മനസാക്ഷിയെ തൊട്ടുണര്‍ത്തട്ടെ ആ ചിത്രം

40 വര്‍ഷം മുമ്പ് തീപിടിച്ച നഗ്ന ശരീരവുമായി ഫാന്‍ കിം ഫൂക് എന്ന ഒമ്പതു വയസുകാരി ഓടിക്കയറിയത് ചരിത്രത്തിലേക്കായിരുന്നു. വിയറ്റ്നാം യുദ്ധത്തിനിടെ തെക്കന്‍ വിയറ്റ്നാം വ്യോമസേനയുടെ നാപാം ബോംബ് ആക്രണത്തില്‍നിന്നു രക്ഷപ്പെട്ടോടുന്ന ആ ബാലികയുടെ ചിത്രം തുടര്‍ന്നിങ്ങോട്ട് എല്ലാ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെയും മുഖച്ചിത്രമായി മാറുന്നത് നാം കണ്ടു. ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ നിക് ഉട്ടിനു പുലിറ്റ്സര്‍ പുരസ്കാരം ലഭിക്കുകയുണ്ടായി.

മരവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ മനസാക്ഷിക്കു മുന്നില്‍ ചോദ്യചിഹ്നങ്ങളായി ഇങ്ങനെ ചില കാഴ്ചകള്‍ ഇടക്കു പ്രത്യക്ഷപ്പെടും. നമുക്കു ചുറ്റും നടക്കുന്ന, നാം നിരന്തരം കണ്ടും കേട്ടും കൊണ്ടിരിക്കു യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മുടെ ബോധം പതിയുന്നത് അപ്പോഴായിരിക്കും. അയ് ലന്‍ കുര്‍ദി അത്തരത്തിലൊരു ഓര്‍മ്മപ്പെടുത്തലാണ്. സിറിയയില്‍നിന്നു പലായനം ചെയ്യുതിനിടെ ബോട്ടു മുങ്ങി മരിച്ച് തുര്‍ക്കി കടല്‍ത്തീരത്തടിഞ്ഞ ഈ മൂന്നു വയസുകാരന്‍റെ ചിത്രം ലോക മനസാക്ഷിയെ മുഴുവന്‍ പിടിച്ചുലക്കാന്‍ കാരണമായിരിക്കുന്നു.

പൈതൃകത്താലും സംസ്കാരത്താലും സമ്പന്നമാണു സിറിയ. പക്ഷേ നാലു വര്‍ഷമായി ഈ രാജ്യത്തിനു ശാന്തിയില്ല. അറബ് വസന്തം എന്ന പേരില്‍ അറബ് രാജ്യങ്ങളില്‍ ആഞ്ഞടിച്ച ജനകീയ വിപ്ളവം സിറിയയിലേക്കും പടരുകയായിരുന്നു. അലാവി ഷിയാ വിഭാഗത്തില്‍പ്പെട്ട പ്രസിഡന്‍റ് ബഷാര്‍ അല്‍ അസാദിന്‍റെ ഭരണകൂടം ജനാധിപത്യ പരിഷ്കരണത്തിനു തയാറാകണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയ പ്രക്ഷോഭം അവസാനിക്കാത്ത ആഭ്യന്തര യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. മതത്തിനുള്ളിലെ സംഘര്‍ഷങ്ങളും തീവ്രവാദവും മറ്റു രാജ്യങ്ങളുടെ ഇടപെടലുമെല്ലാം സിറിയന്‍ പ്രശ്നത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഭക്ഷണവും ഇന്ധനവുമില്ലാതെ കണ്ണീരിലും ദാരിദ്ര്യത്തിലും ജീവിക്കുന്ന ഒരു ജനതയാണ് ഇന്ന് സിറിയയില്‍ അവശേഷിക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷമാണെന്നാണ് കണക്ക്. പിറന്ന മണ്ണുപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്ത സിറിയക്കാരുടെ എണ്ണം നാല്പതു ലക്ഷമാണ്. തുര്‍ക്കി, ലബനന്‍, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണു പ്രധാനമായും ആളുകള്‍ ഓടിരക്ഷപ്പെടുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം കാംക്ഷിച്ച് കുറച്ചുപേര്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കടക്കാനും ശ്രമിക്കുന്നു.

സിറിയയിലെ കുര്‍ദിഷ് ബാര്‍ബറായ അബ്ദുള്ള കുര്‍ദിയും കുടുംബും നല്ളൊരു ജീവിതം സ്വപ്നം കണ്ടാണ് കാനഡയിലേക്കു യാത്ര തിരിച്ചത്. പക്ഷേ, അവര്‍ സഞ്ചരിച്ചിരുന്ന ചെറിയ വള്ളത്തിന് മെഡിറ്ററേനിയനിലെ കടല്‍ക്ഷോഭത്തെ അതിജീവിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഭാര്യ റിഹാനും അഞ്ചു വയസുള്ള മകന്‍ ഗാലിബും അയ് ലനും തന്‍റെ കയ്യില്‍നിന്നും മരണത്തിലേക്കു വഴുതിവീഴുന്നത് നിസ്സഹായനായി ആ പിതാവിനു അനുഭവിക്കേണ്ടിവന്നു.
 

നീലൂഫര്‍ ഡെമിര്‍ എന്ന ടര്‍ക്കിഷ് വനിതാ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അയ് ലന്‍റെ മൃതദേഹത്തിന്‍റെ ചിത്രം ലോകത്തിലെ എല്ലാവിധ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയും വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു. ലോകത്തെമ്പാടുമുള്ള ആറു കോടി അഭയാര്‍ഥികളുടെ പ്രശ്നങ്ങളാണ് ഇന്ന് മനുഷ്യമനസാക്ഷിക്കുമുന്നിലേക്ക് ഉയര്‍ന്നുവന്നിരിക്കുന്നത്.  
സിറിയക്കു പുറമെ ഇറാഖ്, ലിബിയ, സൊമാലിയ, എറിത്രിയ, സുഡാന്‍, സെനഗല്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും വളരെയധികം ആളുകള്‍ പലായനം ചെയ്യുന്നുണ്ട്. കുടിയേറ്റത്തിനായി മനുഷ്യക്കള്ളക്കടത്തുകാരെയാണ് ഇവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത്. അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ടുകള്‍ യൂറോപ്യന്‍ തീരത്ത് മുങ്ങുന്ന വാര്‍ത്തകള്‍ പലപ്പോഴായി പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 

അയ്ലന്‍റെ ചിത്രം വന്ന ശേഷം ഉണ്ടായ പ്രധാന മാറ്റം പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ അഭയാര്‍ഥി വിരുദ്ധ മനോഭാവം ഉപേക്ഷിക്കാന്‍ തയാറാകുന്നു എതാണ്. അതുമാത്രം പോര, അഭ്യന്തരയുദ്ധം, തീവ്രവാദ സംഘടനകളുടെ തേര്‍വാഴ്ച, വംശീയ കലാപങ്ങള്‍, ദാരിദ്ര്യം തുടങ്ങിയവ മൂന്നാം ലോക രാജ്യങ്ങളില്‍നിന്നു തുടച്ചുനീക്കാന്‍ ലോക നേതാക്കളുടെ ഭാഗത്തുനിന്ന് കൂടുതല്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ലോകം ആവശ്യപ്പെടുന്നത് സമാധാനവും കരുണയുമാണെന്ന തിരിച്ചറിവ് ലോക നേതാക്കള്‍ക്കുണ്ടാകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.