്കേതവും മാറുന്ന കാഴ്ചയാണത്. ആ രീതിയിലൊരു സാദ്ധ്യതയേകുന്ന അപൂര്‍വ്വം കൃതികളിലൊന്ന്. (അങ്ങനെയൊരു വായന വേണമോയെന്നത് ചര്‍ച്ചചെയ്യപ്പെടുന്നുവെങ്കിലും..)
ശ്രീലങ്കയിലുണ്ടായ രജനി തിരണഗാമ എന്ന സ്ത്രീ, ഈഴപ്പോരില്‍ ജീവന്‍ നഷടപ്പെട്ട യാഴ്പ്പാണത്തിന്‍്റെ വീരപുത്രികളില്‍ സുവര്‍ണ്ണലിപികളിലെഴുതേണ്ട പേര്. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ഇയക്കത്തിന്‍്റെയും ലങ്കന്‍ പട്ടാളത്തിന്‍്റെയും ഇന്ത്യന്‍ സമാധാനസേനയുടെയും ആയുധങ്ങള്‍ക്ക് നേരെ നിരായുധയായി അടരാടിയ ധീരവനിത. മരണമെന്ന വാക്ക് ധീരതയുടെ പര്യായമാറുന്ന കാഴ്ച. ഒരു ചലച്ചിത്രത്തിന്‍്റെ ദൃശ്യങ്ങളുടെ സൗന്ദര്യത്തോടെ വാക്കുകള്‍ സഞ്ചരിക്കുന്ന അസാദ്ധ്യമായ വിസ്മയം വിവരിക്കുന്നു ടി.ഡി.രാമകൃഷ്ണന്‍. രജനിയുടെ ജീവിതം സിനിമയാക്കുന്ന പദ്ധതിയിലൂടെ ആണ്ടാളിന്‍്റെ കഥ വിടരുന്നു. കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ പോലും അത്ഭുതങ്ങള്‍. രജനി തിരണഗാമയും സുഗന്ധിയും ആണ്ടാള്‍ ദേവനായകിയുമൊക്കെ ഒരു തുടര്‍ച്ചപോലെ ജീവിതത്തെ അടയാളമാക്കുന്നു. രജനിയെക്കുറിച്ചുള്ള സിനിമയുടെ കഥയില്‍ ഭൂതകാലത്തിന്‍്റെ തുടര്‍ച്ചയിലേക്കുള്ള തിരോധാനം. സായുധരായ ശത്രുവിനോട് നിരായുധരായി യുദ്ധം ചെയ്യുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍. യുദ്ധത്തില്‍ വ്യക്തിപരമായ പരാജയമേല്ക്കുകയും സമൂഹം വിജയിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍്റെയും ഗാന്ധിജിയുടെയും വഴിയില്‍ സഞ്ചരിച്ച രജനി തിരണഗാമയുടെ കഥയിലൂടെ ഈഴത്തിന്‍്റെയും ആധുനിക ലങ്കയുടെയും മറഞ്ഞ പൈതൃകത്തിന്‍്റെയും ആവിഷ്കാരം. മലയാളമെന്ന ഭാഷയ്ക്കപ്പുറമായിരുന്നുവെങ്കില്‍ ഈ നോവല്‍ നവസാഹിത്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന കൃതിയാകും. എന്നിട്ടും ഈ നോവല്‍ അതിന്‍്റെ രചനാതന്ത്രം കൊണ്ട് അനുവാചകരെ വായനയുടെ മായികലോകത്തിലേക്ക് നയിക്കുകതന്നെ ചെയ്യുന്നു.
രണ്ട് വാചകങ്ങള്‍ കൊണ്ട് ആധുനിക ലോകത്തെ അത്രമേല്‍ കൃത്യമായി വ്യക്തമാക്കുന്നു: നമ്മളിപ്പോഴും ഇരുണ്ട താഴ്വരയില്‍ കൂടിയാണ് നടക്കുന്നത്. മനുഷ്യത്വരാഹിത്യമാണെവിടെയും, ഇന്നത്തെ നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം കാര്യങ്ങള്‍ തുറന്ന്പറയുവാനും എതിര്‍ക്കുവാനുമുള്ള ഭയമാണ്. ഈ ഭയത്തിന്‍്റെ അടരുകള്‍ക്കുള്ളിലാണ് നോവല്‍ അതിന്‍്റെ വഴി തുറക്കുന്നത്. പ്രാചീനമായ ആയ് രാജവംശത്തിന്‍്റെ കളരിയില്‍ നിന്നും രാജസിംഹാസനത്തിലേക്ക് സ്വന്തം ശരീരം കൊണ്ടാളുകയും അത് നിലനിര്‍ത്താനായി അശ്രാന്തം പരിശ്രമിക്കുകയും പിന്നെ സകലതിനെയും വിഭ്രമിപ്പിച്ച് ഭൂമിയും ആകാശവും തന്നിലേക്കാവാഹിച്ച് പ്രപഞ്ചത്തില്‍ വിലയം പ്രാപിച്ച ദേവനായകിയുമൊക്കെ ചരിത്രത്തിനെ ആസ്പദമാക്കുന്നതിനപ്പുറം ഒരു കാലത്തിന്‍്റെ നേര്‍ക്കാഴ്ചതന്നെയാകുന്നുമുണ്ട്.
ലാല്‍റത്ത എന്ന പൂര്‍വ്വഭാരതത്തിലെ പ്രാചീനരാജ്യത്തെ സിംഹബാഹു എന്ന രാജാവിന്‍്റെ മകനായ വിജയ് എന്ന രാജകുമാരനെയും അയാളുടെ എഴുന്നൂറോളം അനുയായികളെയും കപ്പല്‍ കയറ്റി കര കടത്തിയപ്പോള്‍ അത് മറ്റൊരു കരയുടെ ചരിത്രമാകുകയായിരുന്നു. മുണ്ഢനം ചെയ്ത ശിരസ്സുമായി ആ സഘം തമ്പപന്നി എന്ന കരയടുക്കുന്നത് ശ്രീബുദ്ധന്‍ നിര്‍വ്വാണമടഞ്ഞ ദിനത്തിലായിരുന്നു. ബുദ്ധിസം ഒരു കരയുടെ മതമാവുകയായിരുന്നു. ഒരു പുതുവംശത്തിന്‍്റെ ആരംഭമായിരുന്നു. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്നും കംബോഡിയയില്‍ നിന്നുമായി ഒരു ജനത ശ്രീലങ്കയെന്ന നാഗദ്വീപ് ആളുകയും സിംഹളരെന്ന ഒരു വംശം ഉരുവാകുകയും ചെയ്യുന്നു. ചരിത്രമായ കടന്നുകയറ്റവും പിടിച്ചടക്കലുമായി വീണ്ടും കാലം അതിന്‍്റെ സഞ്ചാരം തുടരുന്നു. സ്വപ്നങ്ങളുടെ ശ്മശാനമെന്ന പാലിഭാഷയിലെഴുതിയ താളിയോലഗ്രന്ഥത്തിലെ ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ജീവിതത്തിന്‍്റെ കഥയില്‍ നിന്നും കണ്ടത്തെിയ ആണ്ടാള്‍ ദേവനായകിയും കാന്തള്ളൂര്‍ ശാല ഐതിഹ്യത്തിലും പൊന്മണി പാണനാരുടെ കാന്തള്ളൂര്‍ പാട്ടിലും പറയുന്ന ദേവനായകിയും ആധുനിക ചരിത്രത്തിലെ സുഗന്ധിയും ജീവിക്കുന്ന ജീവിതം ഒന്നുതന്നെയാകുന്ന ആവര്‍ത്തനപുസ്തകം. സര്‍വ്വതും മറന്ന് പലതരത്തിലുള്ള ജീവിതം ജീവിക്കുവാനാകുന്ന സ്ത്രീയുടെ കഥയാണത് പറയുന്നത്. എന്നാല്‍ ഒരു സ്ത്രീക്ക് എങ്ങിനെയാണ് വ്യത്യസ്ഥവും വേറിട്ടതുമായ ഒരു ജീവിതം ജീവിക്കുവാനാകുന്നതെന്ന് അത്ഭുതപ്പെടുകയും ചെയ്യുന്നു. ആ വിസ്മയത്തിനൊരുത്തരമേയുള്ളു. പെണൈ്ണരു പുഴയാണ്, എപ്പോഴും ഒഴുകുവാന്‍ കൊതിക്കുന്ന പുഴ. പൂര്‍വ്വകഥ, മിസ്റ്റിക്കും ഫാന്‍്റസിയുമായ ജീവിതകഥയെഴുതി ഒടുവില്‍ അതിന്‍്റെ തന്നെ ആഴത്തില്‍ വിശ്വസിച്ച് അവസാനം അതുതന്നെയായി മാറി, എഴുതിയകഥയുടെ തടവറയില്‍ ജീവിക്കുന്ന ഒരു മനസ്സുമായി ഒരാള്‍. ഭൂമിയില്‍ ഭൂരിപക്ഷവും സ്വാര്‍ത്ഥരായി മതത്തിന്‍്റെയും അധികാരത്തിന്‍്റെയും സ്ഥാനമാനങ്ങളുടെയും പിറകെ സഞ്ചരിച്ച് സമൂഹത്തില്‍ ഉന്നതരായി മാറുകയും അവരാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ദുര്‍ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടാനായി യുദ്ധം ചെയ്യുന്ന വ്യര്‍ത്തമായ കര്‍മ്മത്തെ മന്ദബുദ്ധികളുടെ സ്വപ്നമായി കരുതുന്ന ലോകകാഴ്ചയില്‍ തമിഴ് ഈഴത്തിന്‍്റെ ബലിധാനമായിരുന്നു യാഴ്പാണത്തിലെ യുദ്ധം. ഒരു പ്രതീക്ഷയുടെ അവസാനം. ഇത് വെറുമൊരു കഥയല്ലാതാവുന്നതും ആ സ്വപ്നം അപ്രത്യക്ഷമായതുകൊണ്ടാണ്. സ്വപ്നത്തിന്‍്റെ ആ യാഥാര്‍ത്ഥ്യം സാക്ഷാത്കരിക്കാന്‍ ടി.ഡി രാമകൃഷണനെന്ന എഴുത്തുകാരന് കഴിഞ്ഞത് ചരിത്രവും ജീവിതവും ഒന്നായി കണ്ട് അതിനു ഊടും പാവുമേകാനായതിലാണ്.
വംശഹത്യകളുടെ കിരാതാവസ്ഥ നിലനില്ക്കുന്ന ആധുനിക ലോകത്ത് ഐതിഹ്യങ്ങളും ചരിത്രവും അസാധാരണമായ ഭാവനസിദ്ധിയുമുപയോഗിച്ച് സമീപകാലത്തെ ശ്രീലങ്കന്‍ ജീവിതം രചിച്ച ഒരു കൃതി. മനുഷ്യന്‍ എന്നത് ഇല്ലാതാക്കാനുള്ള തന്‍്റെ ക്രൂരമായ വിനോധോപാധി മാത്രമാണെന്ന് ചിന്തിക്കുന്ന ഭരണവര്‍ഗ്ഗം. സകലതും സാമ്പത്തികമായി മാത്രം കാണുന്ന ഇടനിലക്കാര്‍. സഹജീവി എന്നതിനപ്പുറം ഹിംസിക്കുവാന്‍ മാത്രം ജനിച്ചത് എന്നു കരുതുന്ന പട്ടാളസേനകള്‍. ലോകം മുഴുവനും അങ്ങനെയാവുമ്പോല്‍ അഹിംസയുടെ സത്യം വിളിച്ചുപറഞ്ഞ ഒരു കര, അതിനെ ഭരിക്കുന്ന കിരാതവര്‍ഗ്ഗം അതിനെതിരായ സകലതിനെയും നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന കാഴ്ച അടയാളപ്പെടുത്തുന്ന പുസ്തകം. ഹിംസയെ ഹിംസകൊണ്ടല്ല സ്നേഹം കൊണ്ടാണ് നേരിടേണ്ടതെന്ന് ഗുരുവെന്നെ പഠിപ്പിച്ചു. സ്നേഹം മാത്രമെ സത്യമായിട്ടുള്ളു സ്നേഹത്തിലൂടെ മാത്രമെ മനുഷ്യജീവിതം ആനന്ദമയമാകുവാന്‍ കഴിയൂ. ഭഗവാന്‍ ബുദ്ധനെ പോലെ അശോക ചക്രവര്‍തിയെപ്പോലെ മഹീന്ദ രാജകുമാരനെപ്പോലെ നിങ്ങളും ഹിംസയില്‍ നിന്നും പിന്മാറുക. ഈ ലോകത്തിലെ സകല ചരാചരങ്ങളെയും സ്നേഹിക്കുവാന്‍ ശ്രമിക്കുക. സ്വപ്നങ്ങളുടെ ശ്മശാനമെന്നാല്‍ മോക്ഷമാണ്. ദു:ഖങ്ങള്‍ക്ക് കാരണമായ എല്ലാവിധ ആഗ്രഹങ്ങളും ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന അവസ്ഥ. സകല ക്രൂരതകളും ആദ്യം അനുഭവിക്കുന്നത് സ്ത്രീകളുടെ നേരെയാണ്. സകല വേദനകളും കുടിച്ചു തീര്‍ത്ത് ഭൂമിയേക്കാള്‍ താണുപോകുന്നത് സ്ത്രീകളാണ്. പുരാണ നായികപോലും യുദ്ധത്തിനുശേഷം വീണ്ടെടുക്കപ്പെട്ട് ഒടുവില്‍ സകല പരിഹാസവും കേട്ട് ഭൂമിയിലപ്രത്യക്ഷമായതും ആ കരയില്‍ നിന്നും മടങ്ങിയതിനുശേഷമാണ്. ചരിത്രത്തിന്‍്റെ വഴിയില്‍ കഥാസാഹിത്യത്തിന്‍്റെ വിശാലമായ ആനന്ദമനുഭവിപ്പിക്കുന്ന ഒരു മഹാകൃതി ഒരിക്കലും നശിക്കാത്ത വാക്കായി കാണുവാന്‍ കഴിയുന്ന ഭാഗ്യമാകുന്നു സുഗന്ധിയുടെയും ആണ്ടാളിന്‍്റെയും ജീവിതം പകര്‍ത്തുന്ന ടി ഡി രാമകൃഷ്ണന്‍്റെ പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.