വെള്ളിമാട്കുന്ന്: കോടതിയിൽ നിന്ന് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മറ്റ് മൂന്നു കേസുകൾ കൂടി. ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴം കോണാട്ട് ഇ. അഭിനന്ദിനെ(21) ചോദ്യം ചെയ്തപ്പോഴാണ് 20ഓളം കേസുകളിൽ പ്രതിയായ അഭിനന്ദിന്റെ മറ്റ് പുതിയ മൂന്നു കേസുകൾക്കു കൂടി തുമ്പായത്. തൊണ്ടയാട് ആഴാംതൃക്കോവിൽ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് 15,000 രൂപ മോഷ്ടിച്ചത്, കൊയിലാണ്ടിയിലെ സൂപ്പർ മാർക്കറ്റിലെ മോഷണം, പന്തലായനി ചൂരൽക്കാവ് ക്ഷേത്ര കവർച്ച എന്നീ കേസുകൾക്ക് കൂടി തുമ്പായെന്ന് ചേവായൂർ പൊലീസ് പറഞ്ഞു.
വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഇയാൾക്കെതിരെ കേസുള്ളത്. ചേവരമ്പലം അരുളപ്പാട് ദേവീക്ഷേത്രത്തിൽ ആഗസ്റ്റ് അഞ്ചിന് മോഷണം നടത്തിയതിന് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങാൻ ചൊവ്വാഴ്ച കോടതിയിലെത്തിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനായി കൈവിലങ്ങ് ഊരിയപ്പോൾ പൊലീസുകാരനെ ആക്രമിച്ച് അഭിനന്ദ് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്തുടർന്ന് കീഴടക്കി.
ചേവായൂർ പൊലീസ് ഇൻസ്പെക്ടർ എസ്. സജീവൻ, എസ്.ഐ സജി മാണിയാടത്ത്, എസ്.സി.പി. ഒ റഷീദ്, ഹോം ഗാർഡ് സുനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ലഹരിമരുന്നു മരുന്ന് ഉപയോഗവും വിൽപനയും പ്രതി നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.