കോഴിക്കോട്: നിരവധി കവർച്ചക്കേസുകളിൽ പ്രതിയായ യുവാവിനെ വാഹനമോഷണക്കേസിൽ അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂർ കീഴ്മഠത്തിൽ മീത്തൽ മുഹമ്മദ് തായിഫിനെയാണ് (19) ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഡിസംബർ മൂന്നിന് പുലർച്ചെ കുറ്റിയിൽ താഴത്തുള്ള വീട്ടിൽ നിർത്തിയിട്ട ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും സംഘവും ചേർന്ന് കവർന്നത്.
പൊക്കുന്ന് സ്വദേശിയായ അക്ഷയും ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസും നേരത്തേ പിടിയിലായിരുന്നു. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് തായിഫ് ഒളിവിൽ പോവുകയായിരുന്നു. ജില്ലയിൽ തിരച്ചിൽ ഊർജിതമാക്കിയതിനെത്തുടർന്ന് പ്രതി അയൽ ജില്ലകളിൽ രഹസ്യമായി താമസിക്കുകയായിരുന്നു.
കോഴിക്കോട് സിറ്റിയിൽ ഇടക്കിടെ വരാറുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് പാളയം മാർക്കറ്റ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനിടെയാണ് അറസ്റ്റിലായത്.
ക്ഷേത്ര കവർച്ചകളുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തായിഫ്. കസബ സബ് ഇൻസ്പെക്ടർ എം.കെ. റസാഖ്, സീനിയർ സി.പി. രജീഷ് അന്നശ്ശേരി, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.