ദേശീയ, സംസ്ഥാന, തദ്ദേശതെരഞ്ഞെടുപ്പുകളിൽ ഇപ്പോൾ രാജ്യത്ത് അൽപമെങ്കിലും മുന്നേറ്റം നടത്തുന്ന ഏകകക്ഷി ബി.ജെ.പിയാണ്. തെരഞ്ഞെടുപ്പ് കമീഷെൻറ ഉദാരസമീപനം മൂലം ആറു കക്ഷികൾക്ക് ദേശീയകക്ഷികൾ എന്നഭിമാനിക്കാൻ കഴിയുന്നുണ്ടെങ്കിലും യഥാർഥത്തിൽ ആ വിശേഷണം അർഹിക്കുന്ന ഒരു കക്ഷി ഇല്ല. കോൺഗ്രസിന് ആ പദവി നഷ്‌ടപ്പെട്ടു. ബി.ജെ.പിക്ക് അത് പൂർണമായി നേടാനായിട്ടില്ല.
കേന്ദ്രത്തിൽ ബി.ജെ.പി അധികാരം നേടിയ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകളും സീറ്റുകളും 2019ൽ കോൺഗ്രസിന് കിട്ടി. എന്നാൽ, ബി.ജെ.പി ഉണ്ടാക്കിയ ചെറിയ നേട്ടത്തെ മാധ്യമങ്ങൾ വലിയ മുന്നേറ്റമായി ചിത്രീകരിക്കുകയും അതിെൻറ ഫലമായി കോൺഗ്രസിെൻറ പോക്ക് കീഴോട്ടാണെന്ന ധാരണ പരക്കുകയും ചെയ്തു.
പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചു. അതുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് പുതിയ ഇടങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ കഴിഞ്ഞു. കോൺഗ്രസിെൻറ പോക്കാകട്ടെ, കീഴ്പോട്ടുതന്നെ. ചിലയിടങ്ങളിൽ പ്രാദേശികകക്ഷികൾക്ക് ബി.ജെ.പി മുന്നേറ്റത്തെ ഒരളവുവരെ തടയാൻ കഴിഞ്ഞു. മറ്റു ചിലയിടങ്ങളിൽ പ്രാദേശികകക്ഷികൾ അതിനെ വളർത്തുന്നുമുണ്ട്.
ഇക്കൊല്ലത്തെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജനതാദൾ (യുനൈറ്റഡ്) സഖ്യത്തെ നേരിടാൻ സംസ്ഥാനത്തെ പ്രബല പ്രതിപക്ഷകക്ഷിയായ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ഒരു ശ്രമം നടത്തി. കാലിത്തീറ്റ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവിെൻറ മകൻ തേജസ്വിയുടെ നേതൃത്വത്തിൽ ബി.ജെ.പി സഖ്യത്തെ നേരിട്ട മഹാസഖ്യത്തിന് അധികാരത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് തടയാനായില്ല.
എന്നാൽ, നരേന്ദ്ര മോദിയുടെ ദേശീയ രംഗപ്രവേശത്തെ തുടർന്ന് വർഗീയവത്‌കരിക്കപ്പെട്ട ഹിന്ദി മേഖലയിൽ അതിനെ തടയാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. കോൺഗ്രസും സി.പി.ഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), സി.പി.ഐ, സി.പി.എം എന്നീ കക്ഷികളും മഹാസഖ്യത്തിൽ ഉൾപ്പെട്ടിരുന്നു. ആർ.ജെ.ഡി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സി.പി.ഐ (എം.എൽ) സീറ്റുനില മെച്ചപ്പെടുത്തി. മുൻ സഭയിൽ പ്രാതിനിധ്യമില്ലാതിരുന്ന സി.പി.ഐയും സി.പി.എമ്മും ഈരണ്ട് സീറ്റുകൾ നേടി. കോൺഗ്രസിനു മാത്രമാണ് നഷ്‌ടം സംഭവിച്ചത്.
കോൺഗ്രസിെൻറ ദയനീയപ്രകടനം അത് മൃതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നു കാണിക്കുന്നു. നേതൃശൂന്യത പരിഹരിക്കുകയും സംഘടന അടിമുടി ജനാധിപത്യപരമായി അഴിച്ചുപണിയുകയും ചെയ്താലല്ലാതെ അതിനു ഭാവിയുണ്ടാകില്ല. മുഖ്യധാരാ കമ്യൂണിസ്റ്റ്പാർട്ടികളെപ്പോലെ അവശേഷിക്കുന്നതുകൊണ്ട് തൃപ്തിപ്പെടാനാണോ ഗാന്ധിയുടെയും നെഹ്റുവിെൻറയും പാർട്ടിയും വിധിക്കപ്പെട്ടിരിക്കുന്നത്?
ഇന്ത്യ 2020ഓടെ വലിയ സാമ്പത്തികശക്തിയാകുമെന്ന് കാൽനൂറ്റാണ്ട് മുമ്പ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. വികസനപ്രക്രിയ നന്നായി മുന്നോട്ടുപോകുമ്പോഴാണ് മോദി വന്നത്. അദ്ദേഹത്തിെൻറ കീഴിൽ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തി. ആവശ്യമായ ഗൃഹപാഠം കൂടാതെ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്കുസേവന നികുതി തുടങ്ങിയ പദ്ധതികൾ വിതച്ച നാശത്തിൽനിന്ന് കരകയറാനാകും മുമ്പ് വന്ന മഹാമാരി സ്ഥിതി കൂടുതൽ വഷളാക്കി. കാർഷികപരിഷ്കരണത്തിെൻറ പേരിൽ കൃഷിയുടെ മേലുള്ള നിയന്ത്രണവും വ്യവസായികളെ ഏൽപിക്കാനുള്ള മോദിയുടെ ശ്രമത്തിനെതിരെ രാജ്യത്തെ കർഷകർ സമരത്തിലാണ്. സമ്പദ്വ്യവസ്ഥയെ ഈ അപകടകരമായ അവസ്ഥയിൽനിന്ന് എങ്ങനെ രക്ഷിക്കാമെന്ന് ആലോചിച്ചുതുടങ്ങേണ്ട സമയമായി.
പൗരത്വ നിയമ ഭേദഗതിയിലൂടെ മോദി സർക്കാർ ജനങ്ങളെ മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിച്ചുകഴിഞ്ഞു. അതിനെതിരായ സമരം വ്യാപിച്ചുകൊണ്ടിരുന്നപ്പോഴാണ് മഹാമാരി വന്നത്. അത് നിയന്ത്രണവിധേയമാക്കുമ്പോൾ സമരം തിരിച്ചുവരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജനരോഷത്തിനു കാരണമായ സർക്കാർനടപടികൾക്ക് നേതൃത്വം നൽകുന്നത് രാഷ്ട്രീയകക്ഷികളല്ല, വളരെ വിരളമായോ ഒരുപക്ഷേ, ആദ്യമായോ പ്രക്ഷോഭപരിപാടികളുടെ ഭാഗമാകുന്ന സ്ത്രീകളും പുരുഷന്മാരുമാണ്. അവരുടെ വരവ് സൂചിപ്പിക്കുന്നത് ഈ വിഷയങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യാനുള്ള കഴിവ് രാഷ്ട്രീയകക്ഷികൾക്കുണ്ടെന്ന വിശ്വാസം ജനങ്ങൾക്കില്ലെന്നാണ്.
മോദിയുടെ വികല നയപരിപാടികൾ ശിഥിലീകരിച്ച സമൂഹത്തെയും രാജ്യത്തെയും ഐക്യപ്പെടുത്തുകയാണ് ഇപ്പോൾ ഇന്ത്യയുടെ ഭദ്രത ആഗ്രഹിക്കുന്നവരുടെ കടമ. ഈ ചുമതല ഏൽപിക്കാവുന്ന ഒരു രാഷ്ട്രീയ കക്ഷിയുമില്ല. പൊതുസമൂഹം ഏറ്റെടുക്കേണ്ട പരിപാടിയാണിത്. കക്ഷിരാഷ്ട്രീയത്തിനു പുറത്തുള്ള, അധികാരത്തിൽ കണ്ണില്ലാത്ത, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വാസമുള്ള ജനങ്ങൾ അണിനിരക്കുന്ന ഒരു ദേശീയ അനുരഞ്ജന പ്രസ്ഥാനമാണ് ഇന്നത്തെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.