കളിക്കളത്തിലെ പെണ്‍പെരുമ നിയന്ത്രണങ്ങള്‍ മറികടന്നപ്പോള്‍

കുടുംബത്തിന്‍െറ സല്‍പേരിന് കളങ്കമുണ്ടാകുമെന്നു കരുതി, പെണ്‍കുട്ടികളെ സ്പോര്‍ട്സില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്ന ഒരു കാലവും സമൂഹവും നമുക്കുണ്ടായിരുന്നു. ചില സമൂഹങ്ങളിലെങ്കിലും മതവിഭാഗങ്ങളിലും ഈ അവസ്ഥ അപൂര്‍വമായിട്ടെങ്കിലും നിലനില്‍ക്കുന്നുമുണ്ട്; ഇന്ത്യയിലെ ചിലയിടങ്ങളിലെങ്കിലും.


ഇതിനെക്കുറിച്ച് നിരവധി പഠന നിരീക്ഷണങ്ങളും ഗവേഷണങ്ങളും കായിക പഠന ഗവേഷണ മേഖലകളില്‍ നടന്നിട്ടുണ്ട്. ഇത് വെറുമൊരു സാമുദായിക പ്രശ്നമെന്നതിലേറെ ‘സാമൂഹിക’ പ്രശ്നമായിരുന്നുവെന്നാണ് ഈ നിരീക്ഷണങ്ങള്‍ ഒടുവില്‍ കണ്ടത്തെിയത്.
മതപരമായ ആചാരങ്ങളിലുള്ള തീവ്രമായ വിശ്വാസമായിരുന്നു പെണ്‍കുട്ടികളെ കായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്നതിനു മുഖ്യ കാരണം. ഇതേ തുടര്‍ന്ന് ലഭിച്ച വിവരങ്ങളും ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വഴി വെച്ച ഘടകമായി മാറി.
രക്ഷാകര്‍ത്താക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും ആണ്‍കുട്ടികള്‍ക്ക് ലഭിച്ചിരുന്ന പ്രചോദനമോ പ്രോത്സാഹനമോ പെണ്‍കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല. പരമ്പരാഗത ജീവിതശൈലിയും പാരമ്പര്യം അതേപടിയില്‍ തുടരുന്ന ഭാരതരീതികളും വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങളും പെണ്‍കുട്ടികളുടെ സ്പോര്‍ട്സ് പങ്കാളിത്തത്തെ പ്രതികൂലമായി ബാധിച്ചു. ഇതിനെക്കാളേറെ ആശങ്കാകുലമായി കണ്ടത്തെിയത്, കടുത്ത സാമ്പത്തിക അസമത്വങ്ങളും ഇന്ത്യയിലെ യാഥാസ്ഥിതിക ഗ്രാമീണ ജീവിത ശൈലിയില്‍, പാരമ്പര്യ സ്പോര്‍ട്സിനു പോലും വേണ്ടിയിരുന്ന അവശ്യ സൗകര്യങ്ങള്‍ നിലവില്ലായിരുന്നു എന്നതായിരുന്നു. ഒന്നുകൂടി വിശദീകരിക്കുകയാണെങ്കില്‍ ഇന്ന് ആവശ്യത്തിനു വേണ്ട ശൗചാലയങ്ങള്‍പോലുമില്ലാത്ത ഒരു സമൂഹത്തില്‍ കളിക്കളങ്ങള്‍ കണ്ടത്തെുക ദുഷ്കരമായിരുന്നു. അതുകൊണ്ട് താല്‍പര്യമുണ്ടായിരുന്നവര്‍ക്കുപോലും അവസരങ്ങള്‍ നിഷേധിക്കപ്പെട്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഇതോടൊപ്പം തന്നെ, പ്രാദേശിക ഭരണ സംവിധാനമായ പഞ്ചായത്തുകള്‍പോലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി പരിശീലനത്തിനും മത്സരങ്ങള്‍ക്കും ഇടമുണ്ടാക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിരുന്നു. ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യമാണ് ‘ചടങ്ങുകളായിട്ടെങ്കിലും’ ആഘോഷിച്ചിരുന്ന ഗ്രാമതല കായിക മത്സരങ്ങളില്‍ നിറഞ്ഞാടിയിരുന്ന അഴിമതി. ഒരിക്കലും ഇതിനായി മാറ്റിവെച്ചിരുന്ന പദ്ധതി വിഹിതങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തിയിരുന്നില്ല. മറിച്ച് അതൊക്കെ ചെലവഴിച്ചതായി രേഖകളുമുണ്ടാക്കിയിരുന്നു. ഇതു ഒരു വശം മാത്രമേ ആകുന്നുള്ളൂ.

ഇന്ത്യയില്‍ ആദ്യനാളുകളില്‍ വനിതാവിഭാഗം സ്പോര്‍ട്സ് നിലനിന്നിരുന്നത് സമൂഹത്തിലെ അതിസമ്പന്ന വിഭാഗത്തിലും  താഴെ തട്ടില്‍ ഉണ്ടായിരുന്നവരിലുമായിരുന്നു. അതായത് പണച്ചെലവുള്ള പരിശീലന സൗകര്യങ്ങള്‍ ആവശ്യമുള്ള ടെന്നിസിലും പഞ്ചനക്ഷത്ര സംവിധാനമുള്ള നീന്തല്‍, ക്രിക്കറ്റ് എന്നിവയിലുമായിരുന്നു ആദ്യനാളുകളില്‍ വനിതാ സാന്നിധ്യം- പിന്നെ പാവങ്ങളുടെ കായിക ഇനമായ അത്ലറ്റിക്സിലും.
1992ല്‍ എന്‍െറ അടുത്ത കൂട്ടുകാരനായ ഡോ. വി.കെ. ദബാസുമായി  ചേര്‍ന്ന്, എന്‍െറ ഗവേഷണത്തിന്‍െറ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കുന്നതിനായി, ഒരു മാസത്തോളം ഞാന്‍ ഉത്തരേന്ത്യന്‍ സര്‍വകലാശാലകളില്‍ ‘ഡാറ്റാ’ കലക്ഷന്‍ നടത്തിയിരുന്നു. അന്നു പോലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലെ, സ്പോര്‍ട്സില്‍ വനിതാ സാന്നിധ്യം തീരെ കുറവുമായിരുന്നു. തുടര്‍ന്നാണ് ആദ്യം വ്യക്തമാക്കിയ കാര്യങ്ങള്‍ മനസ്സിലാക്കാനായത്. എന്നാല്‍ കേരളം, പഞ്ചാബ്, കര്‍ണാടക, ഒരു പരിധി വരെ തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യാസവും ആശ്വാസകരമായിരുന്നു. ഇവിടത്തെ സാമൂഹിക രാഷ്ട്രീയ ജീവിത ശൈലികളിലെ അന്തരം തന്നെയായിരുന്നു പ്രകടമായ ഈ വേര്‍തിരിവിന് കാരണമായത്.
1970ലെ ബാങ്കോക് ഏഷ്യന്‍ ഗെയിംസില്‍ പഞ്ചാബുകാരിയായ കമല്‍ജിത് സന്ധു നേടിയ 400 മീറ്റര്‍ ഓട്ടത്തിലെ സ്വര്‍ണമെഡല്‍ വിജയമായിരുന്നു ഇന്ത്യന്‍ വനിതാ സ്പോര്‍ട്സിന്‍െറ മാറ്റത്തിന് കാരണമായ ഘടകം. ഇന്ത്യയുടെ സാര്‍വദേശീയ മത്സരങ്ങളിലെ ആദ്യ സ്വര്‍ണമായിരുന്നു ഈ പഞ്ചാബുകാരിയുടെ വജയം. അതുതന്നെ സമൂഹത്തില്‍ ഏറ്റവും ഉന്നത പദവിയില്‍ ഉണ്ടായിരുന്ന ഭാരത സൈന്യത്തിലെ ഒരു കേണലിന്‍െറ മകള്‍ എന്ന നിലയില്‍ ആയിരുന്നു അവര്‍ക്ക് ശാസ്ത്ര പരിശീലനത്തിന് വിദേശ രാജ്യങ്ങളില്‍ അവസരം ലഭിച്ചിരുന്നത്. ആ സ്വര്‍ണ മെഡലില്‍ ഒരുപാട് മഹത്വവുമുണ്ടായിരുന്നു. ഇന്ന് യൂറോപ്യന്‍ മത്സരങ്ങളില്‍ അണിനിരക്കുന്ന ഇസ്രായേലിന്‍െറ പ്രതിനിധിയെ പിന്തള്ളിയായിരുന്നു സന്ധുവിന്‍െറ വിജയം.

കേരളത്തിലെ വനിതാ സ്പോര്‍ട്സ് ചരിത്രം മറ്റൊരു കഥയാണ് വ്യക്തമാക്കുന്നത്. എഴുപതുകളില്‍തന്നെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയ പരിശീലനത്തില്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അവസരം ലഭിച്ചിരുന്നു. അതിന് കായിക രംഗം കടപ്പെട്ടിരിക്കുന്നത് ഇവിടത്തെ ക്രിസ്തീയ സഭയോടും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമായിരുന്നു. പാലായിലും ചങ്ങനാശ്ശേരിയിലുമായിരുന്നു ആദ്യകാല വനിതാ സ്പോര്‍ട്സില്‍ സംഘടിതമായ പരിശീലന സംവിധാനമുണ്ടായത്. രക്ഷാകര്‍ത്താക്കളുടെയും വിദ്യാലയ അധികൃതരുടെയും ഒത്താശയോടെ നിരവധി സാര്‍വദേശീയ താരങ്ങളെ അവര്‍ ഇന്ത്യന്‍ സ്പോര്‍ട്സിന് സമ്മാനിച്ചു. വി.എ. മേരിയും ആഗ്നസും ഫിലോമിനയും മോളി ചെറിയാനും സൂസന്‍ മേബ്ള്‍ തോമസുമൊക്കെ അത് ലറ്റിക്സിലും അന്ന് നാമക്കുഴിയില്‍ ജോര്‍ജ് വര്‍ഗീസ് എന്ന അധ്യാപകന്‍െറ സ്വന്തം പരിശ്രമത്തില്‍ നിലനിന്നിരുന്ന നാമക്കുഴി സിസ്റ്റേഴ്സ്  എന്ന പേരുണ്ടായിരുന്ന വോളിബാള്‍ കളിക്കാരുടെ സംഘവും കേരളത്തിലെ കായിക വികസനത്തിന്  പ്രചോദനമായി.
എഴുപതുകളുടെ മധ്യത്തില്‍ കേരളം ആരംഭിച്ച സ്പോര്‍ട്സ് സ്കൂളുകളും പ്രത്യേകിച്ച്  പെണ്‍കുട്ടികള്‍ക്ക് മാത്രമുണ്ടായ സ്പോര്‍ട്സ് ഡിവിഷനുകളും ഹോസ്റ്റലുകളും വനിതാ കായിക വികസന പ്രക്രിയക്ക് പ്രകടമായ വ്യതിയാനം വരുത്തിവെച്ചു. സ്പോര്‍ട്സ് തങ്ങളുടെ പെണ്‍മക്കള്‍ക്ക് ഇണങ്ങിയതല്ളെന്ന് ധരിച്ചിരുന്ന രക്ഷാകര്‍ത്താക്കള്‍ പോലും ആത്മവിശ്വാസത്തോടെ ആ രംഗത്തേക്ക് പെണ്‍മക്കളെ കൈപിടിച്ചാനയിച്ചു. കോഴിക്കോട് പൂവാട്ട് പറമ്പില്‍നിന്ന്, തുരുത്തിപ്പള്ളി മുഹമ്മദ് എന്നൊരാള്‍, അദ്ദേഹത്തിന്‍െറ ചെറിയ മകള്‍ ആമിനയെ എഴുപതുകളില്‍, പരിശീലനത്തിനു കൊണ്ടുവന്നിരുന്നതും ഒടുവില്‍ ആ ചെറിയ പെണ്‍കുട്ടി ഇന്‍റര്‍ യൂനിവേഴ്സിറ്റി മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയതും സ്പോര്‍ട്സ് ക്വോട്ടയില്‍ വൈദ്യവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയതും ഡോക്ടറായതും കേരള വനിതാ കായിക വികസന പദ്ധതികള്‍ സാധാരണക്കാരന്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നതിന് തെളിവാണ്.

ഇതൊക്കെയാണെങ്കിലും കേരളത്തിലെ സ്പോര്‍ട്സ് ഇന്ന് കാണുന്നവിധം അതിന്‍െറ സമ്പൂര്‍ണ വികസന വഴികളില്‍ ചെന്നത്തെിയതിനു കാരണം, പി.ടി. ഉഷ എന്ന പയ്യോളിയില്‍നിന്നുള്ള ആ ചെറിയ പെണ്‍കുട്ടിയുടെ അത് ലറ്റിക്സിലേക്കുള്ള കടന്നുവരവായിരുന്നു. ഉഷ നേടിയ ഓരോ സ്വര്‍ണ മെഡലും സര്‍വദേശീയ മെഡലുകളും ഇന്ത്യന്‍ കായിക ചരിത്ര പുരോഗതിയുടെ വഴിമരുന്നായി. അതുകണ്ട് പ്രചോദനമുള്‍ക്കൊണ്ട നൂറുകണക്കിന് മാതാപിതാക്കള്‍ ഇന്ത്യയില്‍ മൊത്തമായി തങ്ങളുടെ മക്കളെ ഈ വഴിയിലേക്കു തിരിച്ചുവിട്ടു.
ഇതുപോലെ സാധാരണക്കാരന് തങ്ങളുടെ പെണ്‍മക്കളെ കളിക്കളത്തിലത്തെിക്കാന്‍ ധൈര്യവും പ്രോത്സാഹനവും നല്‍കിയത് നമ്മുടെ സര്‍ക്കാറിന്‍െറ പ്രചോദനപരമായ കായിക വികസന പദ്ധതികളും പ്രോത്സാഹനങ്ങളുമായിരുന്നു. കായിക താരങ്ങള്‍ക്ക്, അവരുടെ നേട്ടത്തിനനുസരിച്ച് ലഭിച്ചുതുടങ്ങിയ ഗ്രേസ് മാര്‍ക്കുകളും പ്രഫഷനല്‍ വിദ്യാഭ്യാസത്തില്‍ ലഭിച്ച സംവരണവും പിന്നെ, മാന്യമായ തൊഴിലവസര സാധ്യതകളും ഒരു കാലത്ത് പെണ്‍കുട്ടികളുടെ സ്പോര്‍ട്സിനെ സംശയത്തോടെ നോക്കിക്കണ്ടിരുന്നവരുടെ വിശ്വാസ്യത നേടിയെടുത്തു.
ഷൈനി വിത്സന്‍െറ ഒളിമ്പിക്സിലെ സെമിഫൈനല്‍ പ്രവേശവും ഉഷയുടെ മുടിനാരിഴയുടെ വ്യത്യാസത്തിലുള്ള മെഡല്‍ നഷ്ടവും വത്സമ്മയുടെ ഏഷ്യന്‍ ഗെയിംസിലെ അവിശ്വസനീയ പ്രകടനങ്ങളും വനിതാ വോളിബാള്‍ ടീമുകളുടെ ജൈത്രയാത്രയുമൊക്കെ കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ തന്നെ വനിതാ സ്പോര്‍ട്സിന്‍െറ ഗതിമാറ്റിമറിച്ചു.
ഇന്ന് സമ്പന്നന്‍െറയും സാധാരണക്കാരന്‍െറയും കായിക ഇനങ്ങളെന്ന വ്യത്യാസമില്ലാതെ ടെന്നിസില്‍ സാനിയ മിര്‍സയും സ്ക്വാഷില്‍ ദീപിക പള്ളിക്കലും ബാഡ്മിന്‍റണില്‍ സൈന നെഹ്വാളും ബോക്സിങ്ങില്‍ മേരികോമും അമ്പെയ്ത്തില്‍ ദീപിക കുമാരിയും ചെസില്‍ താനിയാ സച്ദേവും ഗോള്‍ഫില്‍ ശര്‍മിള നിക്കോലറ്റും പിന്നെ അത്ലറ്റിക്സില്‍ നമ്മുടെ മലയാളി പെരുമയുമായി പെണ്‍താരങ്ങള്‍ ലോകം കീഴടക്കി മുന്നേറുമ്പോള്‍, പഴയ കാലത്തെ ദുരന്താവസ്ഥ നമുക്ക് അസ്വാസ്ഥ്യജനകമായ ഓര്‍മയായിട്ടവശേഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.